ലെനയുടെ സ്വന്തം ‘ആകൃതി’

Posted on: September 27, 2015

 

Lena-Aakruti-Big

മലയാള സിനിമയിലെ ‘ഗൗരവക്കാരി’ എന്ന വിശേഷണമാണ് നടി ലെനയ്ക്കുള്ളത്. ചെയ്ത കഥാപാത്രങ്ങളെല്ലാം കർക്കശസ്വഭാവമുളള വേഷങ്ങളായതുകൊണ്ടാവാം ഒരു പക്ഷേ പ്രേക്ഷകരും ലെനയെ ഗൗരവക്കാരിയെന്ന് വിളിച്ചത്. എന്നാൽ സിനിമയിലെന്നപോലെ തന്നെ ജീവിതത്തിലും താൻ വളരെ ഗൗരവക്കാരി തന്നെയാണെന്നാണ് ലെനയും പറയുന്നത്. മികച്ച കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ലെന ബോളിവുഡിലേക്കും ചുവട് വെച്ചതിന്റെ ആഹ്ലാദത്തിലാണിപ്പോൾ. മലയാളിയായ രാജാ മേനോന്റെ എയർ ലിഫ്റ്റ് എന്ന സിനിമിയിലൂടെയാണ് ബോളിവുഡിൽ എത്തിയത്.

സിനിമയിലെ തിരക്കുകൾക്കിടയിലും ലെന സുഹൃത്തുക്കളുമായി ചേർന്ന് പുതിയ ബിസിനസ്സ് സംരംഭത്തിനും തുടക്കമിട്ടു. തൃശൂരിൽ ആരംഭിച്ച ആകൃതി സ്ലിമ്മിങ് ക്ലിനിക്കിന്റെ രണ്ടാമത്തെ ബ്രാഞ്ച് കോഴിക്കോടും പ്രവർത്തനം തുടങ്ങി. മൂന്നാമത്തെ ബ്രാഞ്ച് കൊച്ചിയിൽ ഉടൻ ആരംഭിക്കുമെന്നും ലെന വ്യക്തമാക്കുന്നു. ആകൃതിയുടെ വിജയരഹസ്യങ്ങളും സിനിമയിലെ വിശേഷങ്ങളും ലെന പങ്കുവെയ്ക്കുന്നു…

സൗഹൃദക്കൂട്ടായ്മയിൽ നിന്ന്…

എന്തെങ്കിലും ബിസിനസ് സംരംഭം തുടങ്ങണമെന്ന് വിചാരിച്ചെങ്കിലും പരിചയമുളളതും നല്ല രീതിയിൽ നടത്താൻ കഴിയുന്നതുമായ ഒരു നൂതനസംരംഭം തുടങ്ങണമെന്ന് തന്നെയായിരുന്നു ലെന ആഗ്രഹിച്ചത്. അങ്ങനെയാണ് സ്ലിമ്മിങ് ക്ലിനിക് ആരംഭിച്ചത്. ഇത് തികച്ചും സൗഹൃദക്കൂട്ടായ്മയിൽ നിന്ന് പിറവിയെടുത്തതാണ്. കോഴിക്കോട് ചേവായൂരിലെ ആകൃതി സ്ലിമ്മിങ് ക്ലിനിക് നടൻ ആസിഫ് അലിയാണ് ഉദ്്ഘാടനം നിർവ്വഹിച്ചത്. എല്ലായിടത്തുനിന്നും നല്ല രീതിയിലുളള അഭിനന്ദനങ്ങളും പ്രതികരണവും ഉണ്ട്. എന്റെ പ്രിയ സുഹൃത്തുക്കളായ വൃന്ദ, ലൂയിസ എന്നവരുമായി ചേർന്നാണ് കോഴിക്കോട് സ്ലിമ്മിങ് ക്ലിനിക്കിന് തുടക്കമിട്ടത്.

