ഇന്ത്യ മൊബൈൽ കോൺഗ്രസ് സെപ്റ്റംബറിൽ ഡൽഹിയിൽ

Posted on: June 3, 2017

ന്യൂഡൽഹി : ഇന്ത്യ മൊബൈൽ കോൺഗ്രസ് 2017 (ഐഎംസി 2017) കേന്ദ്ര ടെലിക്കമ്മ്യൂണിക്കേഷൻ മന്ത്രി മനോജ് സിൻഹ പ്രഖ്യാപിച്ചു. സെപ്റ്റംബർ 27-29 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നടക്കുന്ന കോൺഗ്രസിൽ സർക്കാർ സമിതികൾ, ടെലികോം സേവന ദാതാക്കൾ, ഹാൻഡ്‌സെറ്റ് നിർമ്മാതാക്കൾ, ഇന്റർനെറ്റ് ഭീമന്മാർ, ഐഎസ്പികൾ, ആഗോള സാങ്കേതിക രംഗത്തെ പ്രമുഖർ, എഐ-വിആർ കമ്പനികൾ, മൊബിലിറ്റി രംഗത്തെ പ്രമുഖർ, ആക്കാദമിയ, സ്റ്റാർട്ട്-അപ്പുകൾ, ആപ്പ് പ്രൊവൈഡർമാർ തുടങ്ങിയവർ പങ്കെടുക്കും.

സിഒഎഐയും കെ ആൻഡ് ഡി കമ്മ്യൂണിക്കേഷനും ചേർന്ന് ലോകോത്തര പരിപാടി സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നതെന്നും കേന്ദ്ര സർക്കാരും ടെലികമ്മ്യൂണിക്കേഷൻ ഡിപാർട്ട്‌മെന്റും ചേർന്ന് സമ്മേളനം ബാർസിലോണയിലെ ലോക മൊബൈൽ കോൺഗ്രസ് പോലെ വാർഷിക പരിപാടിയാക്കി തുടരാനാണ് ആലോചിക്കുന്നതെന്നും സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ്. മാത്യൂസ് പറഞ്ഞു. ടെലികോ, ഇന്റർനെറ്റ്, മൊബിലിറ്റി എക്കോസിസ്റ്റം, ഐസിടി, ആപ്പ് ഡെവലപ്പേഴ്‌സ്, ഇന്നൊവേറ്റേഴ്‌സ്, സ്റ്റാർട്ടപ്പ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യത്തെ സമ്മേളനമാണ് ഐഎംസി 2017.

ടെലികോം വ്യവസായത്തിലെ ഏറ്റവും വലിയ സംഭവമായിരിക്കും ഇന്ത്യൻ മൊബൈൽ കോൺഗ്രസ് എന്നും വ്യവസായത്തിലെ പ്രമുഖരെ മുഴുവൻ സമ്മേളനത്തിലൂടെ ഒറ്റ വേദിയിലെത്തിക്കുമെന്നും കോൺഗ്രസിന്റെ പ്രഖ്യാപന വേളയിൽ സിൻഹ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.