മാൻ ബിഹൈൻഡ് മൊഗ്രാൽ

Posted on: October 17, 2014

Asharaf-Mogral-Big

നിങ്ങൾ ജനിച്ചു. ജീവിച്ചു. എല്ലാം ശരി, ഇവിടെ ജീവിച്ചിരുന്നതിന് എന്ത് അടയാളമാണ് അവശേഷിപ്പിച്ചത് ? ഈ ചോദ്യം ദുബായിലുള്ള കാസർഗോഡ് സ്വദേശി മുഹമ്മദ് അഷ്‌റഫിനോട് ആണെങ്കിൽ – ഞാൻ എന്റെ ഗ്രാമത്തെ ഒരു രാജ്യാന്തര ഫാഷൻ ബ്രാൻഡാക്കി എന്നായിരിക്കും മറുപടി. ജീൻസും ഷർട്ടും ടീ ഷർട്ടും ഉൾപ്പടെ 32 ഇനങ്ങളാണ് അഷ്‌റഫിന്റെ സ്വന്തം മൊഗ്രാൽ ബ്രാൻഡിലുള്ളത്. ജിസിസി രാജ്യങ്ങളിൽ മൊഗ്രാൽ ബ്രാൻഡിന് മുഖവുര വേണ്ട.

നെഞ്ചിനുള്ളിലെ മൊഗ്രാൽ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് മൊഗ്രാൽ. മുഹമ്മദ് അഷ്‌റഫ് ജനിച്ചുവളർന്ന ഗ്രാമം. ഫുട്‌ബോളിനെയും മാപ്പിളപ്പാട്ടിനെയും നെഞ്ചോടു ചേർക്കുന്ന ഒരു സാധാരണ നാട്ടിൻപുറം. സ്വന്തമായൊരു ബിസിനസ് തുടങ്ങിയപ്പോൾ സ്വന്തം നാടിന്റെ പേര് ബ്രാൻഡ് ആക്കി മാറ്റുകയായിരുന്നു. ജിസിസി പിന്നിട്ട് ഇന്ന് ആഫ്രിക്കയിലും മൊഗ്രാൽ പ്രശസ്തമാണ്.

ബ്രാൻഡിനു പിന്നിലെ രഹസ്യം അഷ്‌റഫിന്റെ വാക്കുകളിൽ – ഏതൊരു പ്രവാസിയെയും പോലെ നാടിനോടു അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാനും. എന്റെ സ്ഥലപ്പേര് കൂടുതൽ പേർ അറിയണമെന്നായിരുന്നു ആഗ്രഹം. എഴുത്തുകാരനോ സിനിമ നടനോ പോലെ നാലാൾ അറിയുന്ന ആളോ അല്ല ഞാൻ. പിന്നെ പേരിനൊപ്പം ഗ്രാമത്തിന്റെ പേരു ചേർത്തിട്ട് കാര്യമില്ലെന്ന് തോന്നി. അങ്ങനെ സ്വന്തമായി വസ്ത്രബ്രാൻഡ് പുറത്തിറക്കിയപ്പോൾ മൊഗ്രാൽ ബ്രാൻഡ് നെയിമായി തെരഞ്ഞെടുത്തു. ഞാൻ അത്രമാത്രം എന്റെ നാടിനെ സ്‌നേഹിക്കുന്നുവെന്ന് അഷ്‌റഫ് വിശദീകരിച്ചു.

മൊഗ്രാലിനെ ലോകം മുഴുവൻ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ബ്രാൻഡ് നെയിമായി തീരുമാനിച്ചപ്പോൾ പലരും സംശയിച്ചു – ഇതു വിജയിക്കുമോ. പേരുമാറ്റാൻ നിർബന്ധിച്ചവരും അനവധി. പക്ഷെ അഷ്‌റഫ് തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

പഴയകാലം

തന്റെ 19 ാമത്തെ വയസിലാണ് അഷ്‌റഫ് ആദ്യമായി യുഎഇയിൽ എത്തുന്നത്. കൃത്യമായി പറഞ്ഞാൽ 1992 സെപ്റ്റംബർ 12 ന്. ഒരു മാസത്തിനകം ബന്ധുവായ കെ. എം. അബ്ദുള്ളയുടെ കടയിൽ സെയിൽസ് മാനായി ജോലിക്ക് കയറി. തുണത്തരങ്ങളും ചെരിപ്പുമായിരുന്നു ഗോൾഡൻ എലഫന്റ് എന്ന കടയിലെ വില്പന. അവിടെ നിന്ന് അഷ്‌റഫ് വസ്ത്രവില്പനയുടെ പാഠങ്ങൾ ഒന്നൊന്നായി പഠിച്ചു. 1994 ൽ ദേര ദുബായിലെ ഈ കട നടത്താൻ ഏറ്റെടുത്തു. അങ്ങനെ ജോലിക്ക് കയറി കേവലം രണ്ടു വർഷത്തിനുള്ളിൽ ഇദ്ദേഹം കട നടത്തിപ്പുകാരനായി മാറി.

