സാംസംഗ് ഗാലക്‌സി ജെ ശ്രേണിയിൽ പുതിയ രണ്ടു 4ജി സ്മാർട്ട് ഫോണുകൾ

Posted on: February 2, 2017

കൊച്ചി : സാംസംഗ് ഗാലക്‌സി ജെ ശ്രേണിയിൽ ജെ2 എയ്‌സ്, ജെ1 4ജി എന്നീ രണ്ടു 4ജി സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറക്കി. മുൻ ക്യാമറയും ഫ്‌ളാഷ് ഫീച്ചറുകളുമുള്ള സാംസംഗിന്റെ സ്മാർട്ട് ഫോണാവും ഗാലക്‌സി ജി2 എയ്‌സ്. സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായി എത്തുന്ന താങ്ങാവുന്ന വിലയിലെ സ്മാർട്ട് ഫോണായിരിക്കും ഗാലക്‌സി ജെ1 4ജി.

ഇന്ത്യക്ക് അനുയോജ്യമായ സംവിധാനങ്ങളും മികച്ച ഗുണമേൻമയുമായി എത്തുന്ന ഏറ്റവും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്ന ജി പരമ്പര ഉപഭോകതാക്കളെ സംബന്ധിച്ച് ഏറ്റവും മികച്ച നേട്ടമാണു പ്രദാനം ചെയ്യുന്നതെന്ന് സാംസംഗ് ഇന്ത്യയുടെ മൊബൈൽ ബിസിനസ് വൈസ് പ്രസിഡന്റ് മനു ശർമ്മ ചൂണ്ടിക്കാട്ടി. പതിനായിരം രൂപയ്ക്ക് താഴെയുള്ള വിഭാഗത്തിൽ ഗാലക്‌സി ജെ2 എയ്‌സ്, ഗാലക്‌സി ജെ1 4ജി എന്നീ മോഡലുകൾ കൂട്ടിച്ചേർത്ത് തങ്ങൾ ഈ വിഭാഗം വികസിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എച്ച്.ഡി.വോയ്‌സ് കോളിങ്, എൽടിഇ എന്നിവ അടക്കം ഏറ്റവും മികച്ച 4ജി സംവിധാനങ്ങളാണ് പുതിയ ഫോണുകളിലുള്ളത്. രണ്ടു ഫോണുകളിലുമുള്ള അൾട്രാ ഡാറ്റാ സേവിംഗ് മോഡ് ഏറ്റവും മികച്ച 4ജി അനുഭവം പ്രദാനം ചെയ്യും. ജെ2 എയ്‌സിന് 5 ഇഞ്ച് സ്‌ക്രീനാണുള്ളത്. ടർബോ സ്പീഡ് സാങ്കേതികവിദ്യ ഇരട്ടി റാം ഉള്ളവയെക്കാൾ 40 ശതമാനം വേഗത്തിൽ ആപ്പുകൾ തുറക്കാൻ സഹായിക്കും. വ്യക്തിപരമായ വിവരങ്ങൾ സംരക്ഷിക്കുന്ന എസ് സെക്യൂർ സംവിധാനവും ഇതിലുണ്ട്.

കറുപ്പ്, സ്വർണം, വെള്ളി നിറങ്ങളിൽ ലഭ്യമാകുന്ന ഗാലക്‌സി ജെ2 എയ്‌സിന്റെ വില 8490 രൂപ. സ്വർണം, കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന ഗാലക്‌സി ജെ1 4ജി യുടെ വില 6890 രൂപ.