നിക്ഷേപരംഗത്തെ ഇതിഹാസം

Posted on: August 11, 2018

വളർച്ചാസാധ്യതയുള്ള മേഖലകളിൽ പണം മുടക്കി ലാഭമുണ്ടാക്കുകയാണ് നിക്ഷേപത്തിന്റെ അടിസ്ഥാന തത്വം. അസാമാന്യ നിരീക്ഷണപാടവവും കൃത്യമായ ആസൂത്രണവും വഴി മാത്രമെ ഈ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനാകൂ. ലോകമെമ്പാടുമുള്ള ഓഹരിനിക്ഷേപകർക്കിടയിലെ വിസ്മയമാണ് വാറൻ ബഫറ്റ്.

ഇന്ത്യൻ നിക്ഷേപരംഗത്ത് ബഫറ്റിനെപ്പോലെ ധിക്ഷണാശാലിയായ ഒരു മലയാളിയുണ്ട് – ടി. എസ്. അനന്തരാമൻ. ചാർട്ടേഡ് അക്കൗണ്ടന്റ്, സംരംഭകൻ, മാനേജ്‌മെന്റ് ഗുരു, നിക്ഷേപകൻ…കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. പരന്ന വായനയ്ക്ക് പുറമെ പഠനവും ഗവേഷണവും അനന്തരാമന് ആവേശം. താൻ നേടിയ അറിവുകൾ മറ്റുള്ളവർക്ക് ലളിതമായ ഭാഷയിൽ പറഞ്ഞുകൊടുക്കുന്നതിലും അദ്ദേഹം ധാരാളിത്തം കാണിക്കാറുണ്ട്.

രാജ്യത്തെ വളർച്ചാസാധ്യതയുള്ള കമ്പനികളിൽ പലതിലും ഓഹരിനിക്ഷേപകനാണ് ടി.എസ്. അനന്തരാമൻ. കാത്തലിക് സിറിയൻ ബാങ്കിനെ തളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് കൈപിടിച്ച് ഉയർത്തിയതാണ് അനന്തരാമന്റെ ഏറ്റവും പുതിയ നേട്ടം. ഊർധശ്വാസം വലിച്ചിരുന്ന ബാങ്കിലേക്ക് 1,200 കോടിയുടെ മൂലധന നിക്ഷേപം കൊണ്ടുവന്നത് അനന്തരാമന്റെ നേതൃത്വത്തിലാണ്. ആഗോള നിക്ഷേപസ്ഥാപനമായ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിനെക്കൊണ്ട് തന്നെ ഈ കേരള ബാങ്കിൽ നിക്ഷേപിപ്പിക്കാൻ കഴിഞ്ഞുവെന്നത് മറ്റൊരു നേട്ടം. ഇന്ത്യൻ ബാങ്കിംഗ് ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദേശ കമ്പനിയ്ക്ക് 51 ശതമാനം ഓഹരി പങ്കാളിത്തം ഏറ്റെടുക്കാൻ കഴിയുന്നത്.

അനന്തരാമന്റെ നിക്ഷേപതന്ത്രങ്ങൾ ദേശീയതലത്തിൽ പോലും വിലയിരുത്തപ്പെടുന്നു. മൂലധനവിപണിയിലും ബാങ്കിംഗ് രംഗത്തും പല മുൻനിര കമ്പനികളും അനന്തരാമന്റെ ഉപദേശങ്ങളും വിലയിരുത്തലുകളും പതിവായി തേടുന്നു. തൃശൂരിലെ ഓഹരിനിക്ഷേപകർ സ്വാമി എന്നു വിളിക്കുന്ന തൃക്കൂർമഠം സീതാരാമൻ അനന്തരാമന്റെ വിജയഗാഥ.

