ധനലക്ഷ്മി ബാങ്കിന് 7.99 കോടി അറ്റാദായം

Posted on: August 13, 2017

തൃശൂർ : ധനലക്ഷ്മി ബാങ്കിന് 2017-18 സാമ്പത്തികവർഷത്തെ ഒന്നാം ക്വാർട്ടറിൽ 7.99 കോടി രൂപ അറ്റാദായം. 26.63 കോടി രൂപയാണ് പ്രവർത്തനലാഭം. മുൻ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തിൽ 39.09 ശതമാനവും പ്രവർത്തനലാഭത്തിൽ 157.29 ശതമാനവും വളർച്ചകൈവരിച്ചു.

കറന്റ് അക്കൗണ്ടിലെയും സേവിംഗ്‌സ് അക്കൗണ്ടിലെയും നിക്ഷേപം മുൻവർഷം ഒന്നാം ക്വാർട്ടറിനേക്കാൾ 17.53 ശതമാനം വളർന്ന് 3345 കോടി രൂപയായി. കറന്റ് സേവിംഗ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപം, മൊത്തം നിക്ഷേപത്തിന്റെ 30.21 ശതമാനമായി ഉയർന്നു. ബാങ്കിന്റെ മൂലധനപര്യാപ്തത കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിൽ രേഖപ്പെടുത്തിയ 7.44 ശതമാനത്തിൽ നിന്ന് 12.01 ശതമാനമായി ഉയർന്നത് ബാങ്കിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ഗുണകരമാകും. റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ള മൂലധനപര്യാപ്തതയേക്കാൾ മുകളിലാണിത്.

മൊത്തം നിഷ്‌ക്രിയ ആസ്തി 7.02 ശതമാനത്തിൽ നിന്ന് 5.62 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പലിശയേതര വരുമാനം 41.81 ശതമാനം വളർച്ച രേഖപ്പെടുത്തി. പ്രവർത്തനച്ചെലവിൽ 9.26 ശതമാനം കുറവുവരുത്താനും ബാങ്കിന് കഴിഞ്ഞു. ചെലവ്-വരുമാന അനുപാതം 90.23 ശതമാനത്തിൽ നിന്ന് 13.72 ശതമാനം കുറഞ്ഞ് 76.51 ശതമാനമായി. നടപ്പ് സാമ്പത്തികവർഷം പലിശയേതര വരുമാനം വർധിപ്പിക്കുന്നതിനും നിഷ്‌ക്രിയ ആസ്തി വീണ്ടും കുറയ്ക്കുന്നതിനുമുള്ള നടപടികൾ ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. സ്വർണ്ണപ്പണയ വായ്പകൾ അടക്കമുള്ള ചെറുകിട വായ്പകളിൽ ശ്രദ്ധയൂന്നി വരുമാനം വർധിപ്പിക്കാനാണ് ബാങ്കിന്റെ പദ്ധതി.