കേരളത്തിന്റെ റീട്ടെയ്ൽ ഇതിഹാസം

Posted on: December 1, 2018

കേരളത്തിലെ റീട്ടെയ്ൽ മേഖലയിൽ കൊച്ചിയിലെ അജ്മൽ ബിസ്മി ഗ്രൂപ്പിന് മുഖവുര വേണ്ട. ബിസ്മി അവതരിപ്പിച്ച ഷോപ്പിംഗ് സ്റ്റൈൽ മലയാളികളെ അത്രകണ്ട് വശീകരിച്ചു. ഇലക്‌ട്രോണിക്‌സ്, ഫുഡ്, ഫാഷൻ തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സാധാനങ്ങളും ബിസ്മിയിൽ അണിനിരത്തിയിട്ടുണ്ട്. ഗുണനിലവാരമുള്ള ഉത്പന്നങ്ങളും ആകർഷകമായ വിലയും ബിസ്മി ഹൈപ്പർമാർക്കറ്റുകളുടെ സവിശേഷതയാണ്. കേരളത്തിൽ 2023 ടെ 40 ഹൈപ്പർമാർക്കറ്റുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള ജൈത്രയാത്രയിലാണ് ബിസ്മി. റീട്ടെയ്ൽ രംഗത്തെ ബിസ്മിയുടെ കുതിപ്പിന്റെ കഥ അജ്മൽ ബിസ്മി എന്റർപ്രൈസസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജ്മൽ വി. എ. ബിസിനസ്ഓൺലൈവുമായി പങ്കുവെയ്ക്കുന്നു.

തുടക്കം ഡിസ്ട്രിബ്യൂഷനിൽ

പ്രൊഡക്ഷൻ എൻജിനീയറായ അജ്മലിന് ചെറുപ്പം മുതലേ ബിസിനസ് പാഷനായിരുന്നു. മംഗലാപുരത്തെ നിറ്റെയിൽ നിന്നും ബിടെക് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മറ്റ് ജോലിക്ക് ഒന്നും ശ്രമിച്ചില്ല. വിവാഹശേഷം ഭാര്യാ പിതാവുമായി ചേർന്ന് എൽജിയുടെയും വീഡിയോകോണിന്റെയും ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് ബിസിനസിലേക്ക് പ്രവേശിച്ചു. തുടർന്ന് ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെ റീട്ടെയ്‌ലിലേക്കും ചുവടുവെച്ചു. എറണാകുളം കലൂരിൽ 2003 ൽ ആദ്യ ഇലക്‌ട്രോണിക് റീട്ടെയ്ൽ സ്‌റ്റോർ തുറന്നു.

ദീർഘകാലത്തെ തയാറെടുപ്പുകൾക്ക് ശേഷമാണ് 2014 ൽ വൈറ്റ് ഗുഡ്‌സ് വിപണിയിൽ നിന്ന് എഫ് എം സി ജി യിലേക്ക് കൈവെച്ചത്. ആദ്യത്തെ ഹൈപ്പർ 2014 ൽ ആലപ്പുഴയിൽ തുറന്നു. ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾക്കൊപ്പം ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും തുടങ്ങി ഒരു വീടിന് ആവശ്യമുള്ളതെല്ലാം ഹൈപ്പർമാർക്കറ്റുകളിൽ ബിസ്മി അവതരിപ്പിച്ചു. സാധാരണ സൂപ്പർമാർക്കറ്റുകൾക്കപ്പുറം കുടുംബത്തിന് ആവശ്യമായതെല്ലാം ലഭിക്കുന്ന ബിസ്മി വളരെ വേഗം വീട്ടമ്മമാരുടെ ഇഷ്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനായി.

വളർച്ച അതിവേഗം

നിലവിൽ 9 ഹൈപ്പർമാർക്കറ്റുകളും 5 ഇലക്‌ട്രോണിക് സ്‌റ്റോറുകളുമാണ് അജ്മൽ ബിസ്മി ശൃംഖലയിലുള്ളത്. പാലാരിവട്ടം, കടവന്ത്ര, ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ബിസ്മി റീട്ടെയ്ൽ സ്‌റ്റോറുകളുള്ളത്. ഇനി മുതൽ ഒന്നര ഏക്കറിൽ 40,000 ചതുരശ്രയടി വിസ്തീർണമുള്ള സ്‌റ്റോറുകളാണ് ബിസ്മി ലക്ഷ്യമിടുന്നത്.