ബിസിനസ് കുടുംബത്തിൽ ജനനം

തൃശൂരിലെ പ്രശസ്തമായ ബിസിനസ് കുടുംബത്തിലാണ് ടി.എസ്. അനന്തരാമന്റെ ജനനം. പിതാവ് ടി.പി. സീതാരാമൻ തൃശൂർ ഡിസിസി പ്രസിഡന്റും മൂന്ന് വട്ടം എംഎൽഎയുമായിരുന്നു. ധനലക്ഷ്മി ബാങ്ക് ചെയർമാനും ദീർഘകാലം ഡയറക്ടറുമായിരുന്നു. അമ്മ ജയലക്ഷ്മി സാമൂഹ്യപ്രവർത്തകയായിരുന്നു. അനന്തരാമന്റെ മൂത്ത സഹോദരൻ ടി.എസ്. പട്ടാഭിരാമൻ (ചെയർമാൻ, ലിയോ ഫാർമസ്യൂട്ടിക്കൽസ്) ഐഐടി ബിരുദധാരിയാണ്. പിതാവിന്റെ പാത പിന്തുടർന്ന് ധനലക്ഷ്മി ബാങ്കിന്റെ ചെയർമാനുമായിരുന്നു. പട്ടാഭിരാമനും അനന്തരാമനും ചേർന്ന് സ്ഥാപിച്ച ലിയോ ഫാർമ ഗ്രൂപ്പ്, ഫാർമസ്യൂട്ടിക്കൽ മൊത്തവിതരണ രംഗത്ത് കേരളത്തിലെ മുൻനിര സ്ഥാപനമാണ്.

രണ്ടാമത്തെ സഹോദരൻ ടി.എസ്. രാജാറാം ബോട്‌സ്വാനയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഇദ്ദേഹം ബോട്‌സ്വാനയിൽ സ്വന്തമായി ഒരു യൂണിവേഴ്‌സിറ്റി നടത്തിവരുന്നു. ലെസോത്തോ, നമീബിയ എന്നീ രാജ്യങ്ങളിലും യൂണിവേഴ്‌സിറ്റിക്ക് കാമ്പസുകളുണ്ട്. ഇളയ സഹോദരി യജ്ഞലക്ഷ്മി (ചെന്നൈ). ഐഐടി ബിരുദധാരിയും വ്യവസായിയുമായ രാമരത്‌നമാണ് സഹോദരീ ഭർത്താവ്.

19-ാം വയസ്സിൽ സി.എ.ക്കാരനായി

തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് 1965 ൽ 17-ാം വയസ്സിൽ ഫസ്റ്റ്ക്ലാസിൽ ബികോം ബിരുദം. സ്‌റ്റേറ്റ് റാങ്ക് ഹോൾഡറും ആയിരുന്നു. കേവലം 19-ാം വയസിൽ 1967 ൽ ചാർട്ടേഡ് അക്കൗണ്ടന്റായി. 1974 ൽ എഫ്‌സിഎ നേടി. എളുപ്പം തകർക്കാൻ പറ്റാത്ത റെക്കോർഡ് ആണ് ചെറു പ്രായത്തിൽ അദ്ദേഹം കൈവരിച്ചത്. 1976 ൽ ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ അംഗമായി.

