മുത്തൂറ്റ് ഫിനാന്‍സിന് 1460 കോടി അറ്റാദായം

Posted on: February 7, 2019

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 15 ശതമാനം വര്‍ധിച്ച് 1460 കോടി രൂപയിലെത്തിയതായി നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പതു മാസത്തേക്കുള്ള സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1269 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി കൈവരിച്ചത്. 2018 ഡിസംബര്‍ 31 ലെ കണക്കു പ്രകാരം കമ്പനിയുടെ ആകെ വായ്പാ ആസ്തികള്‍ 32,470 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 28,269 കോടി രൂപയെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനവാണിത്.

കമ്പനിയുടെ സബ്‌സിഡിയറിയായ മുത്തൂറ്റ് ഹോംഫിന്‍ വായ്പാ മേഖലയില്‍ 67 ശതമാനം വളര്‍ച്ച കൈവരിച്ചു. 1835 കോടി രൂപയുടെ വായ്പകളാണ് മുത്തൂറ്റ് ഹോംഫിന്‍ നല്‍കിയിട്ടുള്ളത്. മുത്തൂറ്റ് ഫിനാന്‍സിന് 70.01 ശതമാനം ഓഹരികളുള്ള ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് വായ്പാ മേഖലയില്‍ 65 ശതമാനം വളര്‍ച്ച കൈവരിച്ചു.

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടേറിയ കാലഘട്ടമായിരുന്ന മൂന്നാം ക്വാര്‍ട്ടറില്‍ മുത്തൂറ്റ് ഫിനാന്‍സ് ജാഗ്രതയോടെയാണ് മുന്നേറിയതെന്ന് പ്രവര്‍ത്തന ഫലത്തെക്കുറിച്ചു പ്രതികരിക്കവെ കമ്പനി ചെയര്‍മാന്‍ എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി.

TAGS: Muthoot Finance |