മിനുവിന്റെ ന്യുജെൻ പപ്പടവട

Posted on: April 14, 2016

 

Minu-Pauline-Big

വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അതേ രുചി മറ്റുള്ളവർക്കും പകർന്നു നൽകിയാലെന്തെന്ന തോന്നലിൽ നിന്നാണ് മിനു സ്വന്തമായി ഒരു റസ്റ്റോറന്റിനെക്കുറിച്ചു ചിന്തിക്കുന്നത്. അത് മലയാളികളുടെ അടുക്കളയിലെ സാന്നിധ്യമായിരുന്ന നാലുമണിപ്പലഹാരങ്ങളുടെയും ഇതര ഭക്ഷ്യവിഭവങ്ങളുടെയും നല്ല രുചികളെ ഓർമ്മിപ്പിക്കുന്ന പപ്പടവട എന്ന മോഡേൺ ഭക്ഷണശാലയ്ക്കു തുടക്കമാകുകയായിരുന്നു. കൊച്ചി സ്വദേശിനിയായ  മിനു പൗളിൻ ബാങ്ക് ജോലി ഉപേക്ഷിച്ചാണ് സംരംഭകയാകുന്നത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താലാണ് സുരക്ഷിതമായ തൊഴിൽ മേഖല വിട്ട് ഇതിലേക്കിറങ്ങിയതെന്നാണ് മിനുവിന്റെ പക്ഷം. അമേരിക്ക ആസ്ഥാനമായ സിറ്റി ബാങ്കിന്റെ  കൊച്ചി ശാഖയിൽ ഉദ്യോഗസ്ഥയായിരുന്നു മിനു.

2013 ജനുവരിയിൽ എറണാകുളം എം.ജി. റോഡിൽ ഷേണായിസ് ജംഗ്ഷനടുത്താണ് മിനു പപ്പടവട തുറക്കുന്നത്. നിന്നുകൊണ്ട് ഭക്ഷണം കഴിക്കാവുന്ന സൗകര്യമേ ആ കൊച്ചുമുറിയിൽ ഉണ്ടായിരുന്നുള്ളു. പപ്പടവട, വട, കൊഴുക്കട്ട, ബജി, വൽസൻ, സുഖിയൻ തുടങ്ങിയ നാടൻ വിഭവങ്ങളുടെ ഗൃഹാതുരത്വമുണർത്തുന്ന നല്ല രുചികൾ അവതരിപ്പിച്ച് പപ്പടവട ജനമനസ്സുകളിൽ ഇടം തേടി. പഴങ്കഞ്ഞിയായിരുന്നു മറ്റൊരു ആകർഷണം. തലേദിവസം വയ്ക്കുന്ന ചോറ് വെള്ളം ഒഴിച്ച് മൺകലത്തിൽ അടച്ചുവച്ച് പച്ചമുളകും ഉള്ളിയും ചേർത്ത പഴങ്കഞ്ഞിക്കൊപ്പം കപ്പപ്പുഴുക്കും തൈരും കട്ട ചമ്മന്തിയും അച്ചാറും വിളമ്പി. മറ്റിടങ്ങളിൽ ലഭിക്കാത്ത വിഭവം രുചിക്കാൻ ഒട്ടേറെ ആരാധകരുണ്ടായി.

Pappadavada-Restaurant-Big

ഇപ്പോൾ പപ്പടവടയുടെ രണ്ടാമത്തെ ശാഖയും കൊച്ചിയിൽ തുടങ്ങി. കലൂർ – കതൃക്കടവ് റോഡിൽ കലൂർ ബസ് സ്റ്റാൻഡിനു സമീപമാണിത്. പതിവു വിഭവങ്ങൾക്കുപുറമെ വാഴ ഇലയിൽ ഊണും ഇവിടെ നൽകുന്നുണ്ട്. സാധാരണ വീട്ടിൽ തയ്യാറാക്കുന്ന കായ തോരനും പയറും പോലുള്ള കറികൾ ഊണിനുണ്ടാകുന്നത് വീട്ടിൽ നിന്ന് മാറി താമസിച്ച് ജോലി ചെയ്യുന്നവരേയും മറ്റും ആകർഷിക്കുന്നുണ്ടെന്നും മിനു പറയുന്നു. താങ്ങാവുന്ന വിലയ്ക്ക് രുചിയും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവിഭവങ്ങളാണ് പപ്പടവടയ്ക്ക് പെരുമ നൽകിയതെന്നാണ് മിനുവിന്റെ നിരീക്ഷണം.

