ഇഷ്ടഭക്ഷണം കിട്ടിയില്ല ; തുടങ്ങി ഒരു സംരംഭം

Posted on: January 3, 2017

പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോഴാണ് നമ്മൾ പോംവഴികൾ തേടുന്നതും അതു നമ്മുടെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നതും. എറണാകുളം സ്വദേശി ഹർഷ തച്ചേരിയുടെ ജീവിതത്തിലും സംഭവിച്ചത് അതായിരുന്നു. എപ്പോഴും നല്ല ഹോംലി ഫുഡ് കഴിക്കാനാണ് ഹർഷ ഇഷ്ടപ്പെടുന്നത്. അഞ്ച് വർഷങ്ങൾക്കു മുമ്പ് ഹർഷ ഗർഭിണിയായിരുന്നപ്പോൾ രുചിയുള്ള ഭക്ഷണം പലപ്പോഴും കിട്ടാതെ വന്നു. സ്വന്തമായി ഉണ്ടാക്കിക്കഴിക്കാൻ സാധിക്കാതിരുന്ന സമയമായതുകൊണ്ടുതന്നെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഹർഷയ്ക്ക് അന്യമായി.

ഹോംലി ഫുഡ് ഉണ്ടാക്കി നൽകാൻ ആരെങ്കിലും ഉണ്ടോ എന്നായി പിന്നീടുള്ള അന്വേഷണം. ഭക്ഷണം ഉണ്ടാക്കുന്ന നിരവധി ആളുകൾ ഉണ്ടായിരുന്നെങ്കിലും എത്തിച്ചു നൽകാൻ ആരുമുണ്ടായിരുന്നില്ല. ഹോംലി ഫുഡിന് ആവശ്യക്കാർ നിരവധി പക്ഷേ എത്തിക്കാൻ ആളില്ലാത്ത അവസ്ഥ. ഈ സാഹചര്യത്തിൽ ആവശ്യക്കാരിലേക്ക് ഹോംലി ഫുഡ് എത്തിച്ചു നൽകിയാൽ നല്ലൊരു സേവനവും അതിലുപരി മികച്ചൊരു ബിസിനസുമായി മാറില്ലേ എന്ന ചിന്ത വിടാതെ ഹർഷയെ പിടികൂടി.

കൂടുതൽ ഇതിനെപ്പറ്റി ചിന്തിക്കുകയും പഠിക്കുകയും കൂടി ചെയ്തപ്പോൾ ഇതിന്റെ സാധ്യതകൾ അനന്തമാണെന്ന് മനസിലായി. പ്രസവശേഷം കുഞ്ഞിനെ പരിപാലിക്കേണ്ടതുള്ളതു പിന്നീടുള്ള ചിന്തകൾ മകൾക്കായി വഴിമാറി. മകൾ സ്‌കൂളിൽ പോകുന്ന പ്രായമെത്തിയപ്പോൾ ഹർഷയിലെ സംരംഭക വീണ്ടും ഉണർന്നു. സുഹൃത്തുമായി ഈ ആശയം പങ്കുവച്ചതോടെ 2014 ഓഗസ്റ്റിൽ മസാലബോക്‌സ് എന്ന ഓൺലൈൻ റെസ്റ്റോറന്റിന് തുടക്കം കുറിച്ചു.

ഹോംലി ഫുഡ്

 

