ഈസി ഇന്ത്യ പുതിയ ആൾ ഇൻ വൺ സ്മാർട്ട് പോസ് (പിഒഎസ്) മെഷിൻ പുറത്തിറക്കി

Posted on: January 27, 2018

കൊച്ചി : പോസ് മെഷീൻ കമ്പനിയായ ഈസി ഇന്ത്യ പുതിയ ആൾ ഇൻ വൺ സ്മാർട്ട് പോസ് മെഷീൻ പുറത്തിറക്കി. ജി എസ് ടി നെറ്റ്വർക്കിൽ ഓട്ടോമാറ്റിക് ആയി ഇൻവോയിസ് അപ്ലോഡ് ആകുന്ന തരത്തിലാണ് മെഷീൻ രൂപകൽപന ചെയ്തിരിക്കുന്നത്. റീട്ടെയ്ൽ ബില്ലിംഗ് സംവിധാനം വേഗത്തിലാക്കുന്നതിനായി ഹൈ സ്പീഡ് പ്രോസസർ, മൂന്ന് ഇഞ്ച് രസീത് പ്രിന്റിംഗ്, ബാർകോഡ് ലേബൽ എന്നിവയിൽ അച്ചടിച്ച് വരാനുള്ള സംവിധാനം, വൈ ഫൈ, ബ്ലൂ ടൂത്ത്, ഈതെർനെറ്റ്, യു എസ് ബി സംവിധാനങ്ങളുള്ള പോസ് മെഷീൻ ആദ്യമായാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്നത്.

9 ഇഞ്ച് മുതൽ 15 ഇഞ്ച് വരെ വലിപ്പമുള്ള ബിൽറ്റ് ഇൻ ടച്ച് സ്‌ക്രീൻ അടങ്ങുന്നതാണ് പുതിയ പോസ് മെഷീൻ. കേന്ദ്ര സർക്കാരിൻറെ ജി എസ് ടി നെറ്റ്വർക്കുമായി ലിങ്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ വിൻഡോസ്, ആൻഡ്രോയിഡ്, ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ കഴിയും. റിമോട്ട് മാനേജിങ് സംവിധാനവും ഇതിലുണ്ട്. അതിരുകളില്ലാതെ കംപ്യൂട്ടിങ്ങും പ്രിന്റിങ്ങും നടത്താൻ കഴിയും വിധം ക്വാഡ് കോർ സി പി യു ആണ് ഇതിലുള്ളത്.

ഈസി ഇന്ത്യ 2015 ലാണ് ലോകത്തെ ഏറ്റവും വലിയ പോസ് പ്രിൻറർ ആൻഡ് സൊല്യൂഷൻ ഡിവൈസ് നിർമാതാക്കളായ തായ്വാനിലെ പിനാക്കിൾ ടെക്നോളജി കോർപറേഷനുമായി സഹകരിച്ച് ഇന്ത്യയിൽ ഉത്പന്നങ്ങൾ പുറത്തിറക്കാൻ ആരംഭിച്ചത്. രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡായി ഈസി പോസ് മാറി. ജി എസ് ടി നടപ്പാക്കിയതോടെ രാജ്യത്തെ പോസ് മെഷീനുകളുടെ വില്പനയിൽ വമ്പൻ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് ഈസി ഇന്ത്യ സിഇഒ ഡോ. വി. പി സജീവൻ പറഞ്ഞു. ഇപ്പോൾ പുറത്തിറക്കിയ ഈസി ആൾ ഇൻ വൺ പോസ് മെഷീൻ ഇന്ത്യയിൽ ആദ്യത്തേതാണെന്നും അദേഹം അവകാശപ്പെട്ടു.

എല്ലാ തരം ഉപഭോക്താക്കൾക്കും ആവശ്യമായ 15000 രൂപ മുതലുള്ള പോസ് മെഷീൻ ലഭ്യമാണെന്നും അദേഹം പറഞ്ഞു. ബാർകോഡ്, ലേബൽ പ്രിന്റിങ് മേഖലകളിലെ വളർന്ന് വരുന്ന സാധ്യതകൾ മുന്നിൽകണ്ട് ഹെവി ഡ്യൂട്ടി ലേബൽ പ്രിന്റിങ്ങിനായി പുതിയ രണ്ടു മോഡലുകൾ കൂടി പുറത്തിറക്കിയതായും സജീവൻ അറിയിച്ചു. കേരളത്തിൽ ഒരു ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഈസി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്. പതിന്നാല് ജില്ലകളിലും കമ്പനിക്ക് സുശക്തമായ സർവീസ് നെറ്റ്വർക്കുകൾ ഉണ്ട്.