അഷ്‌റഫ് ഏറ്റെടുത്തതോടെ ഗോൾഡൻ എലഫന്റിനെ തുണിത്തരങ്ങൾക്കു മാത്രമായുള്ള കടയാക്കി മാറ്റി. കച്ചവടം വിപുലമാക്കുന്നതിനിടെ സ്വന്തമായി ഒരു ബ്രാൻഡ് പുറത്തിറക്കിയാലോ എന്ന ആലോചനയിലായി. പിന്നീട് ആ സ്വപ്‌നം പ്രാവർത്തികമാക്കാനുള്ള ഓട്ടം തുടങ്ങി.

നിമിത്തമായത് സുഹൃത്ത്

ബോംബെയിൽ നിന്നാണ് ആദ്യകാലത്ത് മൊഗ്രാൽ ജീൻസുകൾ തയാറാക്കി ദുബായിൽ കൊണ്ടുവന്നത്. ബജാജ് ഗ്രൂപ്പ് മറ്റേതോ കമ്പനിക്കു വേണ്ടി വെട്ടിവച്ചിരുന്ന ജീൻസുകളാണ് മൊഗ്രാൽ ബ്രാൻഡിൽ ഇറക്കിയത്. ആ കഥ ഇങ്ങനെ – കോഴിക്കോട് സ്വദേശിയായ സുഹൃത്ത് സമദ് ഒരു ദിവസം അഷറഫിനോട് പറയുന്നു – ബോംബെയിലെ ഒരു കമ്പനിയിൽ കുറച്ച് ജീൻസ് തുണികൾ വെട്ടിവച്ചത് ഇരിപ്പുണ്ട്. ഓർഡർ കൊടുത്ത ടീം പിന്മാറി. നിങ്ങൾക്ക് ഒരു ബ്രാൻഡ് ഇറക്കാൻ താത്പര്യമുണ്ടെന്നല്ലേ പറഞ്ഞത്. നോക്കുന്നോ. എങ്കിൽ ഒരു കൈ നോക്കാമെന്നായി അഷറഫ്.

നേരെ ബോംബെയിലേക്ക്. ബജാജ് കമ്പനിയിലെ ഉദ്യോഗസ്ഥരെ നേരിൽകണ്ട്
കരാർ ഉറപ്പിച്ചു. വെട്ടിവച്ച 27 ഡസൻ ജീൻസുകൾ അങ്ങനെ മൊഗ്രാൽ ബ്രാൻഡിൽ ദുബായിലേക്ക്. മൊഗ്രാൽ ജീൻസ് ചൂടപ്പം പോലെ വിറ്റുതീർന്നു. പിന്നെ ഓർഡറുകളുടെ പ്രവാഹമായിരുന്നു. ജീൻസിനു പിന്നാലെ ടീ ഷർട്ട് പുറത്തിറക്കി. 1997 ൽ ഷർട്ട്, ട്രാക് സ്യൂട്ട് തുടങ്ങിയ ഉൾപ്പെടുത്തി ഉത്പന്നനിര വിപുലമാക്കി. എല്ലാറ്റിനും ഉപഭോക്താക്കൾക്കിടയിൽ നിന്നു മികച്ച പ്രതികരണം. ഡിമാൻഡ് വർധിച്ചപ്പോൾ കയറ്റുമതിയെക്കുറിച്ച് ആലോചിച്ചു തുടങ്ങി.

Mogral-T-Shirts-Big

ഖത്തർ, ഒമാൻ, സൗദിഅറേബ്യ, ബഹ്‌റിൻ, കുവൈറ്റ്, തുടങ്ങിയ എല്ലാ രാജ്യങ്ങളിലേക്കും മൊഗ്രാൽ കയറ്റുമതി ചെയ്യപ്പെട്ടു. ദുബായ് സന്ദർശിക്കുന്ന ആഫ്രിക്കൻ വംശജർ മൊഗ്രാൽ ബ്രാൻഡ് ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കിയ അഷറഫ് ബിസിനസ് കൂടുതൽ വിപുലമാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. അങ്ങനെയാണ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മൊഗ്രാൽ ഉത്പന്നങ്ങൾ കയറ്റി അയയ്ക്കാൻ തുടങ്ങിയത്. മൊഗ്രാലിന്റെ സ്‌പോർട്‌സ് വെയറുകളും ടീ ഷർട്ടുകളുമാണ് ആഫ്രിക്കയിൽ ഏറ്റവും അധികം വില്പന നേടുന്നത്.

