സൗത്ത് ഇന്ത്യൻ ബാങ്കിന് 87.93 കോടി അറ്റാദായം

Posted on: January 21, 2015

 

SIB-Logo-big

തൃശൂർ : 2014 ഡിസംബർ 31ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് 87.93 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലളവിലെ 76.30 കോടിയിൽ നിന്ന് 15.24 ശതമാനം വളർച്ച കൈവരിച്ചു. 2014 ഡിസംബർ 31ന് അവസാനിച്ച ഒൻപതു മാസക്കാലത്ത് അറ്റാദായം 290.88 കോടി രൂപയാണ്.

നടപ്പുധനകാര്യ വർഷം ഒൻപത് മാസക്കാലത്ത് പ്രവർത്തനലാഭം 1.64 ശതമാനം ഉയർന്ന് 219.42 കോടി രൂപയായി. മുൻ വർഷമിത് 215.88 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം വരുമാനം ഡിസംബർ ക്വാർട്ടറിൽ 9.92 ശതമാനം വർധനയോടെ 1467.13 കോടി രൂപയായി. മുൻവർഷം ഇതേ ക്വാർട്ടറിൽ മൊത്തം വരുമാനം 1,334.74 കോടി രൂപയായിരുന്നു.

മൂന്നാം ക്വാർട്ടറിൽ പലിശയിതര വരുമാനത്തിൽ ബാങ്ക് മികച്ച വർധന രേഖപ്പെടുത്തി. മൂന്നാം ക്വാർട്ടറിൽ 89.84 ശതമാനം വർധനയോടെ 160.34 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 84.62 കോടി രൂപയായിരുന്നു. ഒൻപതു മാസങ്ങളിലെ ഇതര വരുമാനം 37.98 ശതമാനം വർധനയോടെ 375.13 കോടി രൂപയായി ഉയർന്നു. മുൻവർഷമിത് 271.88 കോടി രൂപയായിരുന്നു.

നിഷ്‌ക്രിയ ആസ്തികൾ മൊത്തം വായ്പയുടെ 1.80 ശതമാനമായി നിലനിർത്താൻ കഴിഞ്ഞു. അറ്റ വായ്പയുടെ 1.04 ശതമാനം മാത്രമാണ് അറ്റ നിഷ്‌ക്രിയ ആസ്തികൾ. ബാങ്കിന്റെ മൂലധന പര്യാപ്തത ബാസൽ മൂന്നു മാനദണ്ഡങ്ങൾക്കനുസരിച്ച് 11.38 ശതമാനമായി.

ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞ വർഷത്തേക്കാൾ 9.04 ശതമാനം വർധനയോടെ 85457 കോടി രൂപയായി. നിക്ഷേപങ്ങൾ 48,459 കോടി രൂപയായും (8.54 % വർധന) സിഎഎസ്എ നിക്ഷേപങ്ങൾ 10,424 കോടി രൂപയായും (10.33 %) വർധിച്ചു. വായ്പ 33,724 കോടി രൂപയിൽനിന്നു 9.71 ശതമാനം വർധനയോടെ 36,998 കോടി രൂപയായി. സൗത്ത് ഇന്ത്യൻ ബാങ്കിന് 2014 ഡിസംബർ 31 ന് മൊത്തം 810 ശാഖകളും 1,108 എടിഎമ്മുകളുമുണ്ട്.