തുടർന്ന് 1974 ൽ ആഫ്രിക്കയിലേക്ക് പോയ അദ്ദേഹം ടാൻസാനിയ നാഷണൽ ഹൗസിംഗ് കോർപറേഷനിലും ബോട്‌സ്വാന യൂണിവേഴ്‌സിറ്റിയിലും സേവനമനുഷ്ഠിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ബോട്‌സ്വാനയിലെ അക്കൗണ്ടൻസി – മാനേജ്‌മെന്റ് വിഭാഗം മേധാവിയായിരിക്കെ ബോട്‌സ്വാന, ലെസോത്തോ, സ്വാസിലാൻഡ്, ഗാമ്പിയ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയയായിരുന്നു. ബോട്‌സ്വാനയെക്കുറിച്ച് അനന്തരാമൻ നടത്തിയ പഠനങ്ങൾ യൂണിവേഴ്‌സിറ്റി ഓഫ് ബോട്‌സ്വാനയിൽ പാഠപുസ്തകമായി. അക്കൗണ്ടിംഗ്-1, അക്കൗണ്ടിംഗ്-2, അക്കൗണ്ടിംഗ്-3, ബോട്‌സ്വാന ലോ എന്നിവയാണ് ആ പുസ്തകങ്ങൾ.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിൽ ജോലി നേടി 1978 ൽ ജനീവയിലേക്ക് പോയി. ജോലിയുടെ ഭാഗമായി പല രാജ്യങ്ങളിലും പ്രവർത്തിച്ചു. 1985 ൽ നാട്ടിൽ മടങ്ങിയെത്തി. കുടുംബ ബിസിനസിൽ സജീവമാകാൻ ആലോചിക്കുമ്പോഴാണ് ഓഹരിവിപണിയിൽ ഉണർവ് പ്രകടമാകുന്നത്. ഈ രംഗത്തെ വളർച്ചസാധ്യതകൾ തിരിച്ചറിഞ്ഞ അദ്ദേഹം വിപണിയിൽ സജീവമായി. 2002-2004 ൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. ടി.എസ്. അനന്തരാമൻ 50 ലേറെ ലോകരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

സ്വന്തം സംരംഭങ്ങൾ

പെനിൻസുലാർ കാപ്പിറ്റൽ മാർക്കറ്റ് എന്ന ബ്രോക്കിംഗ് കമ്പനി സ്ഥാപിച്ചുകൊണ്ട് തൊണ്ണൂറുകളുടെ ആദ്യം ഓഹരിവിപണിയിൽ പ്രവേശിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ 257 ശാഖകളുള്ള സ്ഥാപനമായി പെനിൻസുലാർ കാപ്പിറ്റൽ വളർന്നു. പിന്നീട് പെനിൻസുലാറിന്റെ ഫ്രാഞ്ചൈസികൾ മോട്ടിലാൽ ഓസ്വാളിന് കൈമാറി. ലോക്ക് ഇൻ പീരിഡ് കഴിഞ്ഞപ്പോൾ അക്യുമെൻ കാപ്പിറ്റലിന് തുടക്കംകുറിച്ചു. അക്യുമെന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമല്ലെങ്കിലും മെന്ററായി പ്രവർത്തിച്ചുവരുന്നു.

അനന്തരാമന്റെ ഉപദേശങ്ങൾ തേടി തൃശൂരിലെ ഓഫീസിൽ ട്രേഡിംഗ് ദിവസങ്ങളിൽ നിരവധി നിക്ഷേപകർ എത്തുന്നു. തന്നെ തേടിയെത്തുന്ന നിക്ഷേപകരുമായി വല്ലാത്തൊരു ആത്മബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു.

ദീർഘകാല നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ പലരെയും ലക്ഷാധിപതികളും കോടിപതികളുമാക്കിയിട്ടുണ്ട്. സാധാരണക്കാർ മുതൽ ബാങ്കിൽ നിന്ന് വിരമിച്ച ജനറൽ മാനേജർമാർ വരെ ഇക്കൂട്ടത്തിലുണ്ട്. മിക്കവരും ജോലിക്ക് പോകുന്നപോലെ ഉച്ചഭക്ഷണവുമായാണ് ഓഹരിവ്യാപാരത്തിന് എത്തുന്നത്.