കൊന്നമരത്തണൽ വിരിക്കുന്ന കലൂരിലെ പപ്പടവടയക്കു മുന്നിൽ ഒരു റഫ്രിജറേറ്റർ വച്ചിട്ടുണ്ട്. ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനുള്ള മിനുവിന്റെ ശ്രമമാണിത്. മിച്ചം വരുന്ന ഭക്ഷണം പാഴാക്കിക്കളയാതെ വിശക്കുന്നവർക്കു പകുത്തു നൽകുകയെന്നതാണിതിന്റെ ആശയം. നന്മമരം എന്നു വിളിക്കുന്ന ഈ 420 ലിറ്റർ റഫ്രിജറേറ്ററിൽ ആർക്കുവേണമെങ്കിലും മിച്ചം വരുന്ന, കേടു വന്നിട്ടില്ലാത്ത ഭക്ഷണം പൊതികളിലാക്കി കൊണ്ടുവന്നു വയ്ക്കാം. പപ്പടവടയുടെ വകയായി 50 ഭക്ഷണപ്പൊതികൾ ദിവസവും റെഫ്രിജറേറ്ററിൽ വയ്ക്കുന്നുമുണ്ട്.

Pappadavada-Exterior-Bigഭക്ഷണം വാങ്ങിക്കഴിക്കാൻ നിവൃത്തിയില്ലാത്തവർക്ക് ഇതെടുക്കാം. ഭക്ഷണപ്പൊതികളിൽ അത് തയ്യാറാക്കിയ തീയതി എഴുതണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഇതുവഴി ഒരു ദിവസത്തെ പഴക്കമുള്ള ഭക്ഷണപ്പൊതികൾ റെഫ്രിജറേറ്ററിൽ നിന്ന് നീക്കാനാകും. രാത്രികാലങ്ങളിലെ സുരക്ഷ ഉറപ്പാക്കാനായി സിസിടിവി കാമറയും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്ന റഫ്രിജറേറ്ററിന്റെ വൈദ്യുതി ചിലവ് വഹിക്കുന്നതും വൃത്തിയാക്കുന്നതും പപ്പടവടയാണ്. മറ്റുള്ളവർക്കും നന്മ ചെയ്യാൻ പ്രേരണയാകുന്നതാണ് ഈ ദൗത്യം.

കൊച്ചിയിൽ തന്നെ 3 ഭക്ഷണശാലകൾ കൂടി തുടങ്ങാനുള്ള പദ്ധതികളിലാണ് മിനു. നവീകരണ ജോലികൾ നടന്നുകൊണ്ടിരിക്കുന്ന എം.ജി. റോഡിലെ ഭക്ഷണശാല വീണ്ടും തുറക്കുമ്പോൾ അവിടെ പൊതിച്ചോറും ലഭ്യമാക്കുന്നുണ്ട്. എല്ലായിടങ്ങളിലും ഒരേ രുചിയുള്ള വിഭവങ്ങൾ വിളമ്പാൻ കേന്ദ്രീകൃത അടുക്കളയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൊച്ചിക്കു പുറത്ത് പപ്പടവട എത്തുന്നത് തൃശൂരിലാണ്. ഭർത്താവ് അമലും മകൻ കിട്ടുണ്ണിയും ചേർന്നതാണ് മിനുവിന്റെ കുടുംബം.

രാജീവ് ലക്ഷ്മൺ