രുചിയുടെ ഉസ്താദ്

Posted on: January 6, 2015

 

USTHAD-Bineesh-Big

പഠിച്ചത് മൈക്രോബയോളജിയും ഹോസ്പിറ്റൽ മാനേജ്‌മെന്റും. ഇപ്പോൾ ചെയ്യുന്നത് ദുബായിൽ ഹോട്ടൽ ബിസിനസ്. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ മുഹമ്മദ് ബിനീഷിന്റെ കഥയാണിത്. ഒപ്പം ചുരുങ്ങിയ കാലത്തിനുള്ളിൽ ഹോട്ടൽ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ചെറുപ്പക്കാരന്റെ വിജയഗാഥയും.

കോഴിക്കോട് ഒളവണ്ണ ചെറിയക്കാട്ട് ബീരാൻകോയയുടെയും മുംതാസിന്റെയും മൂത്തമകനാണ് മുഹമ്മദ് ബിനീഷ്. മൈക്രോബയോളജിയിൽ ബിഎസ്‌സിയും ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ പോസ്റ്റ് ഗ്രാജ്വേഷനും കഴിഞ്ഞപ്പോഴാണ് ഗൾഫിലേക്ക് വിമാനം കയറുന്നത്. 2006 ൽ ഫാത്തിമ മെഡിക്കൽ ഗ്രൂപ്പിന്റെ ആശുപത്രിയിൽ ബിസിനസ് ഡവലപ്‌മെന്റ് മാനേജരായി ജോലിക്കു ചേർന്നു. രണ്ടു വർഷത്തിനു ശേഷം മറ്റൊരു മേഖലയിലേക്കു ജോലി മാറി.

ജോലിമാറ്റം തെളിച്ച വഴി

ഖിസൈസിലെ ഗാർഡൻ റെസ്‌റ്റോറന്റിൽ ജനറൽ മാനേജരായിട്ടായിരുന്നു അടുത്ത ഊഴം. പണ്ടേ ഇഷ്ടമുള്ള ഹോട്ടൽ മേഖലയിലെ എക്‌സ്പീരിയൻസിന് വേണ്ടിയായിരുന്നു ഈ ജോലിമാറ്റമെന്ന് ബിനീഷ് പറയുന്നു. അവിടെയും രണ്ടു വർഷം തുടർന്നു.

പിന്നെ സുഹൃത്തുക്കളുമായി ചേർന്ന് 2010 ൽ സ്വന്തമായി ചേർന്ന് ഹോട്ടൽ ആരംഭിച്ചു. ദേര ദുബായിൽ പ്ലാസ പാലസ് റെസ്റ്റോറന്റ് എന്ന പേരിൽ. മൂന്നു വർഷത്തിന് ശേഷം ഈ ഹോട്ടൽ വില്പന നടത്താൻ തീരുമാനിച്ചതോടെ സ്വന്തം ഹോട്ടൽ എന്ന സ്വപ്‌നത്തിലേക്ക് ബിനീഷ് അടുക്കുകയായിരുന്നു.

2013 ഏപ്രിൽ മുതൽ പുതിയ ഹോട്ടൽ തുടങ്ങാനുള്ള ഓട്ടത്തിലായിരുന്നു ഈ യുവാവ്. അവസാനം 2014 ജനുവരി ഒന്നിന് ആ സ്വപ്‌നം സാക്ഷാത്കരിച്ചു. ദുബായ് കരാമയിലായിരുന്നു ഉസ്താദ് ഹോട്ടൽ എന്ന ആദ്യ സംരംഭം. തുടർന്ന് ഒക്ടോബറിൽ അല്‌നാദയിലും ഉസ്താദ് ഹോട്ടലിന്റെ ശാഖ തുറന്നു.

പാഷൻ

ഭക്ഷണത്തോടുള്ള പാഷൻ ആണ് ഹോട്ടൽ ബിസിനസിലേക്ക് തിരിയാൻ കാരണമെന്ന് ബിനീഷ് പറഞ്ഞു. ഹോട്ടലിന്റെ പേരിന് പിന്നിൽ ഉസ്താദ് ഹോട്ടൽ എന്ന സിനിമ ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ട്. പല പേരുകളും രജിസ്‌ട്രേഷന് വേണ്ടി നൽകിയെങ്കിലും അവയൊന്നും ലഭ്യമല്ലായിരുന്നു. അവസാനം ഉസ്താദ് ഹോട്ടൽ എന്ന പേര് ലഭിച്ചു. ട്രേഡ്മാർക്കും എടുത്തു.

ഉസ്താദ് ഹോട്ടലിൽ ഉള്ളതുപോലെ ഞാനും ഭാര്യയും ചേർന്നാണ് ഇപ്പോൾ ഹോട്ടൽ നടത്തുന്നത്. സിനിമയിലെ ഒന്നും കോപ്പി ചെയ്തിട്ടില്ല. ഞങ്ങളുടെ തീമുമായി മുന്നോട്ട് പോകുന്നുവെന്ന് ബിനീഷ് പറഞ്ഞു. ബിനീഷിന്റെ ഭാര്യ ഷബാന കോഴിക്കോട് അരീക്കോട്‌ സ്വദേശിനിയാണ്. നാലു വയസുകാരൻ യെസ്ദാൻ അഹമ്മദാണ് ബിനീഷ് – ഷബാന ദമ്പതികളുടെ ഏക മകൻ.