നിക്ഷേപം സ്റ്റാർട്ടപ്പുകളിൽ വരെ

ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ നിരവധി കമ്പനികളിൽ ടി.എസ്. അനന്തരാമൻ മൂലധനനിക്ഷേപം നടത്തിയിട്ടുണ്ട്. ഇപ്പോൾ തൃശൂർ ഹാർട്ട് ഹോസ്പിറ്റൽ (തൃശൂർ), മോബ്മീ വയർലെസ് (കൊച്ചി), പോളി ക്ലിനിക് (തൃശൂർ), ക്രോസ്‌ബോർ ലക്‌സറേറ്റ് (ബംഗലുരു) എന്നീ കമ്പനികളുടെ ഡയറക്ടറാണ്. മുമ്പ് മോട്ടിലാൽ ഓസ്‌വാൾ ഫിനാൻഷ്യൽ സർവീസസ്, മണപ്പുറം ഫിനാൻസ്, ഈസ്റ്റേൺ ട്രെഡ്‌സ്, ശ്രീ ശക്തി പേപ്പർമിൽസ് തുടങ്ങിയവയുടെ ഡയറക്ടറായിരുന്നു.

അനന്തരാമൻ നിക്ഷേപം നടത്താൻ തയാറായാൽ തങ്ങളുടെ കമ്പനികളുടെ മൂല്യം വർധിക്കുമെന്ന വിശ്വാസം സംരംഭകർക്കുമുണ്ട്. നിക്ഷേപത്തിന് അപ്പുറം അദ്ദേഹം മെന്ററായി ഒപ്പമുണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നു. സ്റ്റാർട്ടപ്പ് കമ്പനികളാണ് അദ്ദേഹത്തിന്റെ ശ്രദ്ധപതിഞ്ഞ മറ്റൊരു മേഖല. ക്ഷമയോടെ കാത്തിരിക്കാൻ തയാറുള്ളവർക്ക് മാത്രമെ സ്റ്റാർട്ടപ്പ് കമ്പനികളിൽ നിന്ന് നേട്ടം കൈവരിക്കാൻ കഴിയുകയുള്ളുവെന്ന് അനന്തരാമന്റെ പക്ഷം. ലിക്വിഡിറ്റി കുറവാണെന്നുള്ളതാണ് ഇത്തരം നിക്ഷേപങ്ങളുടെ ന്യൂനത.

കാത്തലിക് സിറിയൻ ബാങ്ക്

കാത്തലിക് സിറിയൻ ബാങ്കിന്റെ വളർച്ചയെക്കുറിച്ച് ഇനി ആശങ്ക വേണ്ടെന്ന് അടുത്തയിടെ കാത്തലിക് സിറിയൻ ബാങ്കിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ അനന്തരാമൻ തറപ്പിച്ചു പറയുന്നു. ബാങ്കിന്റെ തകർച്ച പ്രവചിച്ചവരെ അമ്പരപ്പിച്ചു കൊണ്ടാണ് കനേഡിയൻ ശതകോടീശ്വരൻ പ്രേം വാട്‌സയുടെ ഫെയർഫാക്‌സ് 1,200 കോടി രൂപ നിക്ഷേപിക്കാൻ തയാറായി എത്തിയത്. ഇനി വായ്പാവിതരണം സുഗമമാകും. റേറ്റിംഗ് ഏജൻസിയായ ക്രിസിലനെ കൊണ്ട് പരിശോധിപ്പിച്ച് പോരായ്മകൾ പരിഹരിച്ചു. കാത്തലിക് സിറിയൻ ബാങ്കിന് നിലവിൽ 420 ശാഖകളാണുള്ളത്. ഇതോടൊപ്പം തെലുങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വളർച്ചാസാധ്യതാ മേഖലകൾ കണ്ടെത്തിക്കഴിഞ്ഞു.

ബംഗലുരു ഇന്റർനാഷണൽ എയർപോർട്ട്, തോമസ് കുക്ക്, ക്വസ് കോർപറേഷൻ എന്നിവ ഫെയർഫാക്‌സിന്റെ നിയന്ത്രണത്തിലാണ്. കാത്തലിക് സിറിയൻ ബാങ്കിന്റെ വളർച്ചയിൽ മറ്റ് ഫെയർഫാക്‌സ് കമ്പനികൾക്ക് വലിയ സംഭാവനകൾ നൽകാനാകും. മറ്റ് ബാങ്കുകൾക്ക് കൈവരിക്കാനാകാത്ത വളർച്ച വരുന്ന മൂന്നോ നാലോ വർഷങ്ങൾക്കുള്ളിൽ സിഎസ്ബി നേടുമെന്ന് അനന്തരാമൻ ചൂണ്ടിക്കാട്ടി.

