സൗത്ത് ഇന്ത്യൻ ബാങ്കിന് റെക്കോർഡ് പ്രവർത്തനലാഭം

Posted on: October 11, 2017

കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്ക് നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം ക്വാർട്ടറിൽ 460.27 കോടി രൂപ പ്രവർത്തന ലാഭം കൈവരിച്ചതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ പ്രവർത്തന ലാഭം 297.34 കോടി രൂപയായിരുന്നു. 57.80 ശതമാനം വളർച്ച. എന്നാൽ, രണ്ടാം ക്വാർട്ടറിൽ 252.39 കോടി രൂപ നീക്കിയിരുപ്പ് നടത്തേണ്ടി വന്നതിനാൽ അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 110.52 കോടിയിൽ നിന്ന് 96 ശതമാനം കുറഞ്ഞ് 4.32 കോടി രൂപയായതായി അദേഹം പറഞ്ഞു.

ബിസിനസിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ രണ്ടാം ക്വാർട്ടറുമായി താരതമ്യം ചെയ്യുന്‌പോൾ 11.7 ശതമാനം രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപങ്ങളിൽ 11.55 ശതമാനമാണ് വർധന. കറന്റ് നിക്ഷേപങ്ങൾ 21.22 ശതമാനം വളർന്നപ്പോൾ സേവിംഗ്‌സ് നിക്ഷേപങ്ങളിൽ 19.71 ശതമാനം വളർച്ച രേഖപ്പെടുത്തി.

എൻആർഐ നിക്ഷേപങ്ങളിൽ 15.34 ശതമാനമാണ് വളർച്ച. വായ്പകളിൽ 11.90 ശതമാനമാണ് വളർച്ച. കാർഷിക വായ്പയിൽ 11.53 ശതമാനവും എംഎസ്എംഇ വായ്പയിൽ 19.13 ശതമാനവും വർധനയുണ്ടായി. പലിശ വരുമാനത്തിൽ 13.03 ശതമാനവും പലിശയിതര വരുമാനത്തിൽ 92.23 ശതമാനവും വർധനയുണ്ടായി. പ്രവർത്തന ലാഭത്തിൽ 54.8 ശതമാനവും കരുതൽ ഇനത്തിൽ 144.05 ശതമാനവുമാണ് വർധന. ചെലവ്-വരുമാന അനുപാതം 51.08 ൽ നിന്ന് 42.63 ആയി കുറഞ്ഞതായും മൊത്തം നിഷ്‌ക്രിയ ആസ്തി 2.77 ൽ നിന്ന് 2.57 ആയി മെച്ചപ്പെട്ടെന്നും വി. ജി. മാത്യു പറഞ്ഞു. ബാങ്ക് ചെയർമാൻ സലിം ഗംഗാധരനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.