നിർമാണരംഗത്തെ നോബിൾ സംരംഭകൻ : പി.വി. തോമസ്

Posted on: March 6, 2018

വാട്ടർട്രീറ്റ്‌മെന്റ് രംഗത്തെ ചിരപ്രതിഷ്ഠ നേടിയ ബ്രാൻഡ് ആണ് നോബിൾടെക്ക്. കേരളത്തിൽ ഏറ്റവും കൂടുതൽ വാട്ടർട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിച്ചത് എറണാകുളം പാലാരിവട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന നോബിൾടെക്ക് എൻജിനീയറിംഗ് ആണ്. കൺസ്ട്രക്ഷൻ കമ്പനിയായാണ് നോബിൾടെക്കിന്റെ തുടക്കം. പിറവം പുളിക്കീൽ പി.വി. തോമസും കാക്കനാട് കിഴക്കേടത്ത് കെ.എ. ഏലിയാസും ചേർന്ന് ആരംഭിച്ച തോമസ് ഏലിയാസ് കമ്പനിയാണ് പിന്നീട് നോബിൾടെക്ക് ആയി മാറിയത്. കൺസ്ട്രക്ഷൻ രംഗത്തെ അത്യപൂർവ്വമായ ആ കൂട്ടുകെട്ട് നാല് ദശാബ്ദത്തിലേറെ ദീർഘിച്ചു. കെ. എ. ഏലിയാസിന്റെ നിര്യാണത്തോടെ നോബിൾടെക്ക്് വൻകിട നിർമാണകരാറുകൾ ഏറ്റെടുക്കുന്നത് കുറച്ചു.

പിറവം മുളക്കുളത്തെ പുളിക്കീൽ പി. ടി. വർഗീസ് – ഏലിയാമ്മ ദമ്പതികളുടെ ഏക മകനായ പി.വി. തോമസ് കൺസ്ട്രക്ഷൻ രംഗത്ത് എത്തിയത് തികച്ചും യാദൃശ്ചികമായിരുന്നു. കർഷക കുടുംബത്തിൽ പിറന്ന അദ്ദേഹം ബാല്യം മുതൽ അസാമാന്യ നേതൃപാടവും പ്രകടമാക്കി. മൂവാറ്റുപുഴ നിർമ്മലാ കോളജിലെ പഠനത്തിനു ശേഷം അറുപതുകളിൽ ചെറിയ കരാർ ജോലികൾ ഏറ്റെടുക്കാൻ തുടങ്ങി. ഏറ്റെടുക്കുന്ന ജോലിയോടുള്ള അർപ്പണബോധവും മൂല്യങ്ങൾ മുറകെപിടിച്ചുള്ള ചുവടുവെയ്പ്പുകളും പി.വി.തോമസിനെ വളർച്ചയിലേക്ക് നയിച്ചു.

പുതുതലമുറയ്ക്ക് പി.വി. തോമസ് എന്ന വ്യവസായിയിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാനുണ്ട്. അമിതലാഭത്തിന് പിറകെ പോകാതെ എങ്ങനെ സ്വന്തം സംരംഭം കെട്ടിപ്പെടുക്കാമെന്ന് സ്വജീവിതത്തിലൂടെ അദ്ദേഹം നമ്മുക്ക് കാണിച്ചുതന്നു. പൊതുപ്രവർത്തനത്തിൽ പുലർത്തേണ്ട സുതാര്യതയ്ക്കും അനുകരണീയമായ മാതൃകയാണ് പി.വി.തോമസ്. വിജയസോപാനത്തിലായിരിക്കുമ്പോഴും സാമൂഹ്യപ്രതിബദ്ധത മറക്കാത്ത അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി പരക്കെ വിലമതിക്കപ്പെടുന്നു.