USTHAD-family-Big

ബിനീഷിന്റെ പ്രിയപ്പെട്ട നിറങ്ങളായ നീലയും വെള്ളയുമാണ് ഹോട്ടലിൽ ഉപയോഗിച്ചിട്ടുള്ളത്. ഹോട്ടലിന്റെ പേര് എഴുതുന്നതിനും ഇതേ നിറങ്ങൾ തന്നെ. മറ്റ് ഹോട്ടലുകളിൽ നിന്നും വ്യത്യസ്തമായാണ് ഉസ്താദ് ഹോട്ടലിലെ മെനു തയാറാക്കിയിട്ടുള്ളത്. സാധാരണ നാം കാണുന്ന വിഭവങ്ങൾ ഇവിടെ ലഭിക്കില്ല. ഓരോ വിഭവങ്ങളിലും വ്യത്യസ്തമായ രുചി പകരാനാണ് ബിനീഷിന്റെ ശ്രമം. ഫ്യൂഷൻ ഡിഷുകളും ഇവിടെ ലഭ്യമാണ്.

ഭക്ഷണം ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിലും കാര്യമുണ്ടെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷ്യവിഭവങ്ങളുടെ പ്രസന്റേഷനും ഗാർണീഷിംഗും പഞ്ചനക്ഷത്ര ശൈലിയിലാണ്. സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ഈ ശൈലി ഉസ്താദ് ഹോട്ടൽ തുടങ്ങും വരെ ഇല്ലായിരുന്നുവെന്ന് ബിനീഷ് ചൂണ്ടിക്കാട്ടി. ഇറ്റാലിയൻ റെസ്‌റ്റോറന്റുകളിലും മറ്റും കണ്ടുവരുന്ന രീതി ഉസ്താദിലേക്കും കൊണ്ടുവരികയായിരുന്നു.

ഭക്ഷ്യമേളകൾ

ഭക്ഷ്യമേളകളാണ് ഉസ്താദ് ഹോട്ടലിന്റെ മറ്റൊരു പ്രത്യേകത. തീം അനുബന്ധമായി വിവിധ ഭക്ഷ്യമേളകളാണ് ഇവിടെ നടത്തിവരുന്നത്. മലബാറിന്റെ പുതിയാപ്ല വിഭവങ്ങളുമായി തക്കാരം, അച്ചായൻ ചേട്ടത്തി ആഘോഷമായി നസ്രാണി പെരുന്നാൾ ….. ഇങ്ങനെ നീളുന്നു ഭക്ഷ്യമേളകളുടെ വിശേഷം.

തക്കാരം ഫുഡ് ഫെസ്റ്റിൽ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് കോൽക്കളിയും ഒപ്പനയുമെല്ലാമായി. പുതിയാപ്ലയെയും പുതുപ്പെണ്ണിനെയും സ്വീകരിക്കുന്ന പോലെ ആനയിച്ച് ഇരുത്തി വിഭവങ്ങൾ വിളമ്പുന്നു. മലബാറിലെ വിഭവങ്ങളായ ഇറച്ചിപത്തിരി, ചട്ടിപ്പത്തിരി, ഉന്നമാല തുടങ്ങി കോഴി നിറച്ചത്, ആട്ടിൻതല, പത്തിരി, കണ്ണുവച്ച പത്തിരി, പുതിയാപ്ല കോഴി വരെയുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ. തക്കാരം ഫെസ്റ്റിവൽ യുഎഇയിലെങ്ങും സംസാരവിഷയമായി.

ഒരു പള്ളിപ്പെരുന്നാൾ മൂഡുമായാണ് നസ്രാണി പെരുന്നാൾ ഭക്ഷ്യമേള ഉസ്താദ് ഹോട്ടൽ സംഘടിപ്പിച്ചത്. അച്ചായൻ ചേട്ടത്തി ആഘോഷം എന്നാണ് സംഘാടകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ചങ്ങനാശേരിയിലെ ഒരു ചേട്ടത്തി നൽകിയ നൂറു വർഷങ്ങൾക്ക് മുമ്പുള്ള രുചിക്കൂട്ട് ആധാരമാക്കിയായിരുന്നു ഈ ഭക്ഷ്യമേളയെന്ന് ബിനീഷ് പറഞ്ഞു. ഈ റെസിപ്പികളിൽ നിന്ന് ഡവലപ് ചെയ്തുണ്ടാക്കിയ വിഭവങ്ങളായിരുന്നു നസ്രാണി പെരുന്നാളിനെ ഹിറ്റാക്കിയത്.