www.masalabox.com ൽ ഒരു കൂട്ടം ഹോംലി ഷെഫുമാർ നിങ്ങൾക്കു ഭക്ഷണമുണ്ടാക്കിത്തരാൻ കാത്തു നിൽക്കുന്നു. അതും അവരുടെ തന്നെ വീടുകളിൽ. നിങ്ങൾ ഓർഡർ ചെയ്യേണ്ട താമസം മാത്രമെയുള്ളു. സ്വാദൂറുന്ന വിഭവങ്ങൾ ഓരോ വീടുകളിൽ നിന്നും നിങ്ങളുടെ ഡൈനിംഗ് ടേബിളിലേക്ക് എത്തും. ഓൺലൈൻ റെസ്റ്ററന്റുകൾ നാട്ടിൽ നിരവധിയാണ്. പക്ഷേ അവരിൽ നിന്നെല്ലാം മസാലാബോക്‌സിനെ വ്യത്യസ്തമാക്കുന്ന് ഭക്ഷണം ഉണ്ടാക്കുന്ന രീതി തന്നെയാണ്. വെറുതെ ഹോംലി ഫുഡ് എന്ന ലേബലിൽ ഭക്ഷണം വിൽക്കാൻ തയാറല്ല ഇവർ. മസാലബോക്‌സ് വഴി വിതരണം ചെയ്യുന്ന ഭക്ഷണം ഉണ്ടാക്കുന്നത് വീടുകളിൽ തന്നെയാണ്.

മസാലബോക്‌സ് ഡോട്ട്‌കോമിൽ നിരവധി ഹോംലി ഷെഫുമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ ഇഷ്ടവും താത്പര്യവുമനുസരിച്ച് ഓരോരുത്തർക്കും ഏതു ഭക്ഷണം വേണമെങ്കിലും തെരഞ്ഞെടുക്കാം. ഓരോ വിഭങ്ങളും ആരാണ് ഉണ്ടാക്കുന്നതെന്നും അവരെ സംബന്ധിക്കുന്ന വിവരങ്ങളും മസാലബോക്‌സിൽ നൽകിയിട്ടുണ്ടാകും. നഗര കേന്ദ്രീകൃതമായാണ് മസാലബോക്‌സിന്റെ പ്രവർത്തനം. ഇപ്പോൾ കൊച്ചിയിലും ബംഗലുരുവിലും മസാലബോക്‌സ് പ്രവർത്തിക്കുന്നു.

ഓർഡറുകൾ എല്ലാം വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയുമാണ് സ്വീകരിക്കുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ മസാലബോക്‌സിന്റെ ആപ്ലിക്കേഷൻ ലഭ്യമാണ്. ഒരാഴ്ചത്തെ മെനു വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ടാകും. അതുകൊണ്ടു ഒരാഴ്ച മുമ്പ് തന്നെ ആളുകൾക്ക് ഓർഡറുകൾ നൽകാം. ഓൺലൈൻ പേമെന്റും കാഷ്ഓൺ ഡെലിവറി സേവനവും ലഭ്യമാണ്. പേ മണി ഉപയോഗിച്ചാണ് ഓൺലൈൻ ട്രാൻസാക്ഷൻസ് നടത്തുന്നത്. ബംഗലുരുവിൽ 80 ശതമാനം ഓർഡറുകളും ആപ് വഴിയാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ആപ്പിന് പ്രാധാന്യം നൽകിയുള്ള മാർക്കറ്റിംഗാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. 70 ശതമാനം ഓർഡറുകളും റിപ്പീറ്റഡ് കസ്റ്റമേഴ്‌സിന്റേതാണ്.

ഓരോ ഹബുകൾ കേന്ദ്രീകരിച്ചാണ് മസാലബോക്‌സിന്റെ പ്രവർത്തനം. കൊച്ചി സിറ്റിയിൽ എല്ലായിടത്തും തന്നെ മസാലബോക്‌സിന്റെ സേവനം ലഭ്യമാണ്. വ്യക്തിഗത ഓർഡറുകൾക്കൊപ്പം പാർട്ടി ഓർഡറുകളും മസാലബോക്‌സ് സ്വീകരിക്കന്നുണ്ട്. പാർട്ടി ഓർഡറുകൾ എന്തെങ്കിലുമാണെങ്കിൽ ദൂരെ സ്ഥലങ്ങളിലേക്കും ഇവർ എത്തിച്ചു നൽകും. സിംഗിൾ ഓർഡർ വാങ്ങി ഇഷ്ടപ്പെട്ടവർ തന്നെയാണ് പാർട്ടി ഓർഡറകൾക്കായും സമീപിക്കുന്നത്. മൊത്തം 18 ജീവനക്കാരാണ് മസാലബോക്‌സിൽ ഉള്ളത്.

