മൊബൈൽ ഹബ്

Posted on: January 5, 2015

Mobile-hub-Big

എവിടെ നോക്കിയാലും മൊബൈലാണ് താരം. ഓരോ ദിവസവും പുതിയ പുതിയ ബ്രാൻഡുകളും മോഡലുകളുമാണ് വിപണിയിൽ നിറയുന്നത്. സ്മാർട്ട്‌ഫോണുകളിലേക്കാണ് എല്ലാവരുടെയും നോട്ടം. ആപ്പിളും സാംസംഗും തമ്മിലാണ് പ്രധാന പോരാട്ടം. എച്ച് ടി സി, സോണി, എൽജി, പാനാസോണിക്, ലെനോവ, എയ്‌സർ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ബ്രാൻഡുകളുണ്ട് വിപണിയിൽ.

ഇ-കൊമേഴ്‌സ് പോർട്ടലുകളുടെ പ്രധാന വരുമാനം മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ വില്പനയാണ്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഫോണുകളിലേറയും വിദേശിയാണ്. പലരും ചൈനയിലും വിയറ്റ്‌നാമിലും ഉത്പാദിപ്പിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. മൈക്രോമാക്‌സും സാംസംഗും മാത്രമാണ് ഇന്ത്യയിൽ മൊബൈൽഫോൺ ഉത്പാദനം നടത്തുന്നത്. കയറ്റുമതി കുറഞ്ഞതോടെ നോകിയ ശ്രീപെരുമ്പത്തൂർ പ്ലാന്റ് കഴിഞ്ഞ നവംബറിൽ അടച്ചുപൂട്ടി.

ഹാൻഡ്‌സെറ്റ് കയറ്റുമതി രംഗത്ത് 2009 ൽ ഏഴാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം 2013 ൽ 14 ാംസ്ഥാനത്തായി. കയറ്റുമതി മൂല്യം 3.40 ബില്യൺ ഡോളറിൽ നിന്ന് 2.28 ബില്യൺ ഡോളറായി കുറഞ്ഞു.

മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ ഉത്പാദനം വർധിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്രഗവൺമെന്റ്. 2019 ൽ 50 കോടി ഹാൻഡ്‌സെറ്റുകളുടെ ഉത്പാദനം ഉറപ്പാക്കാൻ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ട്. ഇതു വഴി 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

കയറ്റുമതി 2014 ലെ മൂന്ന് കോടി യൂണിറ്റുകളിൽ നിന്ന് 2019 ൽ 12 കോടി യൂണിറ്റുകളായി വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.