ടൂറിസം വ്യവസായം പ്രതിസന്ധിയിലെന്ന് എ എ സി എച്ച് കെ

Posted on: August 12, 2015

AACHK-Logo-Big

കൊച്ചി : കേരളത്തിലെ ടൂറിസം വ്യവസായം കടുത്ത പ്രതിസന്ധിയിലെന്ന് അപ്രൂവ്ഡ് ആൻഡ് ക്ലാസിഫൈഡ് ഹോട്ടൽസ് അസോസിയേഷൻ. സംസ്ഥാനത്തെ ടൂറിസം മേഖല വളർച്ചയുടെ പാതയിലാണെന്ന പ്രചാരണം തെറ്റിധാരണ മൂലമാണെന്ന് അസോസിയേഷൻ ഓഫ് അപ്രൂവ്ഡ് ആൻഡ് ക്ലാസിഫൈഡ് ഹോട്ടൽസ് ഓഫ് കേരള (എ എ സി എച്ച് കെ) വാർഷിക ജനറൽ ബോഡി യോഗം വിലയിരുത്തി. ടൂറിസം വ്യവസായത്തെ സാമ്പത്തികമായി തകർക്കുന്നതാണ് സർക്കാരിന്റെ മദ്യനയമെന്ന് യോഗം കുറ്റപ്പെടുത്തി.

പ്രധാന ടൂർ ഓപ്പറേറ്റർമാർ കേരളത്തെ അവഗണിച്ച് രാജസ്ഥാൻ, ഗോവ, ശ്രീലങ്ക തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ശ്രദ്ധയൂന്നുന്നു. ആഭ്യന്തര വിനോദ സഞ്ചാരികളും, എക്‌സിബിഷൻ, കോൺഫറൻസ് സംഘാടകരും കേരളത്തിന് പകരം മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ആശ്രയിച്ച് തുടങ്ങിയത് ടൂറിസം വ്യവസായത്തെ സാമ്പത്തികമായി തകർക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയിലും ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും റോഡ് വികസനത്തിലെ പിന്നോക്കാവസ്ഥയും സംസ്ഥാനത്തെ ടൂറിസം വ്യവസായം നേരിടുന്ന കടുത്ത വെല്ലുവിളികളാണ്.

സർക്കാർ അടിയന്തരമായി ഇക്കാര്യങ്ങൾ പരിഹരിച്ചില്ലങ്കിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനവും തൊഴിലവസരങ്ങളും നഷ്ടമാകും. കുറഞ്ഞ മലിനീകരണവും ഏറ്റവും കുറച്ച് ഊർജവും മാത്രം ആവശ്യമായ ഏക മേഖലയാണ് ടൂറിസം. മികച്ച വരുമാനവും മികച്ച വിദേശ നാണ്യ വിനിമയവും കൂടുതൽ തൊഴിലവസരങ്ങളും സാധ്യമായ മേഖല കൂടിയാണിതെന്ന് സർക്കാർ ഓർക്കണമെന്ന് എ എ സി എച്ച് കെ പ്രസിഡന്റ് ആർ. ഗോപിനാഥൻ പറഞ്ഞു.