റെലിഗേർ സെക്യൂരിറ്റീസും ധനലക്ഷ്മി ബാങ്കും ധാരണയിൽ

Posted on: March 28, 2015

Dhanlaxmi-Bank-with-Religar

കൊച്ചി : ഇടപാടുകാർക്ക് ഓഹരി വ്യാപാരം നടത്തുന്നതിനായി റീട്ടെയ്ൽ ബ്രോക്കിംഗ് രംഗത്തെ മുൻനിരക്കാരായ റെലിഗേർ സെക്യൂരിറ്റീസും ധനലക്ഷ്മി ബാങ്കും ധാരണാപത്രം ഒപ്പുവച്ചു. ധനം 3 ഇൻ 1 അക്കൗണ്ട് എന്ന പേരിൽ തുടങ്ങിയ പുതിയ സംവിധാനത്തിൽ ഇടപാടുകാർക്ക് സേവിംഗ്‌സ്, ഡീമാറ്റ്, ഓൺലൈൻ വ്യാപാരം എന്നീ അക്കൗണ്ടുകൾ ലഭിക്കും.

ഇടപാടുകാർക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് ധനം 3 ഇൻ 1 അക്കൗണ്ട് എന്ന് റെലിഗേർ റീട്ടെയ്ൽ വിതരണ വിഭാഗം പ്രസിഡന്റ് ജയന്ത് മാങ്ക്‌ളിക് പറഞ്ഞു. ഇടപാടുകാരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ പുതിയ സംവിധാനത്തിന് കഴിയും.

വൈവിധ്യമാർന്ന നിക്ഷേപ ഓപ്ഷനുകളും പരമ്പരാഗത ബാങ്കിംഗ് ഉത്പന്നങ്ങളും ഇടപാടുകാർക്ക് അനായാസം ലഭ്യമാക്കാൻ ധനം 3 ഇൻ 1 അക്കൗണ്ട് സഹായകമാകുമെന്ന് ധനലക്ഷ്മി ബാങ്ക് ചീഫ് ജനറൽ മാനേജർ പി. മണികണ്ഠൻ പറഞ്ഞു.

ധനലക്ഷ്മി ബാങ്ക് പ്രതിനിധികളായ രാജേഷ് പുരുഷോത്തമൻ, കെ.ഗോപകുമാർ, വിനോദ് അനിൽകുമാർ, അരുൺ സോമനാഥൻ നായർ, കെ. ജെ. ബെന്നിയാച്ചൻ, ശ്യാം പ്രകാശ്, റെലിഗേർ സെക്യൂരിറ്റീസ് പ്രതിനിധികളായ ആർ. സൈലം, ഗെയ്‌നിഷ് ശർമ, അജ്ത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.