നാഴികക്കല്ലുകൾ

എറണാകുളം സിവിൽ സ്‌റ്റേഷന്റെ ആറ് നിലയുള്ള ആദ്യ ബ്ലോക്ക് 1972 ൽ നിർമ്മാണം പൂർത്തിയാക്കിയത് പി.വി. തോമസിന്റെ നേതൃത്വത്തിലായിരുന്നു. തുടർന്ന് നിരവധി പാലങ്ങൾ, കെട്ടിടങ്ങൾ, ഫാക്ടറികൾ, ജലവിതരണപദ്ധതികൾ തുടങ്ങിയവയുടെ നിർമ്മാണം ഏറ്റെടുത്ത് യാതൊരാക്ഷേപത്തിനും ഇടയില്ലാത്തവിധം പൂർത്തിയാക്കി. കാർബറോണ്ടം യൂണിവേഴ്‌സലിന് വേണ്ടി മണിയാർ ജലവൈദ്യുത പദ്ധതി, കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ്, കാലടി സംസ്‌കൃത സർവകലാശാല തുടങ്ങിയ നിർമിതികളിൽ പി.വി. തോമസിന്റെ കൈയൊപ്പുകളുണ്ട്.

കേരള ബേസ്ഡ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച ആദ്യത്തെ കമ്പനി നോബിൾടെക്ക് ആണ്. ഇന്ന് കണ്ണൂർ മുതൽ തിരുവനന്തപുരം വരെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ള പദ്ധതികൾ ഏറ്റെടുത്ത് വിജയകരമായ രീതിയിൽ കോൺട്രാക്ട് വർക്ക് തുടർന്നുപോരുന്നു. ഏറ്റെടുക്കുന്ന പ്രവൃത്തിയോട് തികഞ്ഞ ആത്മാർത്ഥത പുലർത്തുന്ന പി.വി. തോമസ് മറ്റു കരാറുകാരിൽ നിന്ന് ഏറെ വ്യത്യസ്തനാണ്.

വിദ്യാഭ്യാസമേഖലയിൽ

വൈവിധ്യവത്കരണത്തിന്റെ ഭാഗമായി 2010 ൽ പാമ്പാക്കുടയിൽ ഹോളികിംഗ്‌സ് എൻജിനീയറിംഗ് കോളജ് സ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസമേഖലയിലേക്കും പി.വി. തോമസ് കടന്നുചെന്നു. ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, സിവിൽ എന്നീ എൻജിനീയറിംഗ് കോഴ്‌സുകളാണ് ഹോളികിംഗ്‌സിലുള്ളത്. ചുരുങ്ങിയകാലത്തിനുള്ളിൽ മധ്യകേരളത്തിലെ മുൻനിര എൻജിനീയറിംഗ് കോളജുകളിലൊന്നാവാൻ ഹോളികിംഗ്‌സിന് കഴിഞ്ഞു.

സാമൂഹ്യപ്രതിബദ്ധത മറക്കാതെ

ബിസിനസിനൊപ്പം സാമൂഹ്യസേവനരംഗത്തും സജീവമാണ് പി.വി.തോമസ്. തന്നാൽ കഴിയുന്നപോലെ മറ്റുള്ളവരെ സഹായിക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലുണ്ട്.. പിറവം താലൂക്ക് രൂപീകരണത്തിൽ പി.വി. തോമസ് ബിസിനസ് തിരക്കുകൾ മാറ്റിവെച്ച് മുൻമന്ത്രി ടി.എം. ജേക്കബിനോടൊപ്പം ചേർന്ന് പ്രവർത്തിച്ചു. പിറവം ബിപിസി കോളജിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലും പിറവംകാരുടെ പ്രിയപ്പെട്ട തൊമ്മച്ചൻ മുൻനിരയിലുണ്ടായിരുന്നു. കോളജിന്റെ പ്രാരംഭ ക്ലാസുകൾ നടത്തിയിരുന്നത് പിറവം ടൗണിൽ പി.വി. തോമസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്.

