ഫെഡറൽ ബാങ്കിന് 460.53 കോടി അർധവാർഷിക അറ്റാദായം

Posted on: October 16, 2014

Federal-Bank-kundli-Bra-CS

ഫെഡറൽ ബാങ്കിന് 2014 സെപ്റ്റംബർ 30 ന് അവസാനിച്ച കാലയളവിൽ അർധവാർഷിക അറ്റാദായം 39 ശതമാനം വളർച്ചയോടെ 460.53 കോടിയായി. മുൻവർഷം ഇതേകാലയളവിൽ 331.47 കോടിയായിരുന്നു അർധവാർഷിക അറ്റാദായം.

ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 240.30 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 225.81 കോടിയായിരുന്നു അറ്റാദായം. പലിശയേതരവരുമാനമാണ് നടപ്പു ധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ അറ്റാദായം വർധിപ്പിച്ചത്.

പലിശവരുമാനം മുൻവർഷം രണ്ടാംക്വാർട്ടറിലെ 548 കോടിയിൽ നിന്ന് 10.5 ശതമാനം വർധിച്ച് 606 കോടിയായി. പലിശയേതര വരുമാനം 143 കോടിയിൽ നിന്ന് 37 ശതമാനം വർധിച്ച് 196 കോടിയായി.

അറ്റപലിശ മാർജിൻ 3.3 ശതമാനത്തിൽ നിന്ന് 3.35 ശതമാനമായി വർധിച്ചു. വായ്പകൾ 15 ശതമാനം വർധിച്ച് (42,220 കോടി) 48,466 കോടിയായി. നിക്ഷേപം 13.68 ശതമാനം വർധിച്ച് (56,793.74 കോടി), 64,563.86 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി 0.98 ശതമാനത്തിൽ നിന്ന് 0.66 ശതമാനമായി മെച്ചപ്പെട്ടു.

ഇക്കാലയളവിൽ 11 പുതിയ ബ്രാഞ്ചുകളും 43 എടിഎമ്മുകളും തുറന്നു. ഇതോടെ മൊത്തം ശാഖകൾ 1214 ഉം എടിഎമ്മുകൾ 1435 ഉം ആയി വർധിച്ചു.