ലുലുമാളിൽ ഓണാഘോഷത്തിന് തുടക്കമായി

Posted on: August 19, 2015

Lulu-Mall-Onam-2015-Bigകൊച്ചി : ഇടപ്പള്ളി ലുലുമാളിൽ പത്തുദിവസത്തെ വിപുലമായ ഓണാഘോഷത്തിന് തുടക്കമായി. ഇക്കൊല്ലത്തെ ഓണം അറ്റ് ലുലു ഓരോ ദിവസവും വ്യത്യസ്തമായ വിനോദ-മത്സര പരിപാടികളാൽ നിറപ്പകിട്ടാർന്നതാകും. ഓഗസ്റ്റ് 20 ന് വ്യാഴാഴ്ച മലയാളി മങ്ക മത്സരം, പൂക്കള മത്സരം, പായസ മത്സരം എന്നിവയുണ്ടാകും.

പഞ്ചവാദ്യ ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് ലുലുവിൽ ഓണാഘോഷം കൊടിയേറിയത്. തൃശൂർ കഥകളി സ്‌കൂൾ അവതരിപ്പിച്ച ഫ്യൂഷൻ കലാരൂപം കേരളീയവും അരങ്ങേറി. വരും ദിവസങ്ങളിൽ പുലികളി, കുമ്മാട്ടി, തെയ്യം, മോഹിനിയാട്ടം, കഥകളി, തിരുവാതിര, കളരിപ്പയറ്റ് എന്നിവ ലുലുമാളിൽ അരങ്ങേറും. ഓണം വരെ എല്ലാ ദിവസവും മാവേലിയുടെ സാന്നിധ്യത്തിലാകും ആഘോഷം. ചിരിച്ചും ചിന്തിപ്പിച്ചും ചാക്യാരുമുണ്ടാകും.

ഓഗസ്റ്റ് 21 മുതൽ 30 വരെ രാവിലെ 10 മുതൽ രാത്രി 8 വരെ ലുലു മാളിൽ ഓലമെടയൽ മത്സരമുണ്ടാകും. 24 ന് വടംവലി, 25 ന് പകിട, 27 ന് മണിയടി, 28 ന് ഓണം പ്രശ്‌നോത്തരി എന്നീ മത്സരങ്ങളുണ്ടാകും. ഓലമെടയൽ ഒഴികെയുള്ള മറ്റു മത്സരങ്ങളെല്ലാം വൈകുന്നേരം നാലു മുതൽ 8 വരെയാണ്.

ചലചിത്രതാരം ഊർമിള ഉണ്ണി ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ. ബി. സ്വരാജ്, മാരിയറ്റ് ഹോട്ടൽ ജനറൽ മാനേജർ വിനീത് മിശ്ര, ലുലുമാൾ സെക്യൂരിറ്റി മാനേജർ കെ. സദാശിവൻ, അസിസ്റ്റന്റ് മാനേജർ ഒ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.