ക്ലീൻ ഡസ്റ്റിനേഷൻ പദ്ധതിക്ക് തുടക്കമായി

Posted on: June 5, 2015

KTM-Clean-Desti-Launch-Big

കൊച്ചി : ടൂറിസം കേന്ദ്രങ്ങൾ സമ്പൂർണ ശുചിത്വ മേഖലയായി രൂപപ്പെടുത്താൻ കേരള ട്രാവൽ മാർട്ട് (കെ ടി എം), തദേശഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്ത പദ്ധതിയായ ക്ലീൻ ഡസ്റ്റിനേഷന് ഫോർട്ട്‌കൊച്ചിയിൽ തുടക്കമായി. കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പേർ ഫോർട്ട് കൊച്ചി ബീച്ചും പരിസരവും ശുചീകരിച്ചു.

കേരളത്തിലെ ടൂറിസം മേഖലകൾ സമ്പൂർണ ശുചിത്വ മേഖലകളാക്കി ആഗോള ടൂറിസത്തിന് റോൾ മോഡൽ ആക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം സെക്രട്ടറി കമലവർദ്ധന റാവു പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് ഡൊമിനിക് പ്രസന്റേഷൻ എം എൽ എ ചൂണ്ടിക്കാട്ടി. ഫോർട്ട് കൊച്ചിയെ ഗാർഡൻ സിറ്റി ആക്കുക എന്നതാണ് ലക്ഷ്യമെന്നു മേയർ പറഞ്ഞു.

ഫോർട്ട് കൊച്ചിയിൽ വാസ്‌കോഡഗാമ സ്‌ക്വയറിൽ ആരംഭിച്ച ക്ലീൻ ഡസ്റ്റിനേഷൻ പദ്ധതിക്ക് ജില്ലാ കളക്ടർ എം ജി രാജമാണിക്യം, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ജോണി എബ്രഹാം ജോർജ്, ദേശീയ ടൂറിസം ഉപദേശക കൗൺസിൽ അംഗം ജോസ് ഡോമിനിക്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി കെ അഷറഫ് തുടങ്ങിയവർ നേതൃത്വം നൽകി.