ബാങ്കിംഗിലെ ഇതിഹാസം

Posted on: September 28, 2014

Dr.-V.A.-Joseph--F2F-insideഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ഇതിഹാസ പുരുഷനാണ് ഡോ. വി. എ. ജോസഫ്. ശൂന്യതയില്‍ നിന്ന് അത്ഭുതങ്ങള്‍ വിരിയിച്ച മഹാപ്രതിഭ. ന്യൂജനറേഷനപ്പുറം ഡോ. ജോസഫ് അവതരിപ്പിച്ച നെക്സ്റ്റ് ജനറേഷന്‍ ബാങ്കിംഗ് ശൈലി ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.

കേവലം പത്തുവര്‍ഷത്തിനുള്ളില്‍ ഒരു സ്ഥാപനത്തെ അപ്പാടെ മാറ്റിയെടുക്കുക അത്ര എളുപ്പമല്ല. എന്നാല്‍ ആരെയും അതിശയിപ്പിക്കുന്ന വേഗതയില്‍ ഡോ. വി എ ജോസഫ് അതു സാധ്യമാക്കി. തൃശൂര്‍ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ് ഐ ബി) ഇന്ന് ഡോ. ജോസഫിന്റെ നേതൃത്വത്തില്‍ രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ മുന്‍നിരയിലേക്കു വളര്‍ന്നു.

മനുഷ്യനു ജരാനര ബാധിക്കുന്ന വാര്‍ധക്യത്തില്‍ നിന്ന് ഒരു പിന്നോട്ടുപോക്ക് സുഗമമല്ല. അതുപോലെ എണ്‍പത്തിയാറു വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു വാണിജ്യ ബാങ്കിന് മധുരപ്പതിനേഴിനു സമാനമായ യുവത്വം പ്രദാനം ചെയ്യുന്നതും ഒട്ടും എളുപ്പമായിരുന്നില്ല. എന്നാല്‍ ഡോ. വി എ ജോസഫിന്റെ കര്‍മ്മകുശലതയും നിശ്ചയദാര്‍ഢ്യവും സൗത്ത് ഇന്ത്യന്‍ ബാങ്കിന് യൗവനം തിരിച്ചുനല്‍കി. പത്തുവര്‍ഷത്തെ കഠിനപ്രയ്തനത്തിലൂടെ ബാങ്കിനെ വിജയസോപാനത്തിലെത്തിച്ച ശേഷം സെപ്റ്റംബര്‍ 30 ന് ഡോ. വി എ ജോസഫ് പടിയിറങ്ങുകയാണ്.

മാറ്റങ്ങളുടെ തുടക്കം

വിജയം അനായാസമായിരുന്നില്ല. ആഗോളമാന്ദ്യം, ന്യൂജനറേഷന്‍ ബാങ്കുകളുടെ മത്സരം തുടങ്ങി ഒട്ടേറെ വെല്ലുവിളികള്‍ ഇക്കാലത്ത് ജോസഫിന് നേരിടേണ്ടതായി വന്നു. എണ്‍പത്തിയാറു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ഏറ്റവും വളര്‍ച്ച കൈവരിച്ച ദശകമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് പിന്നിട്ടത്. ഓഹരിയുടമകള്‍ക്കുള്ള ലാഭവിഹിതം പോലും മുടങ്ങിയ അവസ്ഥയിലാണ് 2005 ജൂണില്‍ എസ്‌ഐബിയുടെ ചെയര്‍മാനായി ഡോ. ജോസഫ് ചുമതലയേല്‍ക്കുന്നത്.

അല്പമൊന്നു ശ്രദ്ധപാളിയാല്‍ ബാങ്കിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാകുന്ന അവസ്ഥ. രണ്ടു പോംവഴികളാണ് വി എ ജോസഫിന്റെ മുന്നിലുണ്ടായിരുന്നത്. ഒന്നുകില്‍ വളരുക അല്ലെങ്കില്‍ പിന്‍മാറുക. ശത്രുക്കളുടെ മുന്നേറ്റത്തില്‍ പകച്ചു നില്‍ക്കുന്ന സൈനികര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സൈന്യാധിപന്റെ റോള്‍ ഏറ്റെടുക്കാന്‍ ഡോ. വി എ ജോസഫ് തീരുമാനിച്ചു.

