ടീ ആൻഡ് ടോക് വിത്ത് ഫില്ലി

Posted on: October 5, 2014

 

Rafi-Filli-Big

ഇൻസ്റ്റന്റ് ചായയിൽ മിന്നും താരമാണ് ഫില്ലി. ദുബായിൽ നിന്ന് ലോകമെമ്പാടും, രുചിഭേദങ്ങളുള്ള ചായ പകരാനുള്ള തയാറെടുപ്പിലാണ് ഫില്ലിയുടെ അമരക്കാരൻ റാഫി. 2020 ൽ എല്ലാ ജിസിസി രാജ്യങ്ങളിലും ഫില്ലി ചായ എത്തിക്കുകയാണ് ഈ കാസർഗോഡുകാരന്റെ സ്വപ്‌നം. ഗൾഫിലെ വളരുന്ന യുവ ബിസിനസുകാരിൽ പ്രമുഖനാണ് റാഫി ഫില്ലി.

ജൈത്രയാത്രയുടെ തുടക്കം

കാസർഗോഡ് തളങ്കര സ്വദേശിയായ അബ്ദുൾ ഹമീദിന് ദുബായ് മംസാറിൽ ഒരു കഫ്റ്റീരിയ ഉണ്ടായിരുന്നു. പേര് അൽ സുമല. കഫ്റ്റീരിയ തട്ടിയും മുട്ടിയുമൊക്കെ അങ്ങനെ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. അക്കാലത്താണ് അബ്ദുൾ ഹമീദിന്റെ മകൻ റാഫി ഒരു കമ്പനിയിൽ മർച്ചന്റൈസർ ജോലിയിൽ ദുബായിൽ എത്തുന്നത്. നാട്ടിൽ ബികോം രണ്ടാം വർഷം പഠിക്കുകയായിരുന്നു റാഫി.

അൽ സമുല കഫ്റ്റീരിയയുടെ അക്കൊമഡേഷനിലായിരുന്നു റാഫിയുടെ താമസം. അങ്ങനെ ഒഴിവ് സമയങ്ങളിൽ പിതാവിന്റെ കഫ്റ്റീരിയയുടെ പ്രവർത്തനങ്ങളിൽ ഈ യുവാവും സഹായിയായി. ഇതിനിടെ വലിയ ലാഭമൊന്നും ഇല്ലാത്തതിനാൽ കഫ്റ്റീരിയ വിൽക്കാൻ അബ്ദുൾ ഹമീദ് തീരുമാനിച്ചു. കഫ്റ്റീരിയ വിൽക്കേണ്ടെന്നും താൻ ഏറ്റെടുത്ത് നടത്താമെന്നും റാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ അബ്ദുൾ ഹമീദ് തന്റെ സംരംഭം മകനു കൈമാറി. കൃത്യമായി പറഞ്ഞാൽ 2004 ജനുവരി ഒന്നിന്.

റാഫി കഫ്റ്റീരിയയുടെ പേര് മാറ്റി – ഫില്ലി കഫേ. സുഹൃത്തുക്കൾ തന്നെ വിളിക്കുന്ന പേര് കഫ്റ്റീരിയയ്ക്കു നൽകുകയായിരുന്നു. വ്യത്യസ്തമായ കൂട്ടുകളുമായി ഒരു ചായ തയാറാക്കി റാഫി. അതു മാർക്കറ്റ് ചെയ്യാനായി അടുത്ത ശ്രമം. നല്ല രുചിയുള്ള ഈ ചായ ഒരു മാസം കഫ്റ്റീരിയയിൽ വരുന്നവർക്ക് സൗജന്യമായി നൽകി. അങ്ങനെ പുതിയ ചായ ആളുകൾക്കിടയിൽ ഹിറ്റായി. മൗത്ത് പബ്ലിസിറ്റിയിലൂടെ ധാരാളം പേർ പുതിയ ചായ കുടിക്കാൻ എത്തിത്തുടങ്ങി.

