ബെർജർ പെയിന്റ്‌സിന് വരുമാനത്തിൽ 13 ശതമാനം വളർച്ച

Posted on: June 1, 2018

കൊച്ചി : ബെർജർ പെയിന്റ്‌സിന്റെ വരുമാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 13 ശതമാനം വർധന. 5147.16 കോടി രൂപയാണ് വരുമാനം. 2016-17-ൽ 4555.79 കോടി രൂപയായിരുന്നു. 2018 മാർച്ച് 31 ന് അവസാനിച്ച അവസാനപാദത്തിലെ വരുമാനം 1298.27 കോടി രൂപയാണ്. മുൻ വർഷത്തെ 1115.342 കോടി രൂപയേക്കാൾ 16.7 ശതമാനം കൂടുതലാണിത്.

തേയ്മാനം, പലിശ, നികുതി എന്നിവയ്ക്ക് മുൻപുള്ള കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 852.86 കോടി രൂപയാണ്. മുൻവർഷം 773.10 കോടി രൂപയായിരുന്നു. 10.34 ശതമാനമാണ് വളർച്ച.

മുൻ സാമ്പത്തിക വർഷം അവസാന ക്വാർട്ടറിലെ ലാഭത്തിൽ 18.6 ശതമാനം വർധനവുണ്ടായി – 212.37 കോടി രൂപയാണ് ലാഭം. 2016-17 ൽ 179.13 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം 460.83 കോടി രൂപയാണ്. 2016-17 വർഷത്തെ അറ്റാദായവുമായി താരതമ്യം ചെയ്യാൻ സാദ്ധ്യമല്ല കമ്പനിയുടെ പാസഞ്ചർ കാർ, എസ് യു വി, ത്രിചക്രവാഹനങ്ങൾ എന്നിവയ്ക്കായുള്ള പെയിന്റ് വിഭാഗം സബ്‌സിഡിയറിലേക്ക് മാറ്റിയതു മൂലമുണ്ടായ ലാഭം അതിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് കാരണം.

ഒരു രൂപ മുഖ വിലയുള്ള ഓരോ ഓഹരിയ്ക്കും 1.80 രൂപ (180 ശതമാനം) ലാഭവിഹിതം നൽകാൻ കമ്പനി ഡയറക്ടർ ബോർഡ് യോഗം തിരുമാനിച്ചതായി സീനിയർ വൈസ്പ്രസിഡന്റും കമ്പനി സെക്രട്ടറിയുമായ അനിരുദ്ധ സെൻ അറിയിച്ചു.

TAGS: Berger Paints |