ജിയോജിത്തിന് 15 കോടി രൂപ അറ്റാദായം

Posted on: January 29, 2017

കൊച്ചി : സ്റ്റോക്ക്‌ബ്രോക്കിംഗ് കമ്പനിയായ ജിയോജിത് ബിഎൻപി പാരിബ നടപ്പ് സാമ്പത്തികവർഷം മൂന്നാം ക്വാർട്ടറിൽ 14.97 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേകാലയളവിൽ അറ്റാദായം 8.17 കോടിയായിരുന്നു. 83 ശതമാനമാണ് വളർച്ച. മൊത്തവരുമാനം മുൻവർഷം മൂന്നാം ക്വാർട്ടറിലെ 63.55 കോടിയിൽ നിന്ന് 19 ശതമാനം വർധിച്ച് 75.51 കോടിയായി. നികുതിക്കു മുമ്പുള്ള ലാഭം 23.79 കോടി രൂപയാണ്. മുൻ വർഷം ഇതേകാലയളവിനേക്കാൾ (14.17) 68 ശതമാനം വർധന.

നടപ്പു സാമ്പത്തികവർഷം മ്യൂച്വൽഫണ്ട് എസ്‌ഐപികളുടെ റീട്ടെയ്ൽ വിതരണത്തിനാണ് കമ്പനി കൂടുതൽ ശ്രദ്ധപതിപ്പിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ സി.ജെ. ജോർജ് പറഞ്ഞു. 2016 ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 29,000 കോടി രൂപയുടേതാണ്. മൂന്നാം ക്വാർട്ടറിൽ 13,000 ലേറെ പുതിയ ഇടപാടുകാരെ ലഭിച്ചു.

വിദേശ നിക്ഷേപകരായ ബിഎൻപി പാരിബയുമായുള്ള പുതിയ കരാർ പ്രകാരം കമ്പനിയുടെ പേര് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്നാക്കി മാറ്റുമെന്നും സി.ജെ. ജോർജ് പറഞ്ഞു.