എസ് ബി ടി ക്ക് 74.34 കോടി അറ്റാദായം

Posted on: February 3, 2015

State-Bank-Travancore-Q3-20

തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 74.34 കോടി രൂപയുടെ അറ്റാദായം നേടിയതായി മാനേജിംഗ് ഡയറക്ടർ ജീവൻദാസ് നാരായൺ പറഞ്ഞു. മുൻ ക്വാർട്ടറിനേക്കാൾ 55.15 കോടിയുടെ വർധനയോടെയാണ് ഈ നേട്ടം കൈവരിച്ചത്. മൊത്തം നിഷ്‌ക്രിയ ആസ്തിയിലുണ്ടായ കുറവും പലിശ ചെലവുകൾ കുറഞ്ഞതും ട്രഷറി ആദായമുൾപ്പടെയുള്ള ഇതരവരുമാനങ്ങളിലുണ്ടായ കുതിപ്പുമാണ് അറ്റാദായം ഉയരാൻ കാരണം.

തൊട്ടു മുൻവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 400 ശതമാനം വളർച്ചയാണു നേടിയത്. കഴിഞ്ഞ സെപ്റ്റംബറിലെ 3544 കോടിയുടെ സ്ഥാനത്ത് എസ് ബി ടി യുടെ മൊത്തം നിഷക്രിയാസ്തി 3367 കോടി രൂപയായി കുറഞ്ഞു.

ഡിസംബർ 31 ന് ബാങ്കിന്റെ നിക്ഷേപങ്ങൾ 2014 മാർച്ച് 31 ലെ 89,337 കോടിയെ അപേക്ഷിച്ച് 91,440 കോടി രൂപയായി ഉയർന്നു. 2014 ഡിസംബറിലെ കണക്കു പ്രകാരം പ്രവാസി നിക്ഷേപങ്ങൾ 3795 കോടിയുടെ വർധനയോടെ 28,758 കോടി രൂപയായി.

ഡിസംബറിൽ അവസാനിച്ച ഒമ്പത് മാസക്കാലയളവിൽ കറന്റ് സേവിംഗ്‌സ് നിക്ഷേപങ്ങൾ 27.65 ശതമാനത്തിൽ നിന്ന് 29.31 ആയി വളർന്നു. അതേസമയം കഴിഞ്ഞ ക്വാർട്ടറിൽ നിക്ഷേപ ചെലവുകൾ 7.41 ശതമാനത്തിൽ നിന്ന് 7.38 ആയി കുറഞ്ഞു. നടപ്പു വർഷം ബാങ്കിന്റെ ആകെ വായ്പകൾ 69,404 കോടിയിൽ നിന്ന് 67,025 കോടി രൂപയായി കുറഞ്ഞു. എന്നിരുന്നാലും ക്വാർട്ടറിൽ വായ്പകളിൽ നിന്നുള്ള ആദായം 10.56 ശതമാനത്തിൽ നിന്ന് 10.59 ആയി മെച്ചപ്പെട്ടിട്ടുണ്ട്.. 2014 ഡിസംബർ 31 പ്രകാരം 28,606 കോടിയാണ് എസ് ബി ടി യുടെ മുൻഗണനാ വിഭാഗ വായ്പകൾ. ഇക്കാലയളവിൽ കേരളത്തിൽ ബാങ്കിന്റെ മൊത്തം ബിസിനസ് 1,59,961 കോടിയാണ്.

ചീഫ് ജനറൽ മാനേജർമരായ ഇ. കെ. ഹരികുമാർ, എസ്. ആദികേശവൻ, ജനറൽ മാനേജർ കെ. എൻ. മുരളി, സിഎഫ്ഒ എസ്. ചന്ദ്രശേഖരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.