എച്ച്ഡിഎഫ്‌സി ബാങ്കിന് വരുമാനത്തിലും ലാഭത്തിലും നേട്ടം

Posted on: January 26, 2017

കൊച്ചി : എച്ച്ഡിഎഫ്‌സി ബാങ്കിന് വരുമാനത്തിലും ലാഭത്തിനും റെക്കോഡ് നേട്ടം. ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ ബാങ്കിന്റെ വരുമാനം 20,748.3 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ് 18,283.3 കോടി രൂപയായിരുന്നു വരുമാനം. നികുതിക്കു മുമ്പുള്ള ലാഭം 16 ശതമാനം വളർച്ചയോടെ 5,893.5 കോടി രൂപയിലെത്തി. 2,028.1 കോടി രൂപ നികുതിക്കു ശേഷം 3,865 കോടി രൂപയാണ് അറ്റാദായം. മുൻ വർഷം മൂന്നാം ക്വാർട്ടറിനേക്കാൾ 15.1 ശതമാനമാണ് വർധന.

നടപ്പ് സാമ്പത്തികവർഷം ഡിസംബർ 31 ന് അവസാനിച്ച ഒമ്പതു മാസത്തെ മൊത്തം വരുമാനം 60,041.8 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 52,110.6 കോടി രൂപയായിരുന്നു. ഈ കാലയളവിലെ അറ്റാദായം 10,559.6 കോടി രൂപയാണ്. 18.4 ശതമാനം വളർച്ച. മൂന്നാം ക്വാർട്ടറിലെ മൊത്തം പലിശ വരുമാനം 17.6 ശതമാനം വർധനയോടെ 8,309.1 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇത് 7068.5 കോടിയായിരുന്നു.

പലിശയിതര വരുമാനം 2015 ഡിസംബർ 31 ലെ മൂന്നാം ക്വാർട്ടറിൽ 2,872.2 കോടിയായിരുന്നെങ്കിൽ നടപ്പു വർഷം മൂന്നാം പാദത്തിൽ അത് 9.4 ശതമാനം വർധനവോടെ 3,142.7 കോടിയായി. ഫീസുകളിൽ നിന്നും കമ്മീഷനിൽ നിന്നുമുള്ള വരുമാനം 2,206.8 കോടിയാണ്. വിദേശ നാണ്യ വരുമാനം 297.2 കോടി രൂപയും. പുനർമൂല്യ നിർണയം, നിക്ഷേപങ്ങളുടെ വിൽപന എന്നിവയിൽ നിന്നു ലഭിച്ചത് 398.6 കോടി രൂപയാണ്.

നോട്ട് അസാധു ആക്കിയതിനെ തുടർന്ന് അനിശ്ചിതത്വം ഉണ്ടായപ്പോൾ പോലും കറന്റ് അക്കൗണ്ട് നിക്ഷേപം 36.7 ശതമാനം വളർച്ചയോടെ 101,239 കോടി രൂപയായി. സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം 37.8 ശതമാനം വർധന രേഖപ്പെടുത്തി. 186,634 കോടി. ടൈം ഡെപ്പോസിറ്റ് 346,832 കോടി രൂപയാണ് 10.3 ശതമാനം വർധന. ഇക്കാലയളവിൽ വായ്പ ഇനത്തിൽ നൽകിയത് 495,043 കോടി രൂപയാണ്. ആഭ്യന്തര റീട്ടെയ്ൽ വായ്പ ഇനത്തിൽ 17.8 ശതമാനവും ഹോൾസെയിൽ ലോൺ ഇനത്തിൽ 16.8 ശതമാനവും വർധന ഉണ്ടായി.