ഒറ്റ ഫ്‌ളോറിൽ 20,000 ചതുരശ്രയടി വീതം ഹൈപ്പർമാർക്കറ്റിനും ഇലക്‌ട്രോണിക് സ്‌റ്റോറിനുമായി നീക്കിവെയ്ക്കും. ഒരേ സമയം 100 ലേറെ കാറുകൾക്ക് പാർക്കിംഗ് സൗകര്യവുമുണ്ടാകും. ഇപ്പോൾ നിർമാണം നടന്നുവരുന്ന 11 സ്‌റ്റോറുകൾ 2019 ലും 2020 ൽ 10 ഉം പുതിയ സ്റ്റോറുകൾ തുറക്കുമെന്ന് അജ്മൽ വി. എ. പറഞ്ഞു.

ഗുണമേന്മ മുഖമുദ്ര

ബിസ്മിയിലൂടെ വിൽക്കുന്ന ഓരോ ഉത്പന്നങ്ങളും ഗുണനിലവാരമുള്ളതായിരിക്കണമെന്ന് അജ്മലിന് നിർബന്ധമുണ്ട്. അതിന് തെളിവാണ് ബിസ്മിയിൽ വിൽക്കുന്ന ഫാമിലി പാൽ ഉത്പന്നങ്ങൾ. പിറവത്തെ ബിസ്മിയുടെ സ്വന്തം ഫാമിൽ നിന്നുള്ള പാലാണ് ഫാമിലി ബ്രാൻഡിൽ ബിസ്മി ഹൈപ്പർമാർക്കറ്റുകളിൽ വിൽക്കുന്നത്.

യാതൊരുവിധ രാസവസ്തുക്കളും ചേർക്കാതെ ശുദ്ധമായ പശുവിൻ പാൽ വില്പനയ്ക്ക് എത്തിക്കുന്നത്. ശീതികരിച്ച ട്രക്കുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹൈപ്പർമാർക്കറ്റുകളിൽ പാൽ എത്തിക്കും. പരമ്പരാഗതമായ രീതിയിൽ തയാറാക്കുന്ന ശുദ്ധമായ പശുവിൻ നെയ്യും തൈരും ബിസ്മിയിൽ ലഭ്യമാണ്. പുതുമ നഷ്ടപ്പെടാത്ത പഴങ്ങളും പച്ചക്കറികളും വിൽക്കാൻ ബിസ്മി ശ്രദ്ധിക്കുന്നു.

ഉപഭോക്താവിനോട് എപ്പോഴും കരുതൽ

ഉപഭോക്താക്കളുടെ പ്രതികരണം നേരിട്ടറിയാൻ ഓരോ ഹൈപ്പർമാർക്കറ്റും അജ്മൽ അടിക്കടി സന്ദർശിക്കുന്നു. ഭാര്യ ഷബാനിയും ഈ ദൗത്യത്തിൽ അജ്മലിനൊപ്പം പങ്കുചേരുന്നു. ഓരോ ഹൈപ്പർമാർക്കറ്റിലെയും ക്രമീകരണങ്ങൾ കസ്റ്റമർ ഫ്രണ്ട്‌ലിയായിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കുന്നു. ദിവസവും രാവിലെ 9 മുതൽ രാത്രി 10 വരെ ബിസ്മി ഹൈപ്പർമാർക്കറ്റുകളിൽ ഷോപ്പിംഗ് നടത്താം.

ഷോപ്പിംഗ് ഈസിയാക്കാൻ ബിസ്മിയുടെ മിക്ക ഹൈപ്പർമാർക്കറ്റുകളിലും എസ്‌കലേറ്റർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും സൗകര്യപ്രദമായ രീതിയിൽ ഹൈപ്പർമാർക്കറ്റിനു ചുറ്റും പാർക്കിംഗ്, ബസ് സ്റ്റോപ്പുകളുടെ സാമീപ്യം തുടങ്ങി ഷോപ്പിംഗിന് എത്തുന്ന ഓരോരുത്തരുടെയും സുഖസൗകര്യങ്ങൾ ബിസ്മി കണക്കിലെടുക്കുന്നു.

ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അതീവ പ്രാധാന്യത്തോടെ ബിസ്മി പരിഗണിക്കുന്നു. ഉപഭോക്താക്കൾക്ക് വിളിക്കാൻ പ്രത്യേക ടെലിഫോൺ നമ്പരും (18002700100) ഈ മെയിലും ഒരുക്കിയിട്ടുണ്ട്.

