ഡൽഹി – ആഗ്ര സെമി ഹൈസ്പീഡ് ട്രെയിൻ

Posted on: June 1, 2015

Gatimaan-Express-Big

ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ആഗ്രയിലേക്കുള്ള സെമി ഹൈസ്പീഡ് ട്രെയിൻ ഈ മാസം പകുതിയോടെ സർവീസ് ആരംഭിച്ചേക്കും. രാജ്യത്ത് ആദ്യത്തെ ഹൈസ്പീഡ് ട്രെയിനിന്റെ ഉദ്ഘാടനം ജൂൺ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലുള്ള സർവീസിന് റെയിൽവേ സേഫ്ടി കമ്മീഷണറുടെ അനുമതി മാത്രമെ ലഭിക്കേണ്ടതുള്ളു.

ആഗ്രയിലേക്കുള്ള 200 കിലോമീറ്റർ ദൂരം ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ (105 മിനിട്ട്) പിന്നിടും. 5400 എച്ച് പി ശേഷിയുള്ള ഇലക്ട്രിക് ലോക്കോമോട്ടീവും 12 ആധുനിക കോച്ചുകളുമടങ്ങുന്നതാണ് സെമി ഹൈസ്പീഡ് ട്രെയിൻ. ശതാബ്ദി എക്‌സ്പ്രസിനേക്കാൾ 25 ശതമാനം അധികമായിരിക്കും ഗാട്ടിമാൻ എക്‌സ്പ്രസിലെ യാത്രാനിരക്ക്.

കാൺപൂർ – ഡൽഹി, ചണ്ഡിഗഡ് – ഡൽഹി, ഹൈദരാബാദ് – ചെന്നൈ, നാഗപൂർ – ബിലാസ്പൂർ, ഗോവ – മുംബൈ, നാഗപൂർ – സെക്കണ്ടറാബാദ് എന്നീ റൂട്ടുകളിലും സെമി ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ റെയിൽവേ ആലോചിക്കുന്നുണ്ട്.