ബ്ലോക്‌ചെയിൻ ടെക്‌നോളജിയിൽ ഐഐഐടിഎം-കെയുടെ ശിൽപശാല

Posted on: March 1, 2017

തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് – കേരള (ഐഐഐടിഎം-കെ) ബ്ലോക്‌ചെയിൻ ടെക്‌നോളജിയിൽ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. മാർച്ച് മൂന്ന് ടെക്‌നോപാർക്ക് പാർക്ക് സെന്ററിലെ ട്രാവൻകൂർ ഹാളിലാണ് ശിൽപശാല.

ഐബിഎം റിസർച്ച് ലാബ്‌സിലെ സീനിയർ റിസർച്ച് സയന്റിസ്റ്റ് ദിലീപ് കൃഷ്ണസ്വാമി, ബ്ലോക്‌ചെയിൻ എഡ്യുക്കേഷൻ നെറ്റ്‌വർക്കിന്റെ മൈക്കൽ ഗോർഡ്, സൈ-ഫൈ സഹസ്ഥാപകനും ബ്ലോക്‌ചെയിൻ സിസ്റ്റം ആർക്കിടെക്റ്റുമായ ഹർഷ് പൊഖർന്ന എന്നിവർ പ്രഭാഷണം നടത്തും. ശിൽപശാലയിൽ ഐഐഐടിഎം-കെയിലെ അസോസിയേറ്റ് പ്രഫസർ ഡോ. അഷ്‌റഫ് എസ്. അധ്യക്ഷനാകും. ബ്ലോക്‌ചെയിൻ രംഗത്തെ പുതിയ ആശയങ്ങളും വെല്ലുവിളികളും സംബന്ധിച്ച് പാനൽ ചർച്ചയും ഉണ്ടായിരിക്കും.

ഇന്റർനെറ്റിനുശേഷം വന്ന ഏറ്റവും നൂതന സാങ്കേതിക ആശയം എന്നാണ് ബ്ലോക്‌ചെയിൻ ടെക്‌നോളജിയെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. വിവരശൃംഖലയിൽ വിതരണം ചെയ്യപ്പെട്ടതും വികേന്ദ്രീകൃതവുമായ ഒരു ലെഡ്ജർ എന്ന ആശയത്തിൽ അധിഷ്ഠിതമാണ് ഈ സാങ്കേതികവിദ്യ. ശൃംഖലയിൽ നടന്ന എല്ലാ ഇടപാടുകളുടെയും ചരിത്രം ലെഡ്ജറിൽ ബ്ലോക്കുകളായി ശേഖരിച്ചു സൂക്ഷിക്കുകയും പിയർ-ടു-പിയർ വികേന്ദ്രീകൃത നെറ്റ്‌വർക്കിൽ ആകെ വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു. സാധുവായ കൈമാറ്റങ്ങൾ രേഖപ്പെടുത്തിയ ബ്ലോക്കുകൾ ശൃംഖലയുടെ ആരംഭംമുതൽ ഏറ്റവും ഒടുവിലത്തെ ബ്ലോക് വരെ ബന്ധിതമാകയാൽ അതിനെ ബ്ലോക്‌ചെയിൻ എന്നു വിളിക്കുന്നു.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി http://www.iiitmk.ac.in/blockchain എന്ന വെബ്‌പേജ് സന്ദർശിക്കുക.