Filli-Double-Zafran-Big

ഒരു മാസത്തിനു ശേഷം വില്പന തുടങ്ങുമ്പോഴേക്കും രുചികരമായ പുതിയ ചായ നിരവധി സ്ഥിരം ഉപഭോക്താക്കളെ നേടി. മൂന്നു മാസത്തിനുള്ളിൽ മറ്റൊരു ചായ കൂടി ഫില്ലി പുറത്തിറക്കി. സഫ്രോൺ ടീ അഥവ കുങ്കുമച്ചായ. കുങ്കുമപ്പൂവ് ഇട്ട രുചികരമായ ഈ ചായകുടിക്കാനും ധാരാളം പേർ മംസാറിലെ ഈ കൊച്ചു കഫ്റ്റീരിയയിൽ എത്താൻ തുടങ്ങി.

രാജകുടുംബാംഗങ്ങളും ദുബായ് ഗവൺമെന്റിലെ ഉയർന്ന ഉദ്യോഗസ്ഥരും ഉൾപ്പടെ ധാരാളം വിവിഐപികൾ ഫില്ലി കഫേയിലെ ഉപഭോക്താക്കളായി മാറി. ഒരു ദിവസം 3,000 ചായ വിൽക്കാൻ തുടങ്ങി. വെള്ളിയാഴ്ച അടക്കമുള്ള അവധി ദിനങ്ങളിൽ വിറ്റുപോകുന്ന ചായകളുടെ എണ്ണം 5,000 വരെ എത്തി.

ശാഖകൾ എല്ലായിടത്തേക്കും

കച്ചവടം ഉഷാറായതോടെ ഫില്ലി കഫേയുടെ അടുത്ത ശാഖ മൻകൂലിൽ ആരംഭിച്ചു. 2007 ലായിരുന്നു ഇത്. ഇവിടെയും കച്ചവടം പൊടിപൊടിച്ചു. ഫില്ലിയുടെ സ്‌പെഷൽ ടീയും സഫ്രോൺ ടീയും കുടിക്കാനായി മാത്രം ആളുകൾ ഫില്ലികഫേയിൽ എത്തി. ക്രമേണ ഫില്ലി നല്ല ചായയുടെ പര്യായമായി മാറി.

ചായയ്ക്ക് പുറമെ മിൽക്ക് ഷേക്കുകളും സാൻഡ്‌വിച്ചുകളും മറ്റു വിഭവങ്ങളും കഫേയിൽ വിൽക്കപ്പെടുന്നു. സാധാരണ ചായയ്ക്ക് 4 മുതൽ 7 ദിർഹം വരെയാണ് വില. സഫ്രോൺ ടീയ്ക്ക് ആകട്ടെ 5 മുതൽ 9 ദിർഹം വരെ. വില്പന കൂടിയതോടെ ശാഖകളും കൂടി. ഇപ്പോൾ ദുബായിൽ മാത്രം 15 ശാഖകളുണ്ട്. ഫില്ലി കഫേയുടെ അടുത്ത ശാഖ വൈകാതെ ഷാർജയിൽ തുറക്കും.

 

Filli-qusais-Big

ചായയിലെ ബ്രാൻഡ്

ഫില്ലിയാണ് ലോകത്തിലെ ആദ്യ ഇൻസ്റ്റന്റ് ടീ ബ്രാൻഡ് എന്ന് റാഫി പറയുന്നു. ഇൻസ്റ്റന്റ് കോഫിക്ക് ധാരാളം ബ്രാൻഡുകളുണ്ട്. എന്നാൽ ചായയ്ക്ക് അങ്ങനെ ഒന്നില്ല. ഫില്ലിയാണ് ആദ്യമായി ഇൻസ്റ്റന്റ് ചായ കൊണ്ടുവന്നതെന്ന് ഈ യുവ വ്യവസായി വ്യക്തമാക്കി. സ്റ്റാർബക്ക്‌സ് ഇൻസ്റ്റന്റ് കോഫിയുടെ മദറാണെങ്കിൽ ഇൻസ്റ്റന്റ് ടീയുടെ ഫാദർ ഫില്ലിയാണെന്ന് ഈ കാസർഗോഡുകാരൻ പറയും.
നഷ്ടത്തിൽ പൊയ്‌കൊണ്ടിരുന്ന ഒരു സാധാരണ കഫ്റ്റീരിയ ഏറ്റെടുത്ത് ലോകോത്തര നിലവാരത്തിലുള്ള ബ്രാൻഡ് സൃഷ്ടിച്ചതാണ് റാഫിയുടെ വിജയം. ആറ് രാജ്യങ്ങളിൽ നിന്നുള്ള 120 പേർ ഇപ്പോൾ ഫില്ലി കഫേകളിൽ ജോലി ചെയ്യുന്നു.