സഹപ്രവര്‍ത്തകരില്‍ കോണ്‍ഫിഡന്‍സ് ബില്‍ഡിംഗിനും കോസ്റ്റ് റിഡക്ഷനും അദ്ദേഹം മുന്‍ഗണന നല്‍കി. തമാശയ്ക്കുപോലും ബാങ്കിനെപ്പറ്റി മോശമായി സംസാരിക്കരുതെന്ന് അവരോട് അഭ്യര്‍ത്ഥിച്ചു. ജീവനക്കാരും മാനേജ്‌മെന്റും എന്നൊരു വേര്‍തിരിവില്ലെന്ന് ആദ്യമേ അദ്ദേഹം വ്യക്തമാക്കി. അര്‍ഹതയുള്ളവര്‍ക്കെല്ലാം പ്രമോഷന്‍ നല്‍കി. ചെറുപ്പക്കാരായ പ്രഫഷണലുകളെ റിക്രൂട്ട് ചെയ്തു. പുതിയ ശാഖകള്‍ തുറന്നു. ഫലം അത്ഭൂതാവഹമായിരുന്നു. നിക്ഷേപത്തിലും വായ്പയിലും ലാഭത്തിലും റെക്കോര്‍ഡ് വളര്‍ച്ചയാണ് എസ് ഐ ബി കൈവരിച്ചത്.

നെക്സ്റ്റ് ജനറേഷന്‍ ബാങ്കിംഗ്

SIB-Logo-big

ന്യൂജനറേഷന്‍ ബാങ്കുകളും ഓള്‍ഡ് ജനറേഷന്‍ ബാങ്കുകളും തമ്മിലുള്ള വേര്‍തിരിവുകള്‍ക്കിടെ നെക്‌സ്റ്റ് ജനറേഷന്‍ ബാങ്കിംഗ് എന്ന വേറിട്ട ശൈലിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വീകരിച്ചത്. കോര്‍ബാങ്കിംഗും ലോഗോ മാറ്റവും (2006) മെഗാസ്റ്റാര്‍ മമ്മുട്ടിയെ ബ്രാന്‍ഡ് അംബാസഡറാക്കിയതുമെല്ലാം (2006) നെക്സ്റ്റ് ജനറേഷന്‍ ബാങ്കിംഗിനെ സൂപ്പര്‍ഹിറ്റാക്കി. പല മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വളര്‍ച്ച പാഠ്യവിഷയമായി.

ഇന്‍ഫോസിസിന്റെ സാങ്കേതികപിന്തുണയോടെ 2007 ല്‍ പൂര്‍ത്തിയാക്കിയ കോര്‍ബാങ്കിംഗ് വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായി. കോര്‍ബാങ്കിംഗ് ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ മൂന്നാമത്തെ സ്വകാര്യബാങ്കാണ് എസ് ഐ ബി. ഇന്റര്‍നെറ്റ് ബാങ്കിംഗിനും മൊബൈല്‍ ബാങ്കിംഗിനും പുറമെ 2014 ഏപ്രിലില്‍ മൊബൈല്‍ പാസ്ബുക്ക് – എം പാസും പുതുതലമുറ ഇടപാടുകാര്‍ക്കായി അവതരിപ്പിച്ചു. വര്‍ധിച്ചുവരുന്ന ബാങ്കിംഗ് ആവശ്യങ്ങള്‍ നേരിടാനുതകുന്ന അത്യാധുനിക ബാങ്കിംഗ് സൊല്യൂഷനായ ഫിനാക്കിള്‍-10, നാലുമാസത്തിനുള്ളില്‍ ഏര്‍പ്പെടുത്തും.

