വി-ഗാർഡിന് 30 ശതമാനം അറ്റാദായവളർച്ച, 2: 5 ബോണസ്

Posted on: January 30, 2017

കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തികവർഷം മൂന്നാം ക്വാർട്ടറിൽ 30 ശതമാനം അറ്റാദായവളർച്ച നേടി. അറ്റാദായം മുൻവർഷം മൂന്നാം ക്വാർട്ടറിലെ 21.48 കോടിയിൽ നിന്ന് 27.96 കോടിയായി വർധിച്ചു. ഇക്കാലയളവിൽ വരുമാനം 2015-16 മൂന്നാം ക്വാർട്ടറിലെ 416.28 കോടിയിൽ നിന്ന് 10.40 ശതമാനം വർധിച്ച് 459.58 കോടി രൂപയായി.

പമ്പ്‌സെറ്റുകൾ, ഫാൻ, സോളാർ വാട്ടർഹീറ്റർ എന്നിവയുടെ വില്പന വർധിച്ചതാണ് ലാഭമാർജിനുകൾ ഉയരാൻ ഇടയാക്കിയത്. വി-ഗാർഡിന്റെ 40 ാം സ്ഥാപകദിനത്തോടനുബന്ധിച്ച് 2 : 5 അനുപാതത്തിൽ ബോണസ് ഓഹരികൾക്ക് ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തിട്ടുണ്ട്.

വി-ഗാർഡ് സിക്കിമിൽ 12.50 കോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്ന സ്റ്റെബിലൈസർ യൂണിറ്റ് മാർച്ചിൽ വാണിജ്യോത്പാദനമാരംഭിക്കും. 25 കോടി രൂപ മുതൽമുടക്കി സിക്കിമിൽ ആരംഭിക്കുന്ന ഇലക്ട്രിക് വാട്ടർഹീറ്റർ യൂണിറ്റ് അടുത്ത വർഷം ഉത്പാദനം തുടങ്ങും.