ഫെഡറൽ ബാങ്കിന്റെ അറ്റാദായത്തിൽ 29 ശതമാനം വർധന

Posted on: January 16, 2015

SHYAM-SRINIVASAN-MD&-CEO-FE

കൊച്ചി : ഫെഡറൽ ബാങ്ക് 2014 ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. 2014 ഡിസംബറിൽ ബാങ്കിന്റെ അറ്റാദായം 29.13 ശതമാനത്തിന്റെ വർധനയോടെ 725.22 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ 561.60 കോടിയായിരുന്നു അറ്റാദായം. ഇടപാടിന്റെ മൂല്യത്തിലും ആസ്തിയുടെ മികവിലും ബാങ്ക് വൻ നേട്ടമുണ്ടാക്കിയതായി ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.

മൊത്തം കിട്ടാക്കടവും അറ്റ കിട്ടാക്കടവും വർഷാവർഷം കുറഞ്ഞുവരുന്നതായി അദ്ദേഹം പറഞ്ഞു. മൊത്തം കിട്ടാക്കടം 1,201 കോടിയിൽ നിന്നും 1,067 കോടി രൂപയായി കുറഞ്ഞു. മൊത്തം വായ്പകൾക്കുള്ള മൊത്തം കിട്ടാക്കടത്തിന്റെ ശതമാനം 64 ബിപിഎസ് അടിസ്ഥാനത്തിൽ 2.83 ശതമാനത്തിൽ നിന്നും 2.19 ആയി കുറഞ്ഞു.

അറ്റ കിട്ടാക്കടം 356.26 കോടിയിൽ നിന്നും 332.94 കോടിയായി കുറഞ്ഞു. അറ്റ കിട്ടാക്കടത്തിന്റെ ശതമാനം 17 ബിപിഎസ് അടിസ്ഥാനത്തിൽ 0.86 ശതമാനത്തിൽ നിന്നും 0.69 ശതമാനമായി. പിസിആർ (പ്രൊവിഷൻ കവറേജ് അനുപാതം) എഴുതിത്തള്ളിയ ആസ്തികളടക്കം 84.96 ശതമാനത്തിൽ നിന്നു.

എസ്എംഇ വായ്പകൾ 17.65 ശതമാനം ഉയർന്ന് 11,988 കോടിയായി ഉയർന്നു. റീട്ടെയിൽ വായ്പകൾ 15.34 ശതമാനം ഉയർന്ന് 15,689 കോടിയായി മാറി. കാർഷിക വായ്പകൾ 26.77 ശതമാനം ഉയർന്ന് 5,809 കോടിയായി മാറി.

ബാങ്കിന്റെ എൻആർഇ നിക്ഷേപങ്ങൾ ഈ കാലയളവിൽ 27.84 ശതമാനം വളർച്ച രേഖപ്പെടുത്തിക്കൊണ്ട് 22344.11 കോടി രൂപയായി. ചെലവു കുറഞ്ഞ നിക്ഷേപങ്ങൾ 14.03 ശതമാനം ഉയർന്ന് 19985.01 കോടിരൂപയായി. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങൾ 57737.15 കോടി രൂപയിൽ നിന്നും 13.53 ശതമാനം ഉയർന്ന് 65550.43 കോടി രൂപയിലെത്തി.

അറ്റ പലിശ വരുമാനം 7.62 ശതമാനം ഉയർന്ന് 587.16 കോടിയായി. മറ്റ് വരുമാനം മൂന്നാംപാദത്തിൽ 156.25 കോടിയിൽ നിന്ന് 40.74 ശതമാനം ഉയർന്ന് 219.91 കോടിരൂപയായി. പ്രവർത്തന ആദായം 20.08 ശതമാനം ഉയർന്ന് 397.35 കോടി രൂപയായി. 2014 ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ അറ്റാദായം 15.02 ശതമാനം വളർന്ന് 230.13 കോടിയിൽ നിന്ന് 264.69 കോടിയായി ഉയർന്നു.

2014 ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം ഫെഡറൽ ബാങ്കിന് 1220 ശാഖകളും 1470 എടിഎമ്മുകളുമുണ്ട്.