പാചകം ചെയ്യാൻ കാത്തിരിക്കുന്ന ഹോംലി ഷെഫുമാർ

 

നന്നായി ഭക്ഷണമുണ്ടാക്കുമെങ്കിലും അതു മറ്റുള്ളവരിലേക്ക് എത്തിച്ചു മാർക്കറ്റ് ചെയ്യാൻ പല വീട്ടമ്മമാർക്കും അറിയില്ല. ഇതിനൊരു പരിഹാരമെന്ന നിലയിൽ കൂടിയായിരുന്നു മസാലാബോക്‌സ് ആരംഭിച്ചത്. 100ലധികം ഷെഫുമാരാണ് ഇപ്പോൾ മസാലബോക്‌സിൽ വഭവങ്ങൾ തയാറാക്കാനായി കാത്തിരിക്കുന്നത്. ഒരു ദിവസം ഇവരിൽ ആറ് ഷെഫുമാരുടെ വിഭവങ്ങളായിരിക്കും സൈറ്റിൽ ഇടുക. 12 മുതൽ രണ്ട് വരെയായിരിക്കും മസാലബോക്‌സിന്റെ ലഞ്ച് ടൈം. ഇതിനുള്ളിലാണ് ഓർഡർ ചെയ്തവരിലേക്ക് ഭക്ഷണം എത്തിക്കുക. ഏത് ദിവസത്തേക്കാണോ ഉച്ച ഭക്ഷണം ആ ദിവസം രാവിലെ 11.30 വരെയായിരിക്കും ഓർഡർ സ്വീകരിക്കുക. ഡിന്നർ വൈകുന്നേരം ആറ് വരെയും. ഏഴ് മുതൽ പത്ത് മണി വരെയാണ് ഡെലിവറി ടൈം. മസാലബോക്‌സിന്റെ പ്രത്യേക പാക്കേജിംഗിലായിരിക്കും ഭക്ഷണം വിതരണം ചെയ്യുക. ഇതിനായി ഒരോ ഷെഫിന്റെയും വീട്ടിൽ എത്തി ഭക്ഷണം പായ്ക്ക് ചെയ്യുന്നു.

ഭക്ഷണം കളക്ട് ചെയ്ത് നേരെ ഓർഡർ ചെയ്തവരിലേക്ക് എത്തിക്കുന്നു. വിവിധ ഷെഫുമാരുടെതായി 500 ലധികം വിഭവങ്ങൾ ഇപ്പോൾ മസാലബോക്‌സിലുണ്ട്. ഷെഫുമാർക്കുള്ള ഷെഡ്യൂളുകൾ തലേ ആഴ്ച തന്നെ നൽകിയിട്ടുണ്ടാകും. ഏത് ദിവസം കുക്ക് ചെയ്യാമെന്നുള്ളത് ഷെഫിനു തന്നെ തെരഞ്ഞെടുക്കാം. അതനുസരിച്ചാണ് ഷെഡ്യൂളും മെനുവും തയാറാക്കുക. ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ, ഗോവൻ, ഇറ്റാലിയൻ, യൂറോപ്യൻ, ഇംഗ്ലീഷ് മീൽസ് അങ്ങനെ വിഭവങ്ങളുടെ ഒരു നീണ്ട നിരതന്നെയാണ് മസാലബോക്‌സിലുള്ളത്. ഭക്ഷണസാധനങ്ങളിൽ 80 ശതമാനവും ഓർഡറുകൾ ലഭിക്കുന്നത് കേരള, ഇന്ത്യൻ ഭക്ഷണ സാധനങ്ങൾക്കാണ്.

