സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ 17.78 ശതമാനം വർധന

Posted on: May 19, 2017

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 2016-17 സാമ്പത്തികവർഷത്തെ പ്രവർത്തനഫലം മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു കൊച്ചിയിൽ പത്രസമ്മേളനത്തിൽ അവതരിപ്പിക്കുന്നു. എസ് ഐ ബി ചെയർമാൻ സലിം ഗംഗാധരൻ സമീപം.

കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വാർഷിക അറ്റാദായം 17.78 ശതമാനം വർധിച്ചതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു. 2015-16 ൽ 333.27 കോടി രൂപയായിരുന്ന അറ്റാദായം 2016-17 സാമ്പത്തികവർഷം 392.50 കോടി രൂപയായാണ് വർധിച്ചു. മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ അറ്റാദായം, തൊട്ടു മുൻ വർഷത്തെ ഇതേ കാലയളവിലെ 72.97 കോടി രൂപയിൽ നിന്ന് 3.52 ശതമാനം വളർച്ചയുമായി 75.54 കോടിലെത്തി. ഓഹരി ഉടമകൾക്ക് 40 ശതമാനം ലാഭവിഹിതം ശിപാർശചെയ്തിട്ടുണ്ട്. ബാങ്കിലെ എൻആർഐ നിക്ഷേപങ്ങളിൽ 17.60 ശതമാനം വർധന ഉണ്ടായപ്പോൾ വാർഷിക പ്രവർത്തന ലാഭം 38.14 ശതമാനം വർധിച്ചു.

വരവുചെലവ് അനുപാതം 56:70 ൽ നിന്ന് 49:20 ആയി കുറഞ്ഞു. അറ്റപലിശ വരുമാനത്തിൽ 10.98 ശതമാനവും ബാങ്കിംഗ് ഇതര വരുമാനങ്ങളിൽ 38.29 ശതമാനവും വളർച്ച രേഖപ്പെടുത്തി. മൊത്തം നിഷ്‌ക്രിയ ആസ്തിയിലും അറ്റ നിഷ്‌ക്രിയ ആസ്തിയിലും കുറവുണ്ടായി. 3.77 ൽ നിന്ന് 2.45 ശതമാനമായാണ് നിഷ്‌ക്രിയ ആസ്തി കുറഞ്ഞത്. അറ്റ നിഷ്‌ക്രിയ ആസ്തി 2.89 ശതമാനത്തിൽനിന്ന് 1.45 ശതമാനമായും കുറഞ്ഞു. വായ്പകൾ 12.68 ശതമാനവും നിക്ഷേപങ്ങൾ 18.66 ശതമാനം വർധിച്ചു. കറൻറ്, സേവിംഗ്‌സ് അക്കൗണ്ടുകളിൽ (കാസ) 26.39 ശതമാനമാണ് വർധന.

മൊത്തം ബിസിനസിൽ 16.10 ശതമാനം വർധനയുണ്ടെന്നും വി.ജി. മാത്യു പറഞ്ഞു. കഴിഞ്ഞ വർഷം 97,506 കോടി രൂപയായിരുന്ന ബിസിനസ് ഈ വർഷം 15,695 കോടി രൂപ വർധിച്ച് 1,13,201 കോടിയായി ഉയർന്നു. റീട്ടെയ്ൽ വായ്പാ രംഗത്തും കാസയിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടതാണ് വെല്ലുവിളികൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിനെ സഹായിച്ചതെന്ന് അദേഹം അഭിപ്രായപ്പെട്ടു. പത്രസമ്മേളനത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരനും പങ്കെടുത്തു.