മിസ്ത്രിയെ നീക്കാൻ ടാറ്റാ ഗ്രൂപ്പ് ഓഹരി ഉടമകളുടെ പിന്തുണ തേടി

Posted on: December 13, 2016

tata-sons-big

കൊച്ചി : സൈറസ് മിസ്ത്രിയെ എല്ലാ ടാറ്റാ ഗ്രൂപ്പ് കമ്പനികളുടേയും ചെയർമാൻ സ്ഥാനത്തു നിന്നും ഡയറക്ടർ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാനായി കമ്പനികളുടെ അസാധാരണ പൊതുയോഗങ്ങൾ വിളിച്ചു കൂട്ടാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ടാറ്റാ സൺസ് അറിയിച്ചു. ടാറ്റാ കമ്പനികളുടെ എല്ലാ ഓഹരി ഉടമകൾക്കുമുള്ള അഭ്യർത്ഥനയിലാണ് ടാറ്റാ സൺസ് ഇക്കാര്യം അറിയിച്ചത്. സൈറസ് മിസ്ത്രിയിൽ ടാറ്റാ സൺസിനുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കിയ കാരണങ്ങളും ഈ അഭ്യർത്ഥനയിൽ വിശദമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

അസാധാരണ പൊതുയോഗങ്ങൾ ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കുമെന്നാണ് ഇതിൽ സൂചിപ്പിക്കുന്നത്. മിസ്ത്രിയെ നീക്കം ചെയ്യുന്നതിൽ ചെറുതും വലുതുമായ എല്ലാ ഓഹരി ഉടമകളുടേയും പിന്തുണയും ടാറ്റാ സൺസ് അഭ്യർത്ഥിക്കുന്നുണ്ട്. തങ്ങൾ മുന്നോട്ടു വെച്ചിട്ടുള്ള അഭ്യർത്ഥനയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തീരുമാനമെടുക്കണമെന്നും ടാറ്റാ സൺസ് ആവശ്യപ്പെട്ടു.

2011 ൽ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനായി നിയമിതനായപ്പോൾ മിസ്ത്രിയോട് തന്റെ കുടുംബ സംരംഭമായ ഷപൂർജി പല്ലോൺജി ആൻഡ് കമ്പനിയിൽ നിന്ന് അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇത് അംഗീകരിച്ച മിസ്ത്രി പിന്നീടു നിലപാടു മാറ്റിയതായും അഭ്യർത്ഥനയിൽ ചൂണ്ടിക്കാട്ടുന്നു. മിസ്ത്രി മാധ്യമങ്ങളിലൂടെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു വരുന്നത് ടാറ്റാ സൺസിനെ പ്രതികരിക്കാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്. മിസ്ത്രിയുടെ പല പ്രസ്താവനകളും ഇപ്പോഴും അദ്ദേഹം ചെയർമാനായി തുടരുന്നവ ഉൾപ്പടെ ടാറ്റാ ഗ്രൂപ്പിന്റെ പല കമ്പനികൾക്കും നഷ്ടമുണ്ടാക്കുന്നുവെന്നും അഭ്യർത്ഥനയിൽ പറഞ്ഞു.