സൗത്ത് ഇന്ത്യൻ ബാങ്കിന് 101.47 കോടി രൂപ അറ്റാദായം

Posted on: July 17, 2017

തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന് 2017-18 സാമ്പത്തിക വർഷത്തിലെ ഒന്നാംക്വാർട്ടറിൽ 101.47 കോടി രൂപ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അറ്റാദായം 95.06 കോടി രൂപയായിരുന്നു. 6.74 ശതമാനമാണ് വളർച്ച. പ്രവർത്തന ലാഭത്തിൽ 46.25 ശതമാനം വർധന കൈവരിച്ചു. അറ്റ പലിശ വരുമാനത്തിൽ 23.31 ശതമാനവും ഇതര വരുമാനത്തിൽ 26.45 ശതമാനവും വളർച്ചനേടി. ചെലവ് – വരുമാന അനുപാതം 52.57 ശതമാനത്തിൽനിന്ന് 44.19 ശതമാനമായി മെച്ചപ്പെട്ടു, വായ്പകളിൽ 12.47 ശതമാനം വർധന, നിക്ഷേപങ്ങളിൽ 13.65 ശതമാനവും ബിസിനസിൽ 13.15 ശതമാനവും കറൻറ്-സേവിംഗ്‌സ് അക്കൗണ്ടുകളിൽ 23.28 ശതമാനവും പ്രവാസി നിക്ഷേപങ്ങളിൽ 15.73 ശതമാനവും വർധനയുണ്ടായി.

2017-18 സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിൽ ബാങ്കിന്റെ പ്രവർത്തനലാഭത്തിൽ 120 കോടി രൂപയുടെ (46.25%) വർധനയും നികുതിക്കുശേഷമുള്ള ലാഭത്തിൽ ആറു കോടി രൂപയുടെയും വർധനയുണ്ടായതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു. അറ്റ പലിശ വരുമാനത്തിലെയും ഇതരവരുമാനത്തിലെയും മികച്ച പ്രകടനമാണ് വർധനയ്ക്കു കാരണമായത്.

ഒന്നാം ക്വാർട്ടറിൽ കോർപറേറ്റ് മേഖലയിലെ സമ്മർദമുണ്ടാക്കുന്ന മുഴുവൻ ആസ്തികളും ബാങ്ക് നിഷ്‌ക്രിയ ആസ്തികളായി കണക്കാക്കി. അറ്റ പലിശ വരുമാനത്തിലും പ്രവർത്തന ലാഭത്തിലും മികച്ച വളർച്ചയുണ്ടായിട്ടും പ്രസ്തുത ആസ്തികൾ കാരണം അറ്റാദായത്തിൽ അതു പ്രതിഫലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മൊത്തം വായ്പകൾ 5,240 കോടി രൂപ വർധിച്ച് 47,264 കോടി രൂപയായി. കാർഷിക, എസ്എംഇ വായ്പകൾ, മോർട്ട്‌ഗേജ് വായ്പകൾ, വാഹന വായ്പകൾ തുടങ്ങിയവയാണ് വളർച്ചാ ഘടകങ്ങൾ. നിക്ഷേപങ്ങൾ 7,902 കോടി രൂപയുടെ വർധനയോടെ 65,791 കോടി രൂപയായി, കാസ 3,132 കോടി രൂപ വർധിച്ച് 16,586 കോടി രൂപയായി. മൊത്തം നിക്ഷേപങ്ങളുടെ 25.25 ശതമാനമാണ് കാസ. മൊത്തം നിക്ഷേപങ്ങളുടെ 26.45 ശതമാനമാണ് പ്രവാസി നിക്ഷേപങ്ങൾ.

ബാങ്കിൻറെ മൊത്തം ബിസിനസ് 13,142 കോടി രൂപ വർധിച്ച് 1,13,055 കോടി രൂപയായി. ബാങ്കിൻറെ മൂലധന പര്യാപ്തതാ അനുപാതം 2017 ജൂൺ 30 ലെ കണക്കുകൾ പ്രകാരം 12.13 ശതമാനമാണ്.