999 രൂപയ്ക്ക് 4ജി സ്മാർട്ട്‌ഫോണുമായി വോഡഫോൺ – മൈക്രോമാക്‌സ് സഖ്യം

Posted on: October 24, 2017

കൊച്ചി : വോഡഫോണും മൊബൈൽ ബ്രാൻഡായ മൈക്രോമാക്‌സും ചേർന്ന് 999 രൂപയ്ക്കു ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 4ജി സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. വോഡഫോൺ സൂപ്പർനെറ്റ് 4ജി കണക്ഷനും ഫോണിനൊപ്പം ലഭ്യമാകും. മൈക്രോമാക്‌സ് ഭാരത്2 അൾട്ര എ പേരിലാണ് പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നത്. മികച്ച കാമറ, ബാറ്ററി, ഡിസ്‌പ്ലേ എന്നീ സൗകര്യങ്ങളെല്ലാമുള്ള സ്മാർട്ട്‌ഫോൺ നവംബർ മുതൽ ലഭ്യമാകും.

പുതിയ വോഡഫോൺ വരിക്കാർ മൈക്രോമാക്‌സ് ഭാരത്2 അൾട്ര സ്മാർട്ട്‌ഫോൺ 2,899 രൂപയ്ക്കു വാങ്ങണം. തുടർന്ന് 36 മാസത്തേക്ക് കുറഞ്ഞത് 150 രൂപയ്‌ക്കെങ്കിലും റീചാർജ് ചെയ്യണം (എത്ര രൂപയ്ക്കു വേണമെങ്കിലും റീചാർജ് ചെയ്യാം, എന്നാൽ മാസം മൊത്തം റീചാർജ് 150 രൂപയെങ്കിലും വേണം). 18 മാസം കഴിയുമ്പോൾ ഉപഭോക്താവിന് 900 രൂപ തിരികെ ലഭിക്കും, വീണ്ടും 18 മാസം കൂടി കഴിയുമ്പോൾ 1000 രൂപ കൂടി തിരികെ ലഭിക്കും. വോഡഫോൺ എം-പെസ വാലറ്റിലൂടെയായിരിക്കും പണം ലഭ്യമാകുക. ഈ തുക ഡിജിറ്റൽ ഇടപാടിലൂടെയോ പണമായി പിൻവലിക്കാം.

വോഡഫോണുമായുള്ള സഹകരണം കൂടുതൽ ഉപഭോക്താക്കളെ ഫീച്ചർ ഫോണിൽ നിന്നും സ്മാർട്ട്‌ഫോണിലേക്ക് മാറുന്നതിന് സഹായിക്കുമെന്ന് മൈക്രോമാക്‌സ് സഹ സ്ഥാപകൻ രാഹുൽ ശർമ പറഞ്ഞു.

വോഡഫോൺ സൂപ്പർനെറ്റ് 4ജി ഉപയോഗം വർധിപ്പിക്കുന്നതിന് പുതിയ ഫോൺ ഉപകരിക്കുമെന്ന് വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.