Ustad-Thattukada-bigപാപ്പിയും കുപ്പിയും എന്ന പേരിൽ ഷാപ്പിൽ കിട്ടുന്ന വിഭവങ്ങൾ, കരിയില കോഴിക്കൂട്ട്, മൂവന്തി കോഴിക്കറി, കപ്യാര് കപ്പയിലാക്കിയത്….. ഇങ്ങനെ നീളുന്ന വിഭവങ്ങൾ. കുറച്ച് എരുവ് കൂടുതലാണ് ഈ വിഭവങ്ങൾക്കെല്ലാം. കാട്ടിൽ നിന്ന് കിട്ടിയത് എന്ന പേരിൽ മട്ടൺ കാല് ചുട്ടതും ചേട്ടായീസ് കപ്പയും കൊഞ്ചും താറാവും എല്ലാം ഉസ്താദ് ഹോട്ടലിൽ അണിനിരത്തി.

ഇനി ഞാറ്റുവേല എന്ന പേരിൽ അൽ നാദയിലെ ഉസ്താദ് ഹോട്ടലിൽ കഞ്ഞി ഫെസ്റ്റ് സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഉസ്താദ് ടീം. വൈവിധ്യമാർന്ന ഇരുപതോളം കഞ്ഞികളാണ് ഈ മേളയിലുണ്ടാവുക. ഈ മാസം അവസാനത്തോടെ തന്നെ കഞ്ഞി ഫെസ്റ്റിവൽ ഉണ്ടാകുമെന്ന് ബിനീഷ് പറഞ്ഞു.

ഉസ്താദ് വളരുന്നു

ആദ്യ ഉസ്താദ് ഹോട്ടൽ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ മൂന്നാമത്തെ ശാഖ തുറക്കാനുള്ള തയാറെടുപ്പിലാണ് ബിനീഷ്. അബുദാബി മുസഫയിൽ ഈ മാസം 15 ന് മൂന്നാമത്തെ ഉസ്താദ് ഹോട്ടൽ തുറക്കും. വൈകാതെ ഷാർജ റോളയിലും ശാഖ തുടങ്ങും. ഒപ്പം ഖത്തറിലോ സൗദിയിലോ ഒരു ശാഖ ആരംഭിക്കാനും പദ്ധതിയുണ്ട്.

USTHAD-Hotel-Big

മുഹമ്മദ് ബിനീഷും ഭാര്യ ഷബാനയും ചേർന്ന് ബിൻഷിൻ റെസ്റ്റോറന്റ് മാനേജ്‌മെന്റ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ കമ്പനിയുടെ കീഴിലാണ് ഉസ്താദ് ഹോട്ടലുകൾ. വൈവിധ്യമാർന്ന ആശയങ്ങളുമായി മറ്റ് ചില ഔട്ട്‌ലെറ്റുകളും തുടങ്ങാൻ ഇവർക്ക് പദ്ധതിയുണ്ട്.

ചായപ്പീടിക എന്ന പേരിൽ വ്യത്യസ്ത ചായകൾ പരിചയപ്പെടുത്തുന്ന ഔട്ട്‌ലെറ്റാണ് ഇതിലൊന്ന്. കേരളത്തിലെ നാട്ടിൻ പുറങ്ങളിലുള്ള സമോവർ ചായ അടക്കമുള്ളവ ഇവിടെ ലഭിക്കും. ഒപ്പം അനുബന്ധ ഭക്ഷ്യവിഭവങ്ങളും. മലയാളികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ എല്ലാ രാജ്യക്കാർക്കും ഇഷ്ടമാകുന്ന രീതിയിൽ തന്നെയായിരിക്കും ചായപ്പീടിക വരികയെന്ന് ബിനീഷ് പറഞ്ഞു. 2016 ൽ ചായപ്പീടിക ആരംഭിക്കും. ആദ്യഘട്ടത്തിൽ മൂന്ന് മുതൽ അഞ്ച് വരെ ഔട്ട്‌ലെറ്റുകൾ തുറക്കും. മാളുകൾ കേന്ദ്രീകരിച്ചായിരിക്കും തുടക്കം.

ഡെസേർട്ട് അനുബന്ധ ഭക്ഷ്യ വിഭവങ്ങളുടെ വിൽപ്പനയ്ക്കായി മറ്റൊരു പേരിൽ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. പേര് തീരുമാനിച്ചിട്ടില്ല. പലതരം പുഡിംഗുകളും വ്യത്യസ്തപായസങ്ങളും മറ്റും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. സ്റ്റാഫാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ഈ യുവസംരംഭകൻ പറയുന്നു. നല്ല സ്റ്റാഫിനെ ലഭിച്ചുവെന്നത് തന്നെയാണ് പ്രധാനം. പിന്നെ കഠിനാധ്വാനം കൂടിയായപ്പോൾ ഉസ്താദ് ഹോട്ടലിന്റെ വിജയം വഴിമാറിപ്പോയില്ല.

സഹൽ സൈനുദ്ദീൻ