രുചി വിസ്മയമായി ദേ പുട്ട്‌

Posted on: November 6, 2014

 

De-Putt-Dileep-Big

നാവിൽ കൊതിയൂറുന്ന രുചിമേളങ്ങൾ തീർക്കുന്ന ദേ പുട്ട്  മലബാറിലും
തരംഗമാകുന്നു. ദിലീപ്-നാദിർഷ കൂട്ടുകെട്ടിൽ കൊച്ചിയിൽ പിറന്ന ദേ പുട്ട് ഒരുവർഷം പിന്നിട്ടു. വൈവിധ്യമാർന്ന പുട്ടുകളുടെ രുചിയാൽ വിസ്മയം തീർക്കുന്ന ദേ പുട്ട് അടുത്തയിടെ കോഴിക്കോട്ടേക്കും കടന്നുവന്നു.

ദേ പുട്ടിന് പിന്നിൽ

പുട്ടുകളുടെ കാഴ്ചബംഗ്ലാവ് പോലെ ദിലീപും നാദിർഷയും ചേർന്നിറക്കിയ ഈ രുചിക്കലവറയുടെ പിറവിക്കു പിന്നിൽ രസകരമായ കഥകളുണ്ട്. നമ്മുടെ ഹോട്ടലുകളിൽ നല്ല രുചിയുളള പുട്ടു കിട്ടാതായതോടെയാണ് ഇങ്ങനെയാരു സംരംഭത്തിന് തങ്ങൾ തയാറായതെന്നാണ് ദിലീപും നാദിർഷയും പറയുന്നത്. അരിപ്പുട്ട് മാത്രമാണു മിക്കവാറുമെല്ലാ ഹോട്ടലുകളിലും കിട്ടുന്നത്. എന്നാൽ ഗോതമ്പ്, റാഗി, കപ്പ തുടങ്ങി പുട്ടുകളുടെ വൈവിധ്യം ശരാശരി ഹോട്ടലുകൾക്ക് അനന്യമാണ്. ഈ രുചി വൈവിധ്യം മലയാളികൾക്ക് എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യമാണ് ദേ പുട്ടിന് പിന്നിലെന്ന് ഇവർ സാക്ഷ്യപ്പെടുത്തും.

ഒരു പഴയകാര്യം

വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ മിമിക്രിയും സ്റ്റേജ് ഷോയുമായി അലഞ്ഞു നടന്ന നാളുകളിൽ, പരിപാടി കഴിഞ്ഞ് രാത്രി പുട്ടുതേടി ഒരുപാട് അലഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഇഷ്ടവിഭവമായ പുട്ടു കിട്ടാതെ പലപ്പോഴും പൊറോട്ടയാണ് കഴിക്കേണ്ടി വന്നിട്ടുളളത്. പല കടകളിൽ കയറിയിട്ടുണ്ടെങ്കിലും ഒടുവിൽ പൊറോട്ടയിൽത്തന്നെ ഞങ്ങൾ ശരണം പ്രാപിച്ചിട്ടുണ്ട്. അന്നത്തെ രസകരമായ ഓർമ്മകൾ കൂടി ദേ പുട്ടിന് പിന്നിലുണ്ട്.

ഇങ്ങനെയൊരു പേരുണ്ടായത്

1998 ൽ വൻ ഹിറ്റായി മാറിയ ‘ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം’ എന്ന ഹാസ്യ പാരഡി കാസറ്റിലൂടെയാണ് ദിലീപ് നാദിർഷാ കൂട്ടുകെട്ടിന്റെ ജൈത്രയാത്ര തുടങ്ങുന്നത്. ഇതിനുശേഷം ഈ ടീം സ്വന്തമായി നിർമ്മിച്ച കോമഡി കാസറ്റാണ് ‘ദേ മാവേലി കൊമ്പത്ത് ‘ അതും വൻ ഹിറ്റായി. വർഷങ്ങൾക്കു ശേഷം ജീവിതം തന്നെ ഹിറ്റാക്കി മാറ്റിയ ഈ താരങ്ങൾ ദേ പുട്ടുമായി രംഗത്തെത്തി. ദേ മാവേലി കൊമ്പത്തിലെ ദേ യും ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടത്തിലെ പുട്ടും ചേർത്തുവച്ചാണ് ‘ദേ പുട്ട്’ എന്ന ഭാഗ്യനാമം ഉണ്ടായതതെന്ന് ദിലീപും നാദിർഷയും പറയുന്നു.