ഇപ്പോൾ ഇന്ത്യയ്ക്കു പുറമെ ചൈന, തായ്‌ലൻഡ്, എന്നിവിടങ്ങളിൽ നിന്നും മൊഗ്രാൽ ഉത്പന്നങ്ങൾ തയാറാക്കുന്നു. ജീൻസ്, ടീ ഷർട്ട്, ട്രാക് സ്യൂട്ട്, ഫാൻസി ടീ ഷർട്ട്, വിവിധ സ്‌പോർട്‌സ് തുണിത്തരങ്ങൾ, തൊപ്പികൾ, ബർമുഡ, തുടങ്ങി 32 തരം ഉത്പന്നങ്ങളാണ് ഇപ്പോൾ മൊഗ്രാൽ ബ്രാൻഡിലുള്ളത്. ഗൾഫ് രാജ്യങ്ങൾക്കു പുറമെ ആഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും മൊഗ്രാലിന്റെ വിപണി വ്യാപിച്ചു.

പിന്നെയും ബ്രാൻഡുകൾ

മൊഗ്രാലിന് പിന്നാലെ അഷ്‌റഫ് പിന്നെയും ബ്രാൻഡുകൾ അവതരിപ്പിച്ചു. ഹോളിവുഡ് ബ്രാൻഡിൽ ഷർട്ടുകളും പാന്റും ഇദ്ദേഹത്തിന്റേതായുണ്ട്. ഫെറിനി എന്ന പേരിൽ പാന്റസ്, ഷർട്ട്, ടീ ഷർട്ട് എന്നിവ. റോക്കി ബ്രാൻഡിൽ ട്രാക്ക് സ്യൂട്ട്, സ്‌പോർട്‌സ് തുണിത്തരങ്ങളും പുറത്തിറക്കി. മൊഗ്രാൽ എന്ന ഒറ്റ ബ്രാൻഡിൽ നിന്നും കൂടുതൽ ബ്രാൻഡുകളാകുമ്പോഴുള്ള വിപണന സാധ്യത പ്രയോജനപ്പെടുത്തുകയായിരുന്നു അഷ്‌റഫ്. റോക്കി സ്റ്റാർ എന്ന പേരിൽ ഒരു വർഷം മുമ്പ് മൊത്തവില്പനയിലേക്കും അഷ്‌റഫ് കടന്നുചെന്നു.

മൊഗ്രാൽ ഔട്ട്‌ലെറ്റുകൾ

മൊഗ്രാൽ ഫാഷൻ വസ്ത്രങ്ങളുടെ ബ്രാൻഡഡ് ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള ശ്രമത്തിലാണ് അഷ്‌റഫ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്. സൗദിയിൽ നിന്നും ബഹ്‌റിനിൽ നിന്നും ഇതു സംബന്ധിച്ച അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്ന് അഷ്‌റഫ് പറഞ്ഞു.

ഒപ്പം മൊഗ്രാൽ ബ്രാൻഡിൽ കൂടുതൽ ഉത്പന്നങ്ങളും അവതരിപ്പിക്കും. ലിനൻ വസ്ത്രങ്ങളാണ് മൊഗ്രാൽ ബ്രാൻഡിൽ ഇനി അവതരിപ്പിക്കാൻ പോകുന്നത്. ലിനൻ പാന്റസ്, ഷർട്ട്, കുർ്ത്ത എന്നിവയാണ് പുറത്തിറക്കാൻ പോകുന്നതെന്ന് മുഹമ്മദ് അഷ്‌റഫ് വ്യക്തമാക്കി. രണ്ടു മാസത്തിനുള്ളിൽ പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തും.

സിനിമയും ഫുട്‌ബോളും മാപ്പിളപ്പാട്ടും

മാപ്പിളപ്പാട്ടിന്റെയും ഫുട്‌ബോളിന്റെയും ഗ്രാമമാണ് മൊഗ്രാൽ. അതുകൊണ്ട് തന്നെ അഷ്‌റഫിന്റെ സിരകളിൽ ഇവ രണ്ടുമുണ്ട്. ഒപ്പം മറ്റൊന്നു കൂടി – സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന് സിനിമ രംഗത്ത് വിപുലമായ സുഹൃദ് വലയുമുണ്ട്. ഖൈറുന്നീസയാണ് അഷ്‌റഫിന്റെ ഭാര്യ. മക്കൾ : അമാന, അനിഹ, അൽഫ.

സഹൽ സൈനുദ്ദീൻ

(This news was published on October 17, 2014)