മുത്തൂറ്റ് കാപ്പിറ്റലിന് ഏഴു ശതമാനം ലാഭ വർധന

Posted on: January 18, 2017

കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ടൂവീലർ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് കാപ്പിറ്റൽ സർവീസ് നടപ്പ് സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ ഏഴു ശതമാനം വളർച്ചയോടെ 6.44 കോടിയുടെ മൊത്ത ലാഭം നേടി.

ടൂവീലർ വായ്പയിൽ മുത്തൂറ്റ് കാപ്പിറ്റൽ മൂന്നാം ക്വാർട്ടറിൽ 46 ശതമാനം വളർച്ചയാണ് കൈവരിച്ചത്. നോട്ട് അസാധുവാക്കലിനുശേഷം സാമ്പത്തിക റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന ആദ്യ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് കാപ്പിറ്റൽ 56,174 ടൂവീലർ വായ്പകളിലായി 270.95 കോടി രൂപയാണ് ഈ കാലയളവിൽ നൽകിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 39,644 വായപകളിലായി 186.05 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തം വായ്പ 1269 കോടിയായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 934 കോടി രൂപയായിരുന്നു. 35.9 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഡിസംബർ അവസാനിക്കുമ്പോൾ കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം 3,97,645 ആയിരുന്നു. കഴിഞ്ഞ വർഷം 3,22, 799 ആയിരുന്നു.

2016 ഡിസംബർ 31ന് അവസാനിച്ച ക്വാർട്ടറിൽ കമ്പനി 70.07 കോടി രൂപയുടെ വരുമാനം നേടി, 20.9 ശതമാനം വളർച്ച. കഴിഞ്ഞ വർഷം ഇതേ കാലത്തെ വരുമാനം 57.94 കോടി രൂപയായിരുന്നു. സാമ്പത്തിക ചെലവ് മുൻ വർഷത്തെ 22.12 കോടിയിൽ നിന്നും 26.57 കോടിയായി വർധിച്ചു. 20.1 ശതമാനം വർധന.

പണമായി സ്വീകരിക്കുന്നതിനു പകരം നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് സംവിധനം ഏർപ്പെടുത്തിയാണ് കമ്പനി നേട്ടം കൈവരിച്ചതെന്ന് മുത്തൂറ്റ് കാപ്പിറ്റൽ മാനേജിംഗ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു.

കമ്പനിയുടെ ഇ-പേയ്‌മെന്റ് സംവിധാനം കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കിയതോടെ ഇ-പേയ്‌മെന്റ് നാലിരട്ടിയാക്കി വർധിപ്പിച്ചു. നോട്ട് ആസാധുവാക്കലിലൂടെ കൂടുതൽ പേർ പണം നൽകി ടൂവീലർ വാങ്ങുന്നതിനു പകരം ഫിനാൻസിനെ ആശ്രയിക്കുന്നുവെന്നും 100 ശതമാനം തുക നൽകുന്ന സ്മാർട്ട് പ്ലസ് ഓട്ടോ വായ്പകൾക്ക് മികച്ച പ്രോത്സാഹനമാണ് ലഭിച്ചതെന്നും അദേഹം പറഞ്ഞു.

കുറഞ്ഞ പലിശ നിരക്കിൽ വനിതകൾക്കു മാത്രമായുള്ള വായ്പ പദ്ധതിക്ക് രാജ്യത്തെമ്പാടും വൻ സ്വീകരണമാണ് ലഭിച്ചതെന്നും മുത്തൂറ്റ് കാപ്പിറ്റൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആർ. മനോമോഹനൻ പറഞ്ഞു.