2004-05 ല്‍ 430 ശാഖകളാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിനുണ്ടായിരുന്നത്. 2014 സെപ്റ്റംബര്‍ 30 ആകുമ്പോഴേക്കും ശാഖകളുടെ എണ്ണം 810 ആകും. എടിഎമ്മുകള്‍ 125 ല്‍ നിന്ന് 1,000 മായി. മണിപ്പൂര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും സൗത്ത് ഇന്ത്യന്‍ ബാങ്കിന് സാന്നിധ്യമുണ്ട്. ഇടപാടുകാര്‍ക്കു എളുപ്പം സമീപിക്കാവുന്ന വിധം ശാഖകളുടെ അകവും പുറവും പരിഷ്‌കരിച്ചു.

ഫിനാന്‍ഷ്യല്‍ സൂപ്പര്‍മാര്‍ക്കറ്റ്

വൈവിധ്യമാര്‍ന്ന നിക്ഷേപ പദ്ധതികള്‍, ആകര്‍ഷകമായ വായ്പാ സ്‌കീമുകള്‍ തുടങ്ങി ഇടപാടുകാര്‍ക്കു അനുയോജ്യമായ എല്ലാ ബാങ്കിംഗ് ഉത്പന്നങ്ങളും എസ് ഐ ബി യിലുണ്ട്. വനിതകള്‍ക്കായി എസ് ഐ ബി മഹിള, യുവജനങ്ങള്‍ക്കായി യൂത്ത് പ്ലസ്, കുട്ടികള്‍ക്കായി എസ് ഐ ബി ജൂണിയര്‍ തുടങ്ങി വിവിധങ്ങളായ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി. നാട്ടിലേക്കു മടങ്ങി വരുന്ന വിദേശഇന്ത്യക്കാര്‍ക്കായി പ്രവാസി സ്വാഗത് എന്നൊരു വായ്പാ പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു. എസ് ഐ ബി യുടെ ശാഖകളില്‍ പാന്‍കാര്‍ഡ് മുതല്‍ ഇന്റര്‍നാഷണല്‍ റെമിറ്റന്‍സ് വരെ സാധ്യമാകും. എല്ലാത്തരത്തിലും ഒരു ഫിനാന്‍ഷ്യല്‍ സൂപ്പര്‍മാര്‍ക്കറ്റാണ് ഇന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക്.

ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച്

വികസനത്തിന്റെ ഭാഗമായി ദുബായിലെ ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ചിന്റെ മാനേജ്‌മെന്റ് നിയന്ത്രണം ഏറ്റെടുത്തതു, ഡോ. വി എ ജോസഫിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളിലൊന്നാണ്. ഹാദി എക്‌സ്‌ചേഞ്ചിന് ഇന്ന് ഏഴു ശാഖകളാണുള്ളത്. നവംബറില്‍ പുതിയൊരു ശാഖകൂടി തുറക്കും. ഹാദിയുടെ ശാഖകളില്‍ പണമടച്ചാല്‍ 30 മിനിട്ടിനുള്ളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഏതു ശാഖയിലുള്ള അക്കൗണ്ടിലും ക്രെഡിറ്റ് ചെയ്യും.

SIB-New-Head-Office-big

രാജ്യാന്തര നിലവാരത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോര്‍പറേറ്റ് ഓഫീസ് നവീകരിച്ചതും എറണാകുളം രാജഗിരിവാലിയില്‍ എസ് ഐ ബിയുടെ ഐടി ഡിവിഷന്‍ സ്ഥാപിച്ചതും ഡോ. വി എ ജോസഫിന്റെ നേതൃപാടവത്തിന്റെ ഉദാഹരണങ്ങളാണ്.

വേറിട്ട എച്ച് ആര്‍ പ്രാക്ടീസ്

ഹ്യൂമന്റിസോഴ്‌സസ് രംഗത്ത് ഡോ വി എ ജോസഫിനുള്ള അസാമാന്യ പാടവമാണ് എസ് ഐ ബി യുടെ വിജയക്കുതിപ്പിന്റെ മുഖ്യഘടകം. ചെറുപ്പക്കാരായ പ്രഫഷണലുകള്‍ എത്തിയതോടെ ബാങ്കിന്റെ ബിസിനസ് വളര്‍ന്നു. എംബിഎക്കാരും ചാര്‍ട്ടേഡ്അക്കൗണ്ടന്റുകളും എന്‍ജിനീയര്‍മാരും ഉള്‍പ്പെടുന്ന എസ് ഐ ബി ടീമില്‍ ഇന്ന് 7,500 പേരുണ്ട്. ശരാശരി പ്രായം 34 വയസ്. പ്രതിശീര്‍ഷ ബിസിനസ് പത്തു വര്‍ഷം മുമ്പുണ്ടായിരുന്ന രണ്ടു കോടിയില്‍ നിന്ന് ആറ് ഇരട്ടി വര്‍ധിച്ചു 12 കോടി രൂപയായി.