താൻ കൈവരിച്ച നേട്ടങ്ങൾക്ക് കാരണം ടീം വർക്ക് ആണ്. പരിചയ സമ്പന്നനായ മാനേജിംഗ് ഡയറക്ടറും ബോർഡ് അംഗങ്ങളും ജീവനക്കാരും എല്ലാം ഈ നേട്ടങ്ങൾക്ക് പിന്നിലുണ്ട്. നിർണായക തീരുമാനങ്ങൾ എടുക്കേണ്ട കാലഘട്ടത്തിൽ ബാങ്കിന് നേതൃത്വം നൽകാനായത് ദൈവനിയോഗം മാത്രമെന്ന് അദേഹം വിശദീകരിച്ചു.

ഇപ്പോൾ കാത്തലിക് സിറിയൻ ബാങ്കിൽ ഗണ്യമായ നിക്ഷേപമുള്ള വ്യക്തിഗത ഓഹരിയുടമയായ അനന്തരാമൻ 2009 മുതൽ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 2016 ഡിസംബർ മുതൽ ഈ വർഷം മാർച്ച് 31 വരെ ചെയർമാനായും പ്രവർത്തിച്ചു.

പൊതുരംഗത്ത് സജീവം

ട്രിച്ചൂർ മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ഇപ്പോഴും സജീവ പ്രവർത്തകനാണ്. ടിഎംഎയുടെ ആസ്ഥാനമന്ദിരം നിർമ്മിക്കാൻ മുൻകൈയെടുത്തു. ഐക്യരാഷ്ട്രസഭയുടെ എക്‌സ്‌പേർട്ട് അക്കൗണ്ടൻസി ട്രെയിനിംഗ് പാനൽ അംഗം, കൊച്ചിൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വൈസ് പ്രസിഡന്റ്, തൃശൂർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിലും നിരവധി മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലും വിസിറ്റിംഗ് ഫാക്കൽട്ടിയാണ്.

കുടുംബം

പിഎസ്എൻ സ്വാമി (പിഎസ്എൻ മോട്ടോഴ്‌സ്) യുടെ മകൾ ഗിരിജയാണ് ഭാര്യ. കുടുംബ ബിസിനസിന്റെ മേൽനോട്ടം വഹിക്കുമ്പോഴും ഓട്ടിസം വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്‌കൂളിനും അവർ നേതൃത്വം നൽകുന്നു. രണ്ട് മക്കളാണ് അനന്തരാമൻ-ഗിരിജ ദമ്പതികൾക്കുള്ളത്.

മൂത്തമകൾ ദീപ ഷിക്കാഗോയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഭർത്താവ് ഡോ. മഹേഷ് രാമചന്ദ്രൻ. സ്വപ്‌നയും മേഘനയുമാണ് കൊച്ചുമക്കൾ.

രണ്ടാമത്തെ മകൾ ദിവ്യ ന്യൂജേഴ്‌സിയിലെ റഡ്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ അക്കൗണ്ടിംഗ് ആൻഡ് ബിസിനസ് വിഭാഗത്തിൽ പ്രഫസറാണ്. ഭർത്താവ് ഐഐടി ബിരുദധാരിയായ ശ്രീരാം സുബ്രഹ്മണ്യം കോൺടെനാസ്റ്റിന്റെ ഡാറ്റാ സയൻസസ് ഡയറക്ടറാണ്. കൊച്ചുമക്കൾ: വിനായക്, ലീല.

ലിപ്‌സൺ ഫിലിപ്പ്