സാംസംഗ് ഗാലക്‌സി നോട്ട് 9 ഇന്ത്യയില്‍

Posted on: August 30, 2018

ഗുരുഗ്രാം : സാംസംഗിന്റെ പുതിയ ശക്തമായ ഗാലക്‌സി നോട്ട് 9 ഇന്ത്യയില്‍ അവതരിപ്പിച്ചു. സാംസംഗ് ഇലക്‌ട്രോണിക്‌സ് ഐടി-മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം പ്രസിഡന്റും സിഇഒയുമായ ഡി.ജെ. കോ ആതിഥേയത്വം വഹിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത നോട്ട് അനുഭാവികള്‍ക്കു മുന്നില്‍ കോ ഗാലക്‌സി നോട്ട് 9ന്റെ ആദ്യ പതിപ്പ് അവതരിപ്പിച്ചു.

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ പാരമ്പര്യത്തില്‍പ്പെടുന്ന നോട്ട് 9 ല്‍ പെട്ടെന്ന് അവതരിപ്പിക്കാനും സെല്‍ഫി എടുക്കാനും സാധ്യമാകുന്ന പുതിയ റിമോട്ട് നിയന്ത്രണത്തിലുള്ള എസ് പെന്‍ എന്ന സവിശേഷതയുണ്ട്. സാംസംഗിന്റെ ഇന്റലിജന്റ് ക്യാമറ, പിസി പോലെ അനുഭവം, സാംസംഗ് ഡെക്‌സ്, എച്ച്ഡിഎംഐ കേബിള്‍ തുടങ്ങിയവയെല്ലാമുണ്ട്.

ഇന്ത്യയിലെ 70,000ത്തോളം വരുന്ന സാംസംഗ് ജീവനക്കാര്‍ക്ക് വേണ്ടി ഗാലക്‌സി നോട്ട് 9 അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും 1995ല്‍ രാജ്യത്തെത്തിയ സാംസംഗ് ഇന്ത്യയോടൊപ്പം വളരുകയായിരുന്നുവെന്നും ഇന്ത്യയുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയെന്നും ഡി.ജെ കോ പറഞ്ഞു.

കൂടുതല്‍ പ്രതീക്ഷിക്കുന്നവര്‍ക്കുള്ള ശക്തമായ ഉപകരണമാണ് ഗാലക്‌സി 9എന്നും ലാപ്‌ടോപ്പ്, മീഡിയ സ്ട്രീമിങ് ഉപകരണം, പവര്‍ ബാങ്ക്, എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവ്, ഗേയിമിംഗ് കണ്‍സോള്‍, ഡിഎസ്എല്‍ആര്‍ ക്യാമറ, സെല്‍ഫി സ്റ്റിക്ക് എന്നിവയുള്‍പ്പെട്ടതാണ് നോട്ട് 9 എന്ന് സാംസംഗ് ഇന്ത്യ മൊബൈല്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് അസിം വാര്‍സി പറഞ്ഞു.

നീണ്ട ബാറ്ററി ലൈഫ്, 128ജിബി അല്ലെങ്കില്‍ 512ജിബി യോടുകൂടിയ ഇന്റേണല്‍ സ്റ്റോറേജ് സ്റ്റോറേജ്, 10എന്‍എം പ്രോസസര്‍, മികച്ച ചിത്രങ്ങള്‍ നല്‍കുന്ന സീന്‍ ഒപ്റ്റിമൈസര്‍, ചിത്രങ്ങള്‍ എടുക്കുമ്പോള്‍ തന്നെ കുഴപ്പങ്ങള്‍ കണ്ടെത്തുന്ന ഫ്‌ളോ ഡിറ്റക്ഷന്‍, 6.4 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ആഗസ്റ്റ് 24 മുതല്‍ ഇന്ത്യയില്‍ ഗാലക്‌സി നോട്ട് 9 ലഭ്യമാകും. യഥാക്രമം 128ജിബി നോട്ട്9ന് 67,900 രൂപയും, 512ജിബി നോട്ട്9ന് 84,900 രൂപയുമാണ് വില.