വികസനകാര്യങ്ങളിൽ ദീർഘവീക്ഷണമുള്ള ഇദ്ദേഹം കോട്ടയം – നെടുമ്പാശേരി റോഡ് എന്ന ആശയം ഗവൺമെന്റിൽ സമർപ്പിക്കുകയും അതനുസരിച്ച് 104 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുകയും ചെയ്തു. 10,000 കർഷകർ അംഗങ്ങളായുള്ള പെരിയാർ കർഷകസംഘത്തിന്റെ സ്ഥാപകനും ഇപ്പോൾ രക്ഷാധികാരിയുമാണ് പി.വി. തോമസ്. പിറവം അക്വാട്ടിക് ക്ലബ് രൂപീകരിച്ചു. ഇപ്പോൾ ക്ലബിന്റെ രക്ഷാധികാരിയാണ്. ഗ്രേറ്റർ പിറവം ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് റൈറ്റ് ടു ഇൻഫർമേഷൻ ഫോറത്തിന്റെ പ്രവർത്തനങ്ങളിലും തൊമ്മച്ചന്റെ സാന്നിധ്യമുണ്ട്.

പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പിറവത്ത് 120 കിടക്കകളുള്ള ജെഎംപി ആശുപത്രി സമുച്ചയത്തിന്റെ നിർമാണ സാരഥ്യം ഏറ്റെടുത്തു. ഒരു പൈസ പ്രതിഫലം പറ്റാതെ നിരവധി പള്ളികൾ, സ്‌കൂൾ, റോഡ് തുടങ്ങിയവയുടെ നിർമ്മാണ നേതൃത്വം ഏറ്റെടുത്ത് നാട്ടുകാർക്ക് ഒപ്പം നിലകൊള്ളുന്നു. പിറവത്ത് പ്രവർത്തിക്കുന്ന സ്‌നേഹഭവന് 60 സെന്റ് സ്ഥലം വാങ്ങി നൽകിക്കൊണ്ട് പി.വി. തോമസ് നിശബ്ദമായി തന്റെ സേവനങ്ങൾ തുടരുന്നു.

സാന്തുല ഹോസ്പിറ്റൽ

കൂത്താട്ടുകുളം വടകരയിൽ പ്രവർത്തിക്കുന്ന സാന്തുല സൈക്യാട്രിക് ഹോസ്പിറ്റലാണ് പി.വി. തോമസിന്റെ മറ്റൊരു കർമ്മരംഗം. എട്ട് വർഷം മുമ്പ് സമാനചിന്താഗതിക്കാരായ 27 സുഹൃത്തുക്കളോട് ചേർന്നാണ് 180 കിടക്കകളുള്ള സാന്തുല ആശുപത്രിക്ക് രൂപം നൽകിയത്. മാനസികരോഗികളെയും ലഹരിക്ക് അടിമപ്പെട്ടവരെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന വലിയ ദൗത്യമാണ് സാന്തുല നിർവഹിക്കുന്നത്. ഒപ്പം സ്വഭാവവൈക്യലങ്ങളുള്ള കുട്ടികളെ മൂല്യാധിഷ്ഠിത ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താനുള്ള ദൗത്യവും ഏറ്റെടുത്തിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകൾക്ക് ആശ്വാസമേകുന്ന സാന്തുല ഹോസ്പിറ്റലിന്റെ വൈസ് പ്രസിഡന്റാണ് തൊമ്മച്ചൻ.

കുടുംബത്തിന്റെ തണൽ

നിരവധി ശാഖകളുള്ള പുളിക്കീൽ കുടുംബത്തിലെ 22 ാം തലമുറക്കാരനാണ് പി.വി.തോമസ്. പ്രവർത്തനമണ്ഡലത്തിൽ 50 ആണ്ട് പിന്നിട്ട വേളയിൽ പുളിക്കീൽ കുടുംബയോഗം തങ്ങളുടെ പ്രിയപ്പെട്ട തൊമ്മച്ചന് സ്വീകരണം നൽകി ആദരിക്കുകയുണ്ടായി. പി. വി. തോമസിന്റെ ഭാര്യ ശാന്ത കിഴക്കമ്പലം ഊരാട്ടുകരയിൽ ചെമ്മലയിൽ പൗലോസിന്റെ മകളാണ്. ശാന്തയുടെ പിന്തുണയാണ് താൻ ഏറ്റെടുക്കുന്ന ദൗത്യങ്ങൾ വിജയിപ്പിക്കുന്നതെന്ന് തൊമ്മച്ചൻ പറയുന്നു. ഈ ദമ്പതികൾക്ക് മൂന്ന് മക്കൾ – മേരി, അച്ചാമ്മ, എലിസബത്ത് (ലിസ).