തികച്ചും സൗകര്യപ്രദവും ലളിതവും…

ധാരാളം സ്ലിമ്മിങ് ക്ലിനിക്കുകൾ നമ്മുടെ നാട്ടിലുണ്ട്. അമിതവണ്ണം കുറയ്ക്കുവാൻ ഒട്ടേറെ മാർഗ്ഗങ്ങളും ഔഷധങ്ങളും നിലവിലുണ്ട്. എന്നാൽ തികച്ചും സൗകര്യപ്രദവും ലളിതവുമാണ് ആകൃതിയുടെ പ്രവർത്തനം. പൂർണ്ണമായും ഫിസിയോതെറാപ്പി ബേസ്ഡാണ്. സുഹൃത്ത് ലൂയിസ ഫിസിയോതെറാപ്പിസ്റ്റാണ്. തൃശൂരിൽ ലൂയിസയുടെ സ്വന്തം ബ്രാഞ്ചുണ്ട്. ലൂയിസയാണ് ഇത്തരം ഒരാശയം ഞാനുമായി പങ്കുവെച്ചത്. ലൂയിസയുടെ ട്രീറ്റ്‌മെന്റിലൂടെയാണ് എനിക്ക് വണ്ണം കുറഞ്ഞത്. അപ്പോൾ ഇതിൽ വിശ്വാസം കൂടി. അങ്ങനെയാണ് ഇതുപോലെ ഒരു സ്ഥാപനം തുടങ്ങാം എന്നുവിചാരിച്ചത്. ആകൃതിയിൽ വിദഗ്ദ്ധരായ ജീവനക്കാരുടെ സഹായം എപ്പോഴും ഉണ്ട്. ഫിസിയോതെറാപ്പിസ്റ്റുകൾക്കു പുറമെ ഡോ.ലിജേഷ് ജോൺ കോഴിക്കോട് ക്ലിനിക്കിൽ ഫുൾടൈം കൺസൾട്ടന്റ് ആയി ഉണ്ട്.

ആകൃതിയുടെ സവിശേഷതകൾ…

ഏതൊരാൾക്കും ആകൃതിയിലെ ചികിത്സാരീതികൾ അവലംബിക്കാവുന്നതേയുള്ളൂ. കൃത്രിമമായ മരുന്നുകളോ പ്രത്യേക നിർദ്ദേശങ്ങളോ ഒന്നും മുന്നോട്ട് വെയ്ക്കുന്നില്ല. ഒരു കാര്യവും അടിച്ചേൽപ്പിക്കുന്നുമില്ല. ആഹാരകാര്യത്തിൽ പ്രത്യേക നിർദ്ദേശങ്ങളോ നിബന്ധനകളോ ഇല്ല. ചില ക്ലിനിക്കുകളിൽ ഭക്ഷണം കുറയ്ക്കണമെന്നും ഒഴിവാക്കണമെന്നും മറ്റും പറയാറുണ്ടെങ്കിലും ആകൃതിയിൽ അത്തരം നിബന്ധനകളൊന്നുമില്ല. ഞങ്ങളുടെ ഈ ചികിത്സാ രീതിക്ക് ഒരു സൈഡ് ഇഫക്ടുമില്ല. ആർക്കുവേണമെങ്കിലും ജോലിത്തിരക്കുകൾക്കിടയിൽ ഒരു മണിക്കൂർ മാറ്റിവെക്കാൻ കഴിയുമെങ്കിൽ ആകൃതിയിലെ ചികിത്സാരീതി പ്രയോജനപ്പെടുത്താവുന്നതേയുള്ളൂ.

ആകൃതിയുടെ നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ…

പ്രത്യേക ഡയറ്റിങ് നിർദ്ദേശിക്കുന്നില്ല, യാതൊരു മരുന്നുകളുമില്ല, പൗഡറുകളോ പ്രോട്ടീൻ പൊടികളോ ഇല്ല. വ്യായാമം പറയുന്നില്ല, രോഗികൾക്കും ചെയ്യാൻ കഴിയുന്നതാണ്. സാധാരണക്കാർക്കും ചെയ്യാൻ കഴിയുന്നതാണ്. ലളിതവും സുരക്ഷിതവുമാണ്. ആഹാരത്തിന്റെ സമയം, രീതി എന്നിവയിൽ ശ്രദ്ധ വേണം. ഇത്തരത്തിൽ ഏതൊരാൾക്കും പരിശീലിക്കാൻ കഴിയുന്ന സുഗമമായ രീതികൾ ആകൃതി മുന്നോട്ട് വെച്ചതോടെ എല്ലാ മേഖലയിൽ നിന്നുമുളള ജനങ്ങളുടെ പിന്തുണ കൂടി.