ചായയും വർത്തമാനവും

ടീ ആൻഡ് ടോക്ക് വിത്ത് ഫില്ലി എന്നതാണ് ഫില്ലി കഫേയുടെ മോട്ടോ. ചായ കുടിച്ച് സംസാരിക്കാൻ എല്ലാവരെയും ഫില്ലി സ്വാഗതം ചെയ്യുന്നു. വൈവിധ്യമാർന്ന ഫില്ലി ചായകളുടെ രുചി നുകർന്ന് എത്ര നേരം വേണമെങ്കിലും നിങ്ങൾക്ക് കഫേയിൽ ഇരിക്കാം. ആരും നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. മറ്റു ഹോട്ടലുകളിലേതു പോലെ സംസാരിച്ചിരിക്കുമ്പോൾ എന്താണ് വേണ്ടതെന്ന് ചോദിച്ച് ഉപഭോക്താക്കളെ ഫില്ലിയിലെ സ്റ്റാഫ് ഒരിക്കലും സമീപിക്കാറില്ലെന്ന് റാഫി പറയുന്നു. നിങ്ങൾ ഓർഡർ നൽകിയാൽ മാത്രം ഉത്പന്നങ്ങൾ നൽകും, അതാണ് ഫില്ലി കഫേയുടെ സ്റ്റൈൽ.

മൈ സെക്കൻഡ് ഹോം എന്ന കൺസെപ്റ്റാണ് ഞങ്ങൾ അനുവർത്തിക്കുന്നത്. വീട്ടിൽ നിന്ന് ഇറങ്ങിയാൽ നിങ്ങളുടെ മറ്റൊരു വീട്. എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിക്കാം. ചാറ്റ് ചെയ്യാം. ധാരാളം പേർ ഇങ്ങനെ സൊറ പറഞ്ഞിരിക്കാൻ ഫില്ലി കഫേയിൽ എത്തുന്നു.

കേസിൽ പിറന്ന ബ്രാൻഡ്

മംസാറിലെ ഫില്ലി കഫേയുടെ തുടക്കക്കാലം. അന്ന് ഒരു ദിർഹംസിനായിരുന്നു ഇവിടെ ചായ വിറ്റിരുന്നത്. മറ്റ് കഫ്റ്റീരിയകളിൽ ചായയ്ക്ക് അതിന്റെ പകുതി വില മാത്രം. ആരോ ഒരാൾ ദുബായ് ഇക്‌ണോമിക് ഡിപ്പാർട്ട്‌മെന്റിൽ പരാതി കൊടുത്തു. ചായ വിലകൂട്ടി വിൽക്കുന്നുവെന്ന് കാണിച്ച്. ദുബായിൽ നിയമം കർശനമാണ്. ഇക്‌ണോമിക് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് റാഫിക്ക് വിളി വന്നു. ഓഫീസിൽ ഹാജരാകണം.

റാഫി ഇക്‌ണോമിക് ഡിപ്പാർട്ട്‌മെന്റിൽ എത്തിയത് ഫില്ലി ചായയുമായാണ്. ഡിപ്പാർട്ട്‌മെന്റിലെ യൂസഫ് എന്ന ഉദ്യോഗസ്ഥന് ചായ കുടിക്കാൻ കൊടുത്തു. എന്നിട്ട് പറഞ്ഞു, ഇതാണ് ഞാൻ വിൽക്കുന്ന ചായ. മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായതു കൊണ്ട് വില അല്പം കൂടുതലാണ്.

ചായ വ്യത്യസ്തമാണ്. നല്ല രുചിയുണ്ട്. പക്ഷെ നിയമം ചായയുടെ വില കൂട്ടി വിൽക്കാൻ അനുവദിക്കുന്നില്ലെന്നായി യൂസഫ്. നിങ്ങൾക്ക് വേണമെങ്കിൽ ഇതൊരു ബ്രാൻഡാക്കി മാറ്റാം. അങ്ങനെയെങ്കിൽ ഒരു ദിർഹംസിന് സ്‌പെഷ്യൽ ചായ വിൽക്കുന്നതിന് തടസമൊന്നുമില്ലെന്നും ആ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
റാഫിയുടെ മനസിൽ ലഡുപൊട്ടിയത് അപ്പോഴാണ്. എന്തുകൊണ്ട് ഈ ചായ ഒരു ബ്രാൻഡാക്കിക്കൂടാ എന്ന് ഈ യുവാവ് ആദ്യമായി ചിന്തിച്ചു. പിന്നെ അതിനുള്ള ശ്രമങ്ങളായി. അവസാനം ഫില്ലി ചായ ബ്രാൻഡായി മാറി.

