ആഗോള ടൂറിസം നഗരങ്ങളുടെ പട്ടികയിൽ കൊച്ചി

Posted on: August 11, 2015

WTCF--Declaration-Big

കൊച്ചി : ലോകത്തെ മുൻനിര വിനോദസഞ്ചാര നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ആദ്യ നഗരമായി കൊച്ചി ഇടം നേടി. ബെയ്ജിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ടൂറിസം സിറ്റീസ് ഫെഡറേഷൻ (ഡബ്ല്യൂടിസിഎഫ്) കൗൺസിലിലാണ് കൊച്ചിക്ക് അംഗത്വം ലഭിച്ചത്. സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് കൊച്ചിയുടെ ഡബ്ല്യുടിസിഎഫ് അംഗത്വത്തിന് അംഗീകാരം നൽകിയ രേഖകൾ മേയർ ടോണി ചമ്മിണി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലേ യുചെങ്ങിന് കൈമാറി.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ജിജി തോംസൺ, ടൂറിസം സെക്രട്ടറി ജി കമലവർദ്ധന റാവു, ഡയറക്ടർ പി. ഐ. ഷെയ്ക് പരീത്, ഐടി-വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച് കുര്യൻ, മുൻ സെക്രട്ടറി ടി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ആയോധനകല, ക്യുസീൻ, സർപ്പരൂപങ്ങൾ, ഡ്രാഗൺ ബോട്ട് മത്സരം എന്നിവയിൽ സമാനതകളുള്ള കേരളവും ചൈനയും തമ്മിൽ സാംസ്‌കാരിക, കായിക, വിനോദസഞ്ചാര മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതകൾ കണ്ടെത്തേണ്ടതുണ്ടെന്ന് ചൈനീസ് സ്ഥാനപതി പറഞ്ഞു.

കൂടുതൽ ചൈനീസ് വിനോദസഞ്ചാരികളെ കേരളത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണയേകാമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇരുരാജ്യങ്ങളിലേയും ടൂർ ഓപ്പറേറ്റർമാരുടെ സംഗമം സംഘടിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വിനോദസഞ്ചാരമേഖലിൽ എന്റർടെയ്ൻമെന്റ് സിറ്റി, ഓഷനേറിയം ഉൾപ്പെടെയുള്ള പ്രോജക്ടുകളിൽ നിക്ഷേപം നടത്തുന്നതിന് ചൈനയ്ക്ക് താൽപര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ചൈനയിൽ നിന്ന് കേരളത്തിലേയ്ക്ക് ചാർട്ടേഡ് വിമാനം ഏർപ്പെടുത്തണമെന്ന കേരളത്തിന്റെ അഭ്യർത്ഥനയോട് അനുകൂല പ്രതീകരണം നടത്തി.

വിനോദസഞ്ചാര മേഖലയിലേതുൾപ്പെടെ കേരളത്തിലെ നിക്ഷേപ സാധ്യത മുൻ നിർത്തിയുള്ള വിശദമായ നിർദേശം സംസ്ഥാന സർക്കാർ ബെയ്ജിങിനയയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്താകമാനം 135 അംഗങ്ങളുള്ള ഡബ്ല്യുടിഎഫിൽ കൊച്ചിക്ക് ലഭിച്ച അംഗത്വം സംസ്ഥാന സർക്കാരിനും ടൂറിസം വകുപ്പിനും പുതിയ നാഴികക്കല്ലാണെന്ന് ജിജി തോംസൺ പറഞ്ഞു.

അംഗത്വത്തിലൂടെ സംസ്ഥാനത്തിന് വിദേശ ടൂറിസം വിപണികളിൽ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുമെന്ന് ജി കമലവർദ്ധന റാവു പറഞ്ഞു. ഈ ക്ഷണം കേരള ടൂറിസത്തിന് ലഭിച്ച ആദരവും ആഗോള ടൂറിസം മേഖലയിലേയ്ക്ക് എത്തിച്ചേരുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ദൗത്യങ്ങൾക്കുള്ള അംഗീകാരവുമാണെന്ന് ഷെയ്ക് പരീത് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ പ്രകൃതി ഭംഗി, ഹോട്ടൽ സൗകര്യങ്ങൾ, ഗതാഗത സംവിധാനങ്ങൾ എന്നിവ കണക്കിലെടുത്ത് ചൈനീസ് ഫിലിം പ്രൊഡക്ഷൻ കമ്പനികളെ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെക്കുന്നതിനുള്ള പിന്തുണയേകണമെന്ന് സംസ്ഥാന സർക്കാർ യുചെങ്ങിനോട് അഭ്യർത്ഥിച്ചു. കേരളത്തിൽ ചൈനീസ് ഭാഷ അറിയാവുന്ന ഗൈഡുകളുടെ അഭാവം പരിഹരിക്കുന്നതിന് ഇന്ത്യൻ ഗൈഡുകൾക്ക് ചൈനീസ് ഭാഷ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ സഹകരണം ആവശ്യമാണെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.

ലോകത്തിലെ വിവിധ ടൂറിസം നഗരങ്ങളുടേയും സ്ഥാപനങ്ങളുടേയും കൂട്ടായ്മയാണ് ലാഭരഹിത സർക്കാരേതിര സംഘടനയായ ഡബ്യുടിസിഎഫ്. വിനോദസഞ്ചാര നഗരങ്ങളെ ലക്ഷ്യമിട്ട് 2012 സെപ്റ്റംബർ 15 നാണ് പ്രഥമ അന്താരാഷ്ട്ര വിനോദസഞ്ചാര സ്ഥാപനമായ ഡബ്യുടിസിഎഫ് പ്രവർത്തനമാരംഭിച്ചത്.

ടൂറിസം മന്ത്രി എ. പി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്ന പ്രതിനിധി സംഘം അടുത്തിടെ ബെയ്ജിംഗ് ഇന്റർനാഷണൽ ടൂറിസം എക്‌സ്‌പോയിൽ (ബൈറ്റ്) പങ്കെടുത്തിരുന്നു. വിനോദസഞ്ചാരവകുപ്പ് ഷാങ്ഹായിൽ സംഘടിപ്പിച്ച റോഡ്‌ഷോയിൽ ചൈനീസ് ട്രാവൽ ആൻഡ് ടൂറിസം രംഗത്തുനിന്നും 70 പ്രതിനിധികളാണ് പങ്കെടുത്തത്. ജി കമല വർദ്ധന റാവുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഷാങ്ഹായിലുള്ള വിവിധ ടൂർ ഓപറേറ്റർമാരുമായും ട്രാവൽ ഏജന്റുമാരായും ചർച്ചകൾ നടത്തി.