ആകൃതിയിൽ തിരക്കായി…

കോഴിക്കോട് ആകൃതിയിൽ ഇപ്പോൾ നല്ല തിരക്കുണ്ട്. ചലച്ചിത്ര മേഖലയിലുളളവർ ഏറെയും കൊച്ചിയിലാണ്. പലരും അവിടെ ബ്രാഞ്ച് തുടങ്ങണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒട്ടും വൈകാതെ കൊച്ചിയിൽ ബ്രാഞ്ച് തുടങ്ങും. സ്ഥലവും മറ്റും ഇതുവരെ തീരുമാനമായിട്ടില്ല. ഡോക്ടർമാർ പോലും ആകൃതിയിലേക്ക് പേഷ്യന്റിനെ വിടുന്നുണ്ട്. മുട്ടുവേദനയും മറ്റുമുളളവർ ധാരാളമായി എത്തുന്നുണ്ട്. പൊതുവെ അമിതവണ്ണക്കാർക്കാണ് മുട്ടുവേദന ഉണ്ടാകുന്നത്. മുട്ടുവേദനയുളളവർക്ക് വണ്ണം കുറയ്ക്കാനായിട്ടാണ് ആകൃതി സ്ലിമ്മിങ് ക്ലിനിക്കിലേക്ക് എത്തുന്നത്.

ലൈഫ് ലോങ്ങ് ലൈഫ് ടൈം ചേഞ്ച് ഇതാണ് ആകൃതിയുടെ മുഖമുദ്ര. ഒരാളുടെ വെയ്റ്റ് കുറയേണ്ട ആവശ്യം പോലെയാണ് സമയം ക്രമീകരിച്ചിട്ടുളളത്. ഒരാഴ്ചയിൽ ഒന്നിടവിട്ട മൂന്ന് ദിവസങ്ങളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് ചികിത്സ.അങ്ങനെ 15 ദിവസം ഉണ്ടാകും. വണ്ണം കുറയ്‌ക്കേണ്ട ആവശ്യം അനുസരിച്ചാണ് പാക്കേജ്. ഉദാഹരണത്തിന് അസുഖം മൂലമുളള വണ്ണം കുറയ്ക്കലിനും സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായുള്ള വണ്ണം കുറയ്ക്കലിനും വ്യത്യസ്ത പാക്കേജാണ്.

അല്പം സിനിമാ വിശേഷങ്ങൾ…

‘എന്നും നിന്റെ മൊയ്തീൻ’ എന്ന പൃഥ്വിരാജ് ചിത്രമാണ് എന്റെ പുതിയ സിനിമ. അതിൽ പൃഥ്വിരാജിന്റെ അമ്മയുടെ വേഷമാണ്. പാത്തുമ്മയെന്ന ആ കഥാപാത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ട റോളായിരുന്നു. ദിലീപ് നായകനാകുന്ന മറ്റൊരു ചിത്രത്തിന്റെ വർക്കുമായി ഞാൻ കാനഡയിലായിരുന്നു. അക്ഷയകുമാർ നായകനായുള്ള എയർ ലിഫ്റ്റ് എന്ന ബോളിവുഡ് ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ കൂടി തീർക്കാനുണ്ട്. വേറെയും ചില ചിത്രങ്ങളുടെ വർക്കുകളും നടന്നുവരികയാണ്. 17 വർഷമായി സിനിമയിൽ സജീവമായുണ്ട്. നീന, എന്നും എപ്പോഴും,നിർണ്ണായകം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളെല്ലാം എനിക്ക് ഇഷ്ടപ്പെട്ടതായിരുന്നു. തമിഴിൽ ‘അനേകൻ’ കഴിഞ്ഞ് വന്നതെല്ലാം അമ്മ വേഷങ്ങളായിരുന്നു.

