ലുലു കൊച്ചിൻ കൈറ്റ് ഫെസ്റ്റിവൽ

Posted on: June 15, 2015

Lulu-Kite-Fest-big-a

കൊച്ചി : രക്തദാനത്തിന്റെ സന്ദേശം നൽകി ഫോർട്ട്‌കൊച്ചി ബീച്ചിൽ ലുലു കൊച്ചിൻ കൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി. വൺ ഇന്ത്യാ കൈറ്റ് ടീമിന്റെ നേതൃത്വത്തിൽഇടപ്പിള്ളി ലുലുമാൾ, എറണാകുളം പ്രസ്‌ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ നടക്കുന്ന കൈറ്റ് ഫെസ്റ്റിവലിൽ ദുബായിൽ നിന്നും എത്തിയ കൂറ്റൻ സർക്കിൾ പട്ടമാണ് പറത്തിയത്.

ഡൊമനിക് പ്രസന്റേഷൻ എം.എൽ.എ. സർക്കിൾ പട്ടം പറത്തി കൈറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലുഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, എറണാകുളം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ. രവികുമാർ, വൺ ഇന്ത്യാ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം ആറു വരെയാണ് പരിപാടി. ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ജനകീയ പട്ടമായി തെരഞ്ഞെടുക്കപ്പെട്ട കൂറ്റൻ സർക്കിൾ പട്ടമാണ് കൈറ്റ് ഫെസ്റ്റിൽ അവതരിപ്പിച്ചത്.

രക്തദാന മുദ്രയുള്ള 300 എയർ ഹോളുകൾ ഉള്ളതാണ് ഈ ഇറ്റാലിയൻ പട്ടം. ലോകപട്ടം പറത്തൽ മത്സരങ്ങളിൽ ഇന്ത്യൻ ടീം ക്യാപ്റ്റനായ അബ്ദുള്ള മാളിയേക്കലാണ് സർക്കിൾ പട്ടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാരച്ചൂട്ട് മെറ്റീരിയൽഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന പട്ടത്തിന്റെ തൂക്കം 10 കിലോഗ്രാമാണ്. വായു നിറച്ചു കഴിയുമ്പോൾ 800 കിലോഗ്രാമോളം മർദ്ദവും 45 അടി വ്യാസവും ഉണ്ടാകും. കോഴിക്കോട്ടും മലപ്പുറത്തും ഈ തരത്തിൽപെട്ട പട്ടം നേരത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കൊച്ചിയിൽ ഇതാദ്യമാണ്.

കൈറ്റ് ഫെസ്റ്റിവലിൽ ഇന്ന് യുവതീ-യുവാക്കൾക്ക് പട്ടം പറത്തൽ പരിശീലനം നൽകും. പട്ടം പറത്തലിന്റെ ഭാഗമാകുന്നതിനും പട്ട നിർമ്മാണ പ്രക്രിയയിൽ പങ്കെടുക്കുന്നതിനും താത്പര്യമുള്ളവർ 9895043193 എന്ന നമ്പരിൽ ബന്ധപ്പെടണം.