ബാങ്കിംഗ് മേഖലയിലെ ഏറ്റവും മികച്ച ഹ്യൂമന്‍ റിസോഴ്‌സസ് ശൈലിയാണ് എസ് ഐ ബി പിന്തുടരുന്നത്. കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യങ്ങളും പ്രമോഷന്‍ സാധ്യതകളും സൃഷ്ടിക്കുന്നു. ഗ്രേഡിന് അനുസരിച്ച് എംപ്ലോയീസ് സ്‌റ്റോക്ക് ഓപ്ഷന്‍ ഉള്‍പ്പടെയുള്ള സാലറി പാക്കേജും നല്‍കിവരുന്നു.

ജോലിയില്‍ മികവു പുലര്‍ത്തുന്നവരെ എസ് ഐ ബി എല്ലാ വര്‍ഷവും വിദേശങ്ങളില്‍ സംഘടിപ്പിക്കുന്ന ടോപ് പെര്‍ഫോമേഴ്‌സ് മീറ്റില്‍ ആദരിക്കും. ഭര്‍ത്താവിനൊപ്പം ഭാര്യയെയും കൂടിയാണ് ബാങ്ക് ആദരിക്കുന്നത്. ഈ വര്‍ഷം മോസ്‌കോയിലായിരുന്നു, 65 പേര്‍ പങ്കെടുത്ത ടോപ് പെര്‍ഫോമേഴ്‌സ് മീറ്റ്.

ജീവനക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും വിവാഹാനന്തര ജീവിതത്തിനും നാലു വര്‍ഷം വരെ അവധി നല്‍കുന്ന സ്റ്റാഫ് വെല്‍ഫെയര്‍ സ്‌കീമിനു പിന്നിലും ഡോ. വി എ ജോസഫിന്റെ ക്രാന്തദര്‍ശിത്വമുണ്ടായിരുന്നു. അവധി കഴിഞ്ഞ് മടങ്ങിയെത്തുന്നവര്‍ക്ക് വീണ്ടും ജോലിയില്‍ പ്രവേശിക്കാവുന്ന സ്റ്റാഫ് വെല്‍ഫയര്‍ സ്‌കീം ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായി. മാനവവിഭവശേഷി വികസനത്തില്‍ (പൂണെ സര്‍വകലാശാല) ഡോക്ടറേറ്റ് നേടിയ ഇന്ത്യയിലെ ഏക ബാങ്കറാണ് ഡോ. വി എ ജോസഫ്.

അതിശയിപ്പിക്കുന്ന ബിസിനസ് വളര്‍ച്ച

ജീവനക്കാര്‍ ഡോ. ജോസഫിന് നല്‍കിയ അകമഴിഞ്ഞ പിന്തുണ ബാങ്കിന്റെ ബിസിനസ് വളര്‍ച്ചയില്‍ പ്രതിഫലിച്ചു. ബാങ്കിന്റെ മൊത്തം ബിസിനസ് 2004-05 ലെ 13,857.57 കോടിയില്‍ നിന്ന് 2013-14 ല്‍ 83,894 കോടി രൂപയായി വളര്‍ന്നു. ഡോ. വി എ ജോസഫിന്റെ സമര്‍ത്ഥമായ നേതൃത്വത്തില്‍ പത്തു വര്‍ഷത്തിനിടെ ആറു മടങ്ങ് ബിസിനസ് വളര്‍ച്ച സൗത്ത് ഇന്ത്യന്‍ ബാങ്ക് നേടി. നടപ്പുവര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് എസ് ഐ ബി യുടെ ലക്ഷ്യം.

