വി-ഗാർഡിന്റെ അറ്റാദായത്തിൽ 36 ശതമാനം വളർച്ച

Posted on: May 19, 2017

കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ 36 ശതമാനം വളർച്ച. 2016-17 സാമ്പത്തികവർഷത്തെ അറ്റാദായം മുൻവർഷത്തെ 111.68 കോടിയിൽ നിന്ന് 151.80 കോടി രൂപയായി വർധിച്ചു. വരുമാനം 2015-16 ലെ 1862.28 കോടിയിൽ നിന്ന് 2016-17 ൽ 2,150.62 കോടിയായി. 15.5 ശതമാനം വളർച്ച. ഓഹരി ഒന്നിന് 70 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

2016 – 17 ലെ നാലാം ക്വാർട്ടറിൽ (ജനുവരി-മാർച്ച്) 41.86 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 41.97 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം മുൻവർഷം നാലാം ക്വാർട്ടറിലെ 513.30 കോടിയിൽ നിന്ന് 21 ശതമാനം വർധിച്ച് 623.26 കോടിയായി.

ഇക്കാലയളവിൽ സ്മാർട്ട് സീരിസ് ഇൻവെർട്ടറുകൾ അവതരിപ്പിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വിച്ച്ഗിയർ നിർമാണ കമ്പനി ഗട്ട്‌സ് ഇലക്‌ട്രോമെക്കിനെ ഏറ്റെടുത്തു. കോയമ്പത്തൂർ ചാവടിയിലെ വയറിംഗ് കേബിൾ പ്ലാന്റിന്റെ രണ്ടാംഘട്ടം വികസനം പൂർത്തിയാക്കി ഈ മാസം വാണിജ്യോത്പാദനം ആരംഭിക്കും. 12 കോടി രൂപ മുതൽമുടക്കി പ്രതിമാസം 8.7 ലക്ഷം കോയിലുകൾ ഉത്പാദിപ്പിക്കാവുന്ന വിധത്തിലാണ് വികസനം പൂർത്തിയാക്കിയിട്ടുള്ളത്.

കറൻസി പിൻവലിക്കലുമായി ബന്ധപ്പെട്ട നേരിയ തിരിച്ചടികൾ മാറ്റിനിർത്തിയാൽ കഴിഞ്ഞ സാമ്പത്തികവർഷം മികച്ച വളർച്ച കൈവരിക്കാൻ കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. പുതുതലമുറ ഉപഭോക്താക്കൾക്ക് വേണ്ട ഉത്പന്നങ്ങൾ ഡിസൈൻ ചെയ്യുന്നതിലും അവതരിപ്പിക്കുന്നതിലും വി-ഗാർഡ് പ്രതിജ്ഞാബദ്ധമാണ്. നടപ്പ് സാമ്പത്തികവർഷവും ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നതായി അദേഹം വ്യക്തമാക്കി.