ആഗോള ബ്രാൻഡാവാൻ

Filli-Logo-CSലോകമെമ്പാടും ചായ പകരാനുള്ള തയാറെടുപ്പിലാണ് ഫില്ലി കഫേ. ഫ്രാഞ്ചൈസി ബിസിനസ് മോഡലാണ് റാഫിയുടെ മനസിലുള്ളത്. ഇന്ത്യയിൽ എല്ലായിടത്തും ഫ്രാഞ്ചൈസികൾ നൽകും. അടുത്ത പത്തു വർഷത്തിനുള്ളിൽ ഇന്ത്യയിൽ മാത്രം 600 ഔട്ട്‌ലെറ്റുകൾ തുറക്കുകയാണ് ലക്ഷ്യം. യുകെയിലും അമേരിക്കയിലും ഫ്രഞ്ചൈസികൾക്കുള്ള അന്വേഷണങ്ങൾ വരുന്നുണ്ട്. അധികം വൈകാതെ എല്ലാ ജിസിസി രാജ്യങ്ങളിലും ഫില്ലി കഫേ സാന്നിധ്യമറിയിക്കും.

ആറു വർഷത്തിനുള്ളിൽ ജിസിസിയിൽ ആകമാനം 220 ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കും. 2020 ആകുമ്പോഴേക്കും യുഎഇയിൽ മാത്രം നൂറ് ഔട്ടലെറ്റുകൾ തുടങ്ങാനുള്ള റോഡ്മാപ്പും റാഫി തയാറാക്കിക്കഴിഞ്ഞു. വികസനപദ്ധതികൾക്കായി 100 മില്യൺ ദിർഹംസ് മുതൽമുടക്കാണ് പ്രതീക്ഷിക്കുന്നത്.

റാഫിയുടെ മുഖമുള്ള ലോഗോ

ഫില്ലി കഫേയുടെ ലോഗോയിൽ റാഫിയുടെ ചിത്രമുണ്ട്. ഫില്ലി കാത്തുസൂക്ഷിക്കുന്ന രുചിയുടെയും ബിസിനസ് മൂല്യങ്ങളുടെയും ഉറപ്പാണ് അത്. ഓറഞ്ച്, കോഫീ ബ്രൗൺ എന്നിവയാണ് കഫേയുടെ തീം നിറങ്ങൾ. കെഎഫ്‌സിക്കു ശേഷം ലോഗോയിൽ ഉടമയുടെ മുഖം പ്രത്യക്ഷപ്പെടുന്ന ഭക്ഷ്യബ്രാൻഡായിരിക്കും തന്റേതെന്ന് റാഫി വിനയത്തോടെ പറയുന്നു. ഫില്ലിയുടെ ചായക്കപ്പുകൾ എത്തുന്നത് ഓസ്‌ട്രേലിയ, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ്. കുങ്കുമചായപ്പൊടിയുടെ വില്പനയും ഇപ്പോൾ ഫില്ലി ആരംഭിച്ചിട്ടുണ്ട്. 18 കപ്പ് ചായ ഉണ്ടാക്കാൻ കഴിയുന്ന 70 ഗ്രാം പാക്കറ്റിന് 10 ദിർഹംസാണ് വില. സഫ്രോൺ ചായപ്പൊടി യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റാഫി.

കഫേ വിജയിച്ചതോടെ ഫില്ലി എന്ന ബ്രാൻഡ് നെയിം റാഫിയുടെ പേരിന്റെ ഭാഗമായി. ഫില്ലിയുടെ വിജയത്തിൽ തന്റെ കുടുംബം നൽകിയ പിന്തുണ വളരെ വലുതാണെന്ന് റാഫി പറയുന്നു. ഭാര്യ: ആയിഷ സബ. മക്കൾ: ഫസ ഫില്ലി, ഫല ഫില്ലി, ഇറം ഫില്ലി.

സഹൽ സൈനുദ്ദീൻ