തുടര്‍ച്ചയായി എല്ലാ ക്വാര്‍ട്ടറുകളിലും ലാഭമാര്‍ജിന്‍ നിലനിര്‍ത്താന്‍ എസ് ഐ ബിക്കു കഴിഞ്ഞു. 2014 മാര്‍ച്ചില്‍ അവസാനിച്ച ധനകാര്യവര്‍ഷം 507.50 കോടി രൂപയാണ് അറ്റാദായം. മെച്ചപ്പെട്ട പലിശമാര്‍ജിന്‍ നിലനിര്‍ത്തുന്നതിനൊപ്പം നിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കാനും ബാങ്കിനെ ഡോ വി എ ജോസഫ് പ്രാപ്തമാക്കി.

ഓഹരി വിപണിയിലും ബ്ലൂചിപ്പ്

ബിസിനസും ലാഭവും വര്‍ധിപ്പിച്ച് നെക്സ്റ്റ് ജനറേഷന്‍ ബാങ്കിംഗ് ക്ലിക്കായ തോടെ ഓഹരി വിപണിയിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് താരമായി. അവകാശ ഓഹരി, ബോണസ് ഇഷ്യു, സ്‌റ്റോക് സ്പ്ലിറ്റ് തുടങ്ങി ഓഹരിയുടമകള്‍ ഒരിക്കലും കൈയൊഴിയാത്ത ഓഹരിയായി എസ് ഐ ബി മാറി. ഓഹരി മൂലധനത്തില്‍ 46 ശതമാനവും കൈവശംവയ്ക്കുന്നത് വിദേശനിക്ഷേപ സ്ഥാപനങ്ങളാണ്.

അംഗീകാരങ്ങള്‍

കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി നിരവധി പുരസ്‌കാരങ്ങളാണ് ഡോ ജോസഫിനെയും ബാങ്കിനെയും തേടിയെത്തിയിട്ടുള്ളത്. ബിസിനസ് ടുഡെ 2013 ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 100 സിഇഒ മാരില്‍ ഒരാളായി ഡോ. വി എ ജോസഫിനെ തെരഞ്ഞെടുത്തു. ഒപ്പം സണ്‍ഡേ സ്റ്റാന്‍ഡേര്‍ഡിന്റെ ബെസ്റ്റ് ബാങ്കര്‍ അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു. ഐഡിആര്‍ബിടി (2006, 2011, 2012 2014), ഐബിഎ ബാങ്കിംഗ് ടെക്‌നോളജി അവാര്‍ഡ് (2014), ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റിന്റെ (2009, 2011) ബെസ്റ്റ് ബാങ്ക് ഇന്‍ അസറ്റ് ക്വാളിറ്റി തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ എസ് ഐ ബി ക്കു ലഭിച്ചിട്ടുണ്ട്.

തുടക്കം സിന്‍ഡിക്കേറ്റ് ബാങ്കില്‍

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് വടക്കേക്കര പരേതനായ വി. ജി. ആന്റണിയുടേയും ആലീസിന്റെയും രണ്ടാമത്തെ മകനായ ഡോ. വി എ ജോസഫ് 1972-ല്‍ സിന്‍ഡിക്കേറ്റ് ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുംബൈ സോണ്‍ ജനറല്‍മാനേജരായിരിക്കെ 2003 ഡിസംബറില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ആദ്യത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി. 2005 ജൂണില്‍ ചെയര്‍മാനായി. 2011 ല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി. അനുഗൃഹീതനായ ഒരു ഗായകന്‍ കൂടിയാണ് ഡോ. വി എ ജോസഫ്.

കാഞ്ഞൂപറമ്പില്‍ പരേതനായ കെ. എം. അലക്‌സാണ്ടറുടെയും അന്നമ്മയുടെയും മകള്‍ റോസിയാണ് ഡോ. ജോസഫിന്റെ ഭാര്യ. അമേരിക്കയില്‍ സര്‍ജനായ ഡോ. ആന്റണി ജോസഫ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറായ അലക്‌സ് ജോസഫ് എന്നിവരാണ് മക്കള്‍.

ലിപ്‌സണ്‍ ഫിലിപ്പ്‌