ജിയോജിത്തിന് പുതിയ പേരും ലോഗോയും

Posted on: February 11, 2017

മുംബൈ : പ്രമുഖ ധനകാര്യ സേവനകമ്പനിയായ ജിയോജിത് ബിഎൻപി പാരിബ മുപ്പതാം വാർഷികവേളയിൽ പുതിയ പേരും ലോഗോയും സ്വീകരിച്ചു. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നായിരിക്കും ഇനി അറിയപ്പെടുകയെന്ന് ചെയർമാൻ എ.പി. കുര്യൻ അറിയിച്ചു.

ഫ്രഞ്ച് ബാങ്കായ ബിഎൻപി പാരിബയുമായുള്ള ബിസിനസ് പങ്കാളിത്തം അവസാനിപ്പിച്ച സാഹചര്യത്തിലാണ് ജിയോജിത് പേരിലും ലോഗോയിലും മാറ്റം വരുത്തിയിരിക്കുന്നത്. ബിഎൻപി പാരിബ ഷെയർഖാൻ എന്ന കമ്പനിയെ ഏറ്റെടുത്തതോടെയാണ് പാരിബയുമായുള്ള ജിയോജിത്തിന്റെ വേർപിരിയൽ. അതേസമയം, ബിഎൻപി പാരിബയ്ക്ക് ജിയോജിത്തിലുള്ള ഓഹരി നിലനിൽക്കുമെന്നു ചെയർമാൻ അറിയിച്ചു.

ഇന്ത്യയിലും ഗൾഫിലുമായി 511 ശാഖകളും 8.5 ലക്ഷം ഉപയോക്താക്കളുമുള്ള ജിയോജിത് അഞ്ചു വർഷത്തിനകം 20 ലക്ഷം ഉപയോക്താക്കളെ ലക്ഷ്യമിടുന്നതായി മാനേജിംഗ്ഡയറക്ടർ സി.ജെ. ജോർജ് പറഞ്ഞു. വെൽത്ത് മാനേജ്‌മെന്റ്, ഫിനാൻഷ്യൽ പ്ലാനിംഗ്ഡിവിഷനുകൾ ഉടൻ ആരംഭിക്കും. അഞ്ചു വർഷത്തിനകം ആയിരം പേരെ നിയമിക്കുമെന്നും അദേഹം വ്യക്തമാക്കി.

എക്‌സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ, ജിയോജിത് ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടർ എ. ബാലകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.