മസാലബോക്‌സിൽ ഷെഫ് ആകാം

 

മസാലബോക്‌സിൽ ഷെഫ് ആകാൻ ആഗ്രഹിക്കുന്നവർക്ക്  www.masalabox.com  ൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്താൽ മസാലബോക്‌സിൽ നിന്ന് തിരിച്ച് ബന്ധപ്പെടും. പിന്നീട് ടേസ്റ്റിംഗ് ആൻഡ് ഫോട്ടോ ഷൂട്ട്. മസാലബോക്‌സിൽ നിന്നും ചുമതലപ്പെട്ട ആളുകൾ ഷെഫിന്റെ വീടുകളിലെത്തി, ഭക്ഷണം ടേസ്റ്റ് ചെയ്ത് അപ്രൂവ് ചെയത്, കിച്ചൺ ഇൻസ്‌പെക്ഷൻ നടത്തും. തുടർന്ന് എഫ്എസ്എസ്‌ഐയിൽ രജിസ്റ്റർ ചെയ്ത ശേഷം മസാലബോക്‌സിൽ കുക്കാകാം. മിനിമം അഞ്ച് വെറൈറ്റി ഫുഡ് ഉണ്ടാക്കാൻ കഴിയുന്ന ഷെഫുമാരെയാണ് സെലക്ട് ചെയ്യുക. ദിവസവും 4-5 ഷെഫുമാരുടെ രജിസ്‌ട്രേഷനുകൾ ഇവർക്കു മുന്നിലെത്തും. ലൊക്കേഷനനുസരിച്ചാണ് ഷെഫുമാരെ സെലക്ട് ചെയ്യുന്നത്. ഓരോ മാസവും രണ്ടുമുതൽ മൂന്നുവരെ ഷെഫുമാരെ മസാലാബോക്‌സിലേക്ക് പുതുതായി ഉൾക്കൊള്ളിക്കുന്നുണ്ട്.

കൊച്ചി ടു ബംഗലുരു

 

നിലവിൽ കൊച്ചിയിലും ബംഗലുരുവിലുമാണ് മസാലബോക്‌സ് തങ്ങളുടെ ഓൺലൈൻ റെസ്റ്റോറന്റുകൾ. ബംഗലുരുവിൽ കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു പ്രവർത്തനമാരംഭിച്ചത്. ഇന്ദിരാനഗർ, എച്ച്എസ്ആർ ലേഔട്ട് എന്നീ ഹബുകൾ കേന്ദ്രീകരിച്ചാണ് ബംഗലുരുവിൽ വിഭവങ്ങൾ വിതരണം ചെയ്യുന്നത്. ജോലി ചെയ്യുന്നവരാണ് കൂടുതലായും  ഉച്ചഭക്ഷണം ഓർഡർ ചെയ്യുന്നത്. ബംഗലുരു സിറ്റി മുഴുവൻ കവർ ചെയ്യണമെങ്കിൽ കുറഞ്ഞത് ആറ് ലൊക്കേഷനുകളിലെങ്കിലും പ്രവർത്തനമാരംഭിക്കേണ്ടതായുണ്ട്. ഇത് പൂർത്തീകരിക്കാനാണ് തങ്ങളുടെ അടുത്ത ശ്രമമെന്ന് ഹർഷ പറയുന്നു. കൊച്ചിയിൽ മുതിർന്ന ആളുകളും യുവതി യുവാക്കളുമാണ് മസാലബോക്‌സിന്റെ ഉപഭോക്താക്കൾ. ദിവസവും നൂറിൽ അധികം ഓർഡറുകൾ ലഭിക്കുന്നു.

ഭാവിയിൽ ഇന്ത്യയിൽ മുഴുവനുള്ള ഓൺലൈൻ ഫുഡ് ശൃംഖലയാണ് മസാലബോക്‌സിന്റെ ലക്ഷ്യം. ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ് ഹർഷ. ഭർത്താവ് ജുഗൽ ഇൻഫോപാർക്കിൽ ഗെയിംസ് എന്ന ഐടി കമ്പനി നടത്തുന്നു. മകൾ വേദ.

എം എം