ഏഷ്യയിലെ മികച്ച 25 അമ്യൂസ്‌മെന്റ് പാർക്കുകളുടെ ലിസ്റ്റിൽ വണ്ടർലാ

Posted on: July 21, 2015

Wonderla-Logo-Big

ബംഗലുരു : ഏഷ്യയിലെ ഏറ്റവും മികച്ച 25 അമ്യൂസ്‌മെന്റ് പാർക്കുകളുടെ ലിസ്റ്റിൽ വണ്ടർലായുടെ ബംഗലുരു, കൊച്ചി പാർക്കുകളും സ്ഥാനം പിടിച്ചു. ആഗോള ട്രാവൽ വെബ്‌സൈറ്റായ ട്രിപ് അഡൈ്വസറാണ് ലിസ്റ്റ് തയാറാക്കിയത്. ലിസ്റ്റിൽ വണ്ടർലാ ബംഗലുരു ഏഴാം സ്ഥാനവും വണ്ടർലാ കൊച്ചി ഒൻപതാം സ്ഥാനവും കരസ്ഥമാക്കി.

ഇന്ത്യയിൽ നിന്നുളള പാർക്കുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ബംഗലുരു വണ്ടർലാ നിലനിർത്തി. വണ്ടർലാ കൊച്ചി രണ്ടാം സ്ഥാനത്തുമുണ്ട്. വണ്ടർലായെ കൂടാതെ മുംബൈയിലെ ആഡ് ലാബ് ഇമാജിക്ക (18), ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി (21), മുംബൈയിലെ എസ്സൽ വേൾഡ് (23) എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് ഇന്ത്യൻ പാർക്കുകൾ. ട്രിപ് അഡൈ്വസറിന്റെ ഉപഭോക്താക്കളിൽ നിന്നുളള റിവ്യൂവിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.

ഏഷ്യയിലെ ഏറ്റവും മികച്ച അമ്യൂസ്‌മെന്റ് പാർക്കുകളുടെ പട്ടികയിൽ തങ്ങളുടെ ബംഗലുരു, കൊച്ചി അമ്യൂസ്‌മെന്റ് പാർക്കുകൾ ഇടം നേടിയതിൽ വണ്ടർലാ ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടർ അരുൺ ചിറ്റിലപ്പിളളി സന്തോഷം പ്രകടിപ്പിച്ചു. റൈഡുകളുടെ വൈവിധ്യതയും ശുചിത്വ സുരക്ഷാ സംവിധാനങ്ങളും മികച്ച പരിശീലനം നേടിയ വിദഗ്ധരായ ജീവനക്കാരുമാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. വണ്ടർലായുടെ ഹൈദരാബാദ് പാർക്ക് 2016-ൽ തുറക്കുമെന്നും അരുൺ ചിറ്റിലപ്പിളളി കൂട്ടിച്ചേർത്തു.