ഷോപ്പിംഗ് ഹബ്

ഓരോ ഹൈപ്പർമാർക്കറ്റും ഓരോ ഷോപ്പിംഗ് ഹബ് ആക്കാനാണ് അജ്മൽ ആഗ്രഹിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും ലഭ്യമാകുന്ന അതേ ഷോപ്പിംഗ് ഫീലിംഗ് ബിസ്മി ഹൈപ്പറിലും ലഭ്യമാക്കാനാണ് അദേഹത്തിന്റെ ശ്രമം. ഓരോ സ്‌റ്റോറിലും വൃത്തിയും വെടിപ്പും ഉണ്ടാകണമെന്ന് അജ്മലിന് നിർബന്ധമുണ്ട്.

ഹൈപ്പറുകൾക്ക് മുന്നിൽ ഓരോ ടീ സ്റ്റാൾ ബിസ്മിയുടെ പ്രത്യേകതയാണ്. ബിസ്മിയിൽ എത്തുന്നവർക്ക് ഷോപ്പിംഗിന്റെ ഇടവേളകളിൽ ചായയും സ്‌നാക്ക്‌സും കഴിക്കാം. ഡ്രൈക്ലീനിംഗ് കളക്ഷൻ സെന്റർ, ഫാർമസി, കുട്ടികൾക്കായുള്ള സലൂൺ തുടങ്ങി നിരവധി പദ്ധതികൾ അജ്മലിന്റെ മനസിലുണ്ട്.

ഇതോടൊപ്പം അതിവേഗം വളരുന്ന ഇ-കൊമേഴ്‌സിനോട് അദേഹം മുഖം തിരിക്കുന്നില്ല. ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഓൺലൈൻ വില്പന ബിസ്മി ആരംഭിച്ചിട്ടുണ്ട്. കാലക്രമേണ കൂടുതൽ ഉത്പന്നങ്ങൾ ബിസ്മി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ എത്തിക്കും.

വികസനം റീട്ടെയ്‌ലിൽ ഊന്നി മാത്രം

ബിസ്മിയുടെ വളർച്ച റീട്ടെയ്‌ലിൽ ഊന്നി മാത്രമായിരിക്കുമെന്ന് അജ്മൽ വ്യക്തമാക്കി . 2023 ൽ 35-40 സ്റ്റോറുകൾ എന്ന ലക്ഷ്യത്തോടെയാണ് ബിസ്മി മുന്നേറുന്നത്. ഇപ്പോഴത്തെ വികസനം പൂർത്തിയാകുമ്പോൾ ഒരു സ്റ്റോറിൽ 100-120 ജീവനക്കാർ വീതം 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ബിസ്മിക്ക് കഴിയും.

ഗുണനിലവാരമുള്ള പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കാൻ വിപുലമായ ഫാമിംഗ് ആരംഭിക്കാൻ ഉദേശമുണ്ട്. മറ്റ് മേഖലകളിലേക്കുള്ള വൈവിധ്യവത്കരണം ഉദേശിക്കുന്നില്ല. കേരളത്തിൽ ചുവട് ഉറപ്പിച്ച ശേഷം മാത്രം മറ്റ് സംസ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കുകയുള്ളുവെന്നന്നും അജ്മൽ പറഞ്ഞു.

വിജയത്തിന് പിന്നിൽ കുടുംബം

കുടുംബത്തിന്റെ പിന്തുണയാണ് ബിസ്മിയുടെയും അജ്മലിന്റെയും വിജയത്തിന് പിന്നിലുള്ളത്. ഭാര്യ ഷബാനി ബിസ്മിയുടെ ഡയറക്ടറാണ്. മക്കൾ : ആഷിക അജ്മൽ, മുഹമ്മദ് യൂസഫ് അജ്മൽ.

റിട്ടയേഡ് ചീഫ് എൻജിനീയർ വി. എ. അബ്ദുൾ ഹമീദിന്റെയും ഐഷയുടെയും നാല് മക്കളിൽ ഇളയ ആളാണ് അജ്മൽ. അദേഹത്തിന്റെ സഹോദരൻ ഫൈസൽ ബിസ്മിയുടെ ബാക്ക് എൻഡ് ഓപ്പറേഷൻസിന് മേൽനോട്ടം വഹിക്കുന്നു.

ലിപ്‌സൺ ഫിലിപ്പ്