ഗൗരവം എന്നും കൂടെയുണ്ട്…

ചില സിനിമകളിലെ എന്റെ കഥാപാത്രങ്ങളെ കണ്ടിട്ടാണ് ഞാൻ ഗൗരവക്കാരിയാണെന്ന് പലരും വിളിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ശക്തമായ നിലപാടുകളും തുറന്ന് സംസാരിക്കുകയും ചെയ്യുന്ന ഒട്ടേറെ വേഷങ്ങൾ ചെയ്തു. ഒരു പരിധി വരെ കഥാപാത്രങ്ങൾ പോലെ തന്നെയാണ് എന്റെ സ്വഭാവമെന്നും എനിക്ക് തോന്നിയിട്ടുണ്ട്. ചില കാര്യങ്ങളിൽ ഞാൻ കൃത്യമായ നിലപാടുകൾ പറയാറുണ്ട്. എന്നുകരുതി ഒന്നിനോടും പിടിവാശിയില്ല. ഓരോ സമയത്തിനും പറ്റുന്ന രീതിയിൽ തീരുമാനമെടുക്കുക അതാണ് എന്റെ ശൈലി.

അച്ഛൻ എസ്.ബി. ഐയിൽ ജോലി ചെയ്തിരുന്നതിനാൽ അച്ഛന്റെ ട്രാൻഫറുകൾ കാരണം ഞങ്ങൾ ഇന്ത്യയുടെ പല സ്ഥലങ്ങളിലും ജീവിച്ചിട്ടുണ്ട്. ഗുവാഹട്ടി, മേഘാലയ, ഷില്ലോങ് തുടങ്ങിയ ഭാഗത്തൊക്കെയായിരുന്നു. കുട്ടിക്കാലത്തെ ആ ഓർമ്മകൾ ഇന്നും മറക്കാനാവില്ല. ഒരുപാട് ജീവിതവും അനുഭവങ്ങളും കുട്ടിക്കാലം മുതലേ എനിക്ക് കാണാൻ കഴിഞ്ഞു. ഒരുപക്ഷേ അക്കാലത്തെ യാത്രകൾ കൊണ്ടാകാം എനിക്ക് യാത്രകളോടൊന്നും അത്ര താത്പര്യമില്ല.

നല്ല കഥാപാത്രങ്ങൾ മുതൽക്കൂട്ടായി…

സീരിയലിലെ എന്റെ ചില കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. കുടുംബാംഗത്തെപ്പോലെയാണ് അവർ എന്നെ സ്വീകരിച്ചത്. പിന്നീട് സിനിമയിലേക്ക് വന്നപ്പോൾ മികച്ച വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് എനിക്ക് നല്ല ഇമേജ് കിട്ടി. കൗതുകത്തിന് വേണ്ടിയാണ് അമ്മ വേഷങ്ങൾ ചെയ്തതെങ്കിലും ആ വേഷങ്ങളും പ്രേക്ഷകർക്കിടയിൽ എനിക്ക് നല്ല മതിപ്പുണ്ടാക്കി.

സിനിമയിലേക്ക് എന്നെ ബൂസ്റ്റ് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സമയമെടുത്താണ് ഞാൻ സിനിമയിൽ വളർന്നുവന്നത്. മലയാളികളുടെ പ്രിയതാരങ്ങളായിരുന്ന തിലകൻ ചേട്ടന്റെയും സുകുമാരിയമ്മയുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എല്ലാ തിരക്കുകളും ഒഴിഞ്ഞ് ബാംഗ്ലൂരിലെ എന്റെ ഫ്‌ളാറ്റിൽ തനിച്ചിരിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഇഷ്ടപ്പെട്ട ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കുന്നതും സന്തോഷമാണ്. കൂടെ എന്റെ കൈയ്യിലുളള റേഡിയോയിലൂടെ സ്റ്റേഷനുകൾ മാറ്റി മാറ്റി പാട്ട് കേൾക്കുന്നതും എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളാണ്.

പി. ആർ. സുമേരൻ