ഇന്ത്യൻ ടൂറിസ്റ്റുകളെ വരവേൽക്കാൻ അബുദാബി ടൂറിസം അഥോറിട്ടി

Posted on: August 7, 2015

Sheikh-Zayed-Mosque-Abudhab

കൊച്ചി : ഇന്ത്യയിൽ നിന്നുള്ള സന്ദർശകരെ വരവേൽക്കാൻ അബുദാബി ഒരുങ്ങി. പ്രത്യേകിച്ച് കൊച്ചിയിൽ നിന്നുള്ള സന്ദർശകരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് അബുദാബി ടൂറിസം ആൻഡ് കൾച്ചറൽ അഥോറിട്ടി (ടി സി എ അബുദാബി) നടത്തുന്നത്. ഇത്തിഹാദ് എയർവേസ് എല്ലാ ദിവസവും കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകൾ സർവീസ് നടത്തുന്നുണ്ട്.

2015 ജനുവരി മുതൽ മെയ് വരെ ഇന്ത്യയിൽ നിന്നുള്ള 105,031 സന്ദർശകരാണ് അബുദാബിയിലെ ഹോട്ടലുകളിൽ അതിഥികളായെത്തിയത്. മുൻ വർഷത്തെതിനേക്കാൾ 17 ശതമാനം കൂടുതലാണിത്. 393,500 രാത്രികാല അതിഥികളാണ് ഇക്കാലയളവിൽ അബുദാബിയിൽ എത്തിയത്. ഇതാകട്ടെ മുൻ വർഷം ഇതേ കാലയളവിനേക്കാൾ 15 ശതമാനം കൂടുതലും.

കൊച്ചിയിൽ നിന്നുള്ള സഞ്ചാരികൾക്ക് അവിസ്മരണീയമായ ഒരു അവധിക്കാല അനുഭവവും വ്യത്യസ്തമാർന്ന ഷോപ്പിംഗ് അനുഭവവും അബുദാബി സമ്മാനിക്കുമെന്ന് ടി സി എ അബുദാബി ഇന്ത്യ മാനേജർ ബെജാൻ ദിൻഷ പറഞ്ഞു. സാഹസികവും, മഹത്തായ പാരമ്പര്യവും, സാംസ്‌കാരിക തനിമയും വിനോദവും കലർന്ന നവ്യാനുഭം സന്ദർശകർക്ക് അബുദാബി സമ്മാനിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സാഹസിക യാത്രക്കാർക്കും, മധുവിധു ആഘോഷങ്ങൾക്കും വിവാഹ ആഘോഷങ്ങൾക്കും ഒഴിവ് വേളകൾ ചെലവിടാനും ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാണ് അബുദാബിയെന്ന് ബെജാൻ ദിൻഷ പറഞ്ഞു.

ഷേയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, എമിറേറ്റ്‌സ് പാലസ് തുടങ്ങിയവ അബുദാബിയിൽ ആരെയും ആകർഷിക്കുന്ന ചരിത്ര സ്മാരകങ്ങളാണ്. സാദിയത് ഐലണ്ട് കൾച്ചറൽ ഡിസ്ട്രിക്ട് കലാസ്വാദകരെയും സാഹിത്യ പ്രേമികളെയും ആകർഷിക്കുന്നു. ഗോൾഫ്, ക്രൂയിസ്, ഡെസേർട്ട് സഫാരി, വൈൽഡ് ലൈഫ്, മറൈൻ സാഹസികം തുടങ്ങി ആഘോഷങ്ങൾക്കും വിജ്ഞാനത്തിനും വിനോദത്തിനുമുള്ള കേന്ദ്രമാണ് അബുദാബി.