ഐടിഡിസി 8 ഹോട്ടലുകൾ കൂടി വിൽക്കുന്നു

Posted on: May 25, 2015

ITDC-The-Ashok-big

ന്യൂഡൽഹി : ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ (ഐടിഡിസി) നഷ്ടത്തിൽ പ്രവർത്തിക്കുന്ന 8 ഹോട്ടലുകൾ കൂടി വിൽക്കുന്നു. അശോക ബ്രാൻഡിൽ 16 ഹോട്ടലുകളാണ് ഇപ്പോൾ ഐടിഡിസിക്കുള്ളത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾ കൈയൊഴിയാൻ തീരുമാനിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ്മ പറഞ്ഞു. തീരുമാനത്തിന് കാബിനറ്റിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. രണ്ടു മാസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ ആരംഭിക്കും.

ന്യഡൽഹിയിലെ ദ അശോക് മാത്രം 2014-15 ൽ 13 കോടി രൂപയുടെ നഷ്ടം വരുത്തിയിരുന്നു. മറ്റ് ഐടിഡിസി ഹോട്ടലുകൾ എല്ലാം കൂടി വരുത്തിയ നഷ്ടം 15 കോടി മാത്രമാണ്. എന്നാൽ വിൽക്കാനുള്ള ഹോട്ടലുകളുടെ പട്ടികയിൽ ദ അശോക് സ്ഥാനം പിടിച്ചിട്ടില്ല. ദ അശോക് ലാഭകരമാക്കാൻ ശ്രമിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

ഡൽഹിയിൽ മൂന്നും ജമ്മു, റാഞ്ചി, ഭുവനേശ്വവർ, പുരി, പാറ്റ്‌ന, ഭോപ്പാൽ, ഭരത്പൂർ, ജയ്പൂർ, ഗുവാഹട്ടി, പുതുച്ചേരി, മൈസൂർ, ഇറ്റാനഗർ എന്നിവിടങ്ങളിലാണ് ഐടിഡിസി ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ഐടിഡിസിക്ക് നേരത്തെയുണ്ടായിരുന്ന 34 ഹോട്ടലുകളിൽ 18 എണ്ണം വാജ്‌പേയി സർക്കാർ സ്വകാര്യമേഖലയ്ക്ക് കൈമാറിയിരുന്നു.