ഇൻഫോസിസ് ഓഹരിവില 13 ശതമാനത്തിലേറെ ഇടിഞ്ഞു

Posted on: August 18, 2017

മുംബൈ : മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്ന വിശാൽ സിക്കയുടെ അപ്രതീക്ഷിത രാജിയെ തുടർന്ന് ഇൻഫോസിസ് ടെക്‌നോളജീസിന്റെ ഓഹരിവില 13 ശതമാനത്തിലേറെ കുറഞ്ഞു. ഇന്നു രാവിലെ 1017.90 – 1021.50 നിരക്കിലാണ് വ്യാപാരമാരംഭിച്ചത്. രാജിവാർത്ത പുറത്തുവന്നതിന് പിന്നാലെ ഓഹരിവില ഒരു വേള 884 രൂപ വരെ താഴ്ന്നു. 2013 ഏപ്രിൽ 12 ന് ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. ഇന്ന് സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകളിൽ 8,414 കോടി രൂപയുടെ ഇൻഫോസിസ് ഓഹരികൾ കൈമറിഞ്ഞു.

ഓഹരിയുടമകളുടെ സമ്പാദ്യത്തിൽ ഒറ്റദിവസത്തിനുള്ളിൽ 30,000 കോടി രൂപയുടെ കുറവാണുണ്ടായത്. ഇൻഫോസിസിന്റെ വിപണി വ്യാപ്തം 2.34 ലക്ഷം കോടിയിൽ നിന്ന് 2.04 ലക്ഷം കോടിയായി കുറഞ്ഞു. സ്ഥാപകനും മുൻ ചെയർമാനുമായ എൻ. ആർ. നാരായണമൂർത്തിയുടെ സമ്പാദ്യത്തിൽ 1,000 കോടി രൂപയുടെ കുറവുണ്ടായി. മൂർത്തിയും കുടുംബവും കൈവശംവെയ്ക്കുന്ന 3.44 ശതമാനം ഓഹരികളുടെ വിപണിമൂല്യം 7,040 കോടി രൂപയായി. വ്യാഴാഴ്ചത്തെ ക്ലോസിംഗ് വിലയനുസരിച്ച് 8,068 കോടിയായിരുന്നു ഓഹരികളുടെ വിപണിമൂല്യം.

നാളെ 13,000 – 17,000 കോടിയുടെ ഓഹരിതിരികെ വാങ്ങൽ നിർദേശം ഡയറക്ടർ ബോർഡ് പരിഗണിക്കാനിരിക്കെയാണ് വിശാൽ സിക്ക രാജി പ്രഖ്യാപനം നടത്തിയത്. എന്നാൽ ഓഹരിതിരികെ വാങ്ങൽ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.