ധനലക്ഷ്മി ബാങ്കിന് 12.38 കോടി രൂപ ലാഭം

Posted on: May 19, 2017

തൃശൂർ : ധനലക്ഷ്മി ബാങ്കിന് കഴിഞ്ഞ സാമ്പത്തിക വർഷം (2016-17) 12.38 കോടി രൂപ ലാഭം. മുൻ വർഷം 209.45 കോടി രൂപ നഷ്ടത്തിലായിരുന്നു. തൊട്ടു മുമ്പുള്ള രണ്ടു സാമ്പത്തിക വർഷങ്ങളിലും ബാങ്ക് നഷ്ടത്തിലായിരുന്നു. തുടർച്ചയായി മൂന്നു വർഷത്തെ നഷ്ടത്തിൽ നിന്നാണ് ധനലക്ഷ്മി ബാങ്ക് ലാഭത്തിലേക്കു തിരിച്ചുവന്നിരിക്കുന്നത്.

കറന്റ് – സേവിംഗ്‌സ് അക്കൗണ്ടുകളിലുള്ള നിക്ഷേപം മുൻവർഷത്തേക്കാൾ 17 ശതമാനം വർധിച്ച് 3325 കോടി രൂപയായി. ഇതു മൊത്തം നിക്ഷേപത്തിന്റെ 29.44 ശതമാനമാണ്. ബാങ്കിന്റെ പ്രവർത്തന ലാഭം 94.07 കോടി രൂപയാണ്. മുൻവർഷം ഇതേ കാലത്തു നേടിയ പ്രവർത്തന ലാഭം 3.28 കോടി രൂപയായിരുന്നു.

പലിശേതര വരുമാനം 111 കോടി രൂപയായി ഉയർത്തിയതും പ്രവർത്തന ചെലവ് 348.55 കോടി രൂപയായി കുറച്ചതും മികച്ച പ്രവർത്തന ലാഭം നേടാൻ സഹായകമായി. പലിശേതര വരുമാനം 77 കോടി രൂപയും പ്രവർത്തനചെലവ് 378 കോടി രൂപയുമായിരുന്നു. അറ്റപലിശ വരുമാനം 305 കോടി രൂപയിൽനിന്ന് 332 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി 193.19 കോടി രൂപയിൽനിന്ന് 166.48 കോടി രൂപയായി കുറഞ്ഞു. ചെലവ് – വരുമാന അനുപാതം 99.14 ശതമാനത്തിൽനിന്ന് 98.95 ശതമാനമായി കുറച്ചു. മൂലധന നിക്ഷേപ പര്യാപ്തത 10.26 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ബാങ്ക് അടുത്തയിടെ 120 കോടി രൂപയുടെ അധിക മൂലധനം വ്യക്തിഗത നിക്ഷേപത്തിലൂടെ സമാഹരിച്ചു.