മുത്തൂറ്റ് ഫിനാൻസിന് 154 കോടി അറ്റാദായം

Posted on: January 23, 2015

Muthoot-Finance-Logo-B

കൊച്ചി : മുത്തൂറ്റ് ഫിനാൻസ് 2014 ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 154 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ ഒൻപതു മാസങ്ങളിലെ അറ്റാദായം 505 കോടി രൂപയാണ്. ഈ കാലയളവിലെ ആകെ വരുമാനം യഥാക്രമം 1,069 കോടി രൂപയും 3,223 കോടി രൂപയുമാണ്.

കഴിഞ്ഞ ക്വാർട്ടറിൽ 315 കോടി രൂപ വളർച്ചയോടെ കമ്പനി വളർച്ചശൈലി നിലനിർത്തിയിരിക്കയാണെന്ന് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് പറഞ്ഞു. കമ്പനിയുടെ അറ്റ മൂല്യം 5,000 കോടി രൂപ കടന്നുവെന്നുംം അദ്ദേഹം പറഞ്ഞു.

യെസ് ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റായി പ്രവർത്തിക്കാൻ കമ്പനി ധാരണയിൽ എത്തി. ശ്രീലങ്കയിലെ ഏഷ്യാ അസറ്റ് ഫിനാൻസ് പിഎൽസി കൊളംബോയിൽ കമ്പനി കൂടുതൽ ഓഹരികൾ നേടിയിട്ടുണ്ട്. ശ്രീലങ്കൻ കമ്പനിയെ ഒരു സബ്‌സിഡിയറിയാക്കും വിധം 51 ശതമാനം പങ്കാളിത്തമാണ് കരസ്ഥമാക്കിയിട്ടുള്ളത്.

വിപണിയിലെ അനിശ്ചിതത്വങ്ങൾ പരിഗണിക്കുമ്പോൾ തുടർച്ചയായ രണ്ടു ക്വാർട്ടറുകളിൽ ഉണ്ടായ വളർച്ച തീർച്ചയായും ഒരു ക്രിയാത്മക സൂചനയാണെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. വായ്പാ മേഖലയിലെ വർധനയോടൊപ്പം ലാഭക്ഷമതയും വർധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ എൻസിഡി ഇഷ്യൂകളും ചെറുകിട നിക്ഷേപകരിൽ നിന്നു മികച്ച പ്രതികരണമാണു നേടുന്നത്. ഫെബ്രുവരിയിൽ അടുത്ത ഇഷ്യൂ പുറത്തിറക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.