 

De-Putt-inside-Big

കൊതിയൂറും പുട്ടുകളിലേക്ക്

വിവിധ രൂപത്തിലും രുചിവൈവിധ്യത്തിലുമാണ് ഓരോ പുട്ടും ഒരുക്കിയിട്ടുളളത്. തരിമണിപുട്ട്, നൂൽ പുട്ട്, ചിരട്ട പുട്ട്, ഇറച്ചിപ്പുട്ട്, ചക്കപ്പുട്ട്, അരിപുട്ട്, ചെമ്പുട്ട്,ചോളപ്പുട്ട്, റാഗിപ്പുട്ട്, മണിപ്പുട്ട്, മാംഗോ പുട്ട്, മാർബിൾ പുട്ട്, കാഷ്യൂ പുട്ട്, ചീരപ്പുട്ട് ….. ഇങ്ങനെ പുട്ടുകളുടെ നീണ്ട നിരതന്നെയാണ് ഇവിടെ ഒരുക്കിയിട്ടുളളത്. ആവി പറക്കുന്ന ഈ പുട്ടുകളിൽ നിന്ന് നാലുതരം പുട്ടുകൾ ഒരു ദിവസം വിളമ്പുന്നത്. അടുത്ത ദിവസം അടുത്ത നാലു തരം പുട്ടുകൾ. അങ്ങനെ ഓരോ ദിവസവും പുട്ടുകളുടെ വ്യത്യസ്ത രുചി വിസ്മയമാണ് ദേ പുട്ടിൽ ഉള്ളത്. വിഭവങ്ങൾ പാഴ്‌സലായും വാങ്ങാം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം.

കറിക്കൂട്ടിലും വിസ്മയം

ചിക്കൻ, മട്ടൻ, താറാവ്, കൊഞ്ച്, മീൻ, മുട്ട, കടല, വെജിറ്റബിൾ, പയർ തുടങ്ങിയ വിവിധയിനം കൊതിയൂറും കറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതുപോലെ വൈവിദ്ധ്യമാർന്ന പാനീയങ്ങളും ഒന്നര മിനിട്ടിനുള്ളിൽ 16 പുട്ടുകൾ വേവിച്ചെടുക്കാൻ പാകത്തിലുളള ക്രമീകരണങ്ങളുണ്ട്. കൊച്ചിയിൽ ഇടപ്പള്ളി ബൈപാസിൽ ഒബ്‌റോൺ മാളിന് സമീപമാണ് രുചിയുടെ രാജ്യാന്തരാനുഭവം പങ്കിടുന്ന ദേ പുട്ട്. കോഴിക്കോട് പുതിയറ ബൈപാസിലാണ് ദേ പുട്ട്.

ദേ പുട്ടിലെ താരം

ദേ പുട്ടിലെ താരമാണ് ദിലീപിന്റെ സ്‌പെഷ്യൽ ഡിഷായ പുട്ടുതാലി. വെജ്,നോൺവെജ് പുട്ടുതാലികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെയാണ് പുട്ടുതാലി വിളമ്പുന്നത്. വിവിധയിനം ചേരുവകളോടെ പുട്ടിനൊപ്പം പഴം,പപ്പടം, ചിക്കൻ, മീൻ, കടല, പയർ, ഫ്രൂട്ട് സാലഡ്, നെയ്‌ച്ചോറ് തുടങ്ങിയവ അടങ്ങിയതാണ് നോൺ വെജ് പുട്ടുതാലി.

പ്ലേറ്റിൽ വാഴയില വിരിച്ചാണ് വിഭവങ്ങളെല്ലാം വിളമ്പുന്നത്. മീൻ, കടല ഒഴികെയുളള ഓരോ വിഭവങ്ങളും ദിവസവും മാറിക്കൊണ്ടിരിക്കും. ദേ പുട്ടിലെ വ്യത്യസ്തമായ കറികൾക്കൊപ്പം നെയ്‌ച്ചോറും തേനിൽ ചാലിച്ച ഫ്രൂട്ട് സാലഡും രുചിയുടെ പുത്തൻ രസങ്ങൾ നമുക്കായ് തുറക്കുകയാണ്. 86 തരം പുട്ട് ഇപ്പോൾ റസ്‌റ്റോറന്റിൽ ലഭിക്കും. ഭാവിയിൽ നൂറു തരം പുട്ട് ലഭ്യമാക്കുമെന്നും ദിലീപ് പറഞ്ഞു.

ഒരു കാലത്ത് മലയാളികൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഓണത്തിനിടെ പുട്ടുകച്ചവടം ഹാസ്യപാരഡി കാസെറ്റ് വൻഹിറ്റായിരുന്നു. ദിലീപ് നാദിർഷ കൂട്ടുകെട്ടിൽ പിറന്ന ആ ഹാസ്യവിരുന്ന് പോലെ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ് അവരുടെ തന്നെ മനസിൽ വിരിഞ്ഞ ദേ പുട്ടും.

പി. ആർ. സുമേരൻ