മുത്തൂറ്റ് ഫിനാൻസിന് 70 ശതമാനം അറ്റാദായ വർധന

Posted on: November 13, 2016

muthoot-finance-logo-big

കൊച്ചി : മുത്തൂറ്റ് ഫിനാൻസ് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 297 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവൽ 175 കോടി രൂപയായിരുന്നു അറ്റാദായം. 70 ശതമാനം വർധന. ചെറുകിട വായ്പകളിൽ 1596 കോടി രൂപയുടെ വർധന കൈവരിച്ചു. ആക കൈകാര്യം ചെയ്യുന്ന ആസ്തികൾ പത്തു ശതമാനം വർധനവോടെ 27,456 കോടി രൂപയിലെത്തി.

മുത്തൂറ്റ് ഫിനാൻസിന്റെ ദീർഘകാല കടപ്പത്രങ്ങളുടെ റേറ്റിംഗ് എ.എ-/സ്റ്റേബിൾ ൽ നിന്ന് എഎ/സ്റ്റേബിൾ ആയി ഐസിആർഎ ഉയർത്തിയിട്ടുണ്ട്. ഒരു വർഷത്തിനു മുകളിൽ കാലാവധിയുള്ളവയാണ് ദീർഘകാല കടപ്പത്രങ്ങളിൽ ഉൾപ്പെടുന്നത്. ഉയർന്ന സുരക്ഷിതത്വവും വളരെ കുറഞ്ഞ നഷ്ടസാധ്യതയുമാണ് എഎ റേറ്റിംഗിലൂടെ സൂചിപ്പിക്കുന്നത്. വളരെ ശക്തമായ സുരക്ഷ ലഭ്യമാക്കുന്ന എ1+ റേറ്റിങ് നേരത്തെ തന്നെ മുത്തൂറ്റ് ഫിനാൻസിന്റെ ഹൃസ്വകാല കടപ്പത്രങ്ങൾക്ക് ഐ.സി.ആർ.എ. നൽകിയിരുന്നു.

ബെൽസ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസിന്റെ 57.16 ശതമാനം ഓഹരികൾ ഏറ്റെടുത്തതോടെ സബ്‌സിഡിയറിയായി മാറി. ബെൽസ്റ്റാറിന്റെ വായ്പകൾ 39 ശതമാനം വർധിച്ച് 399 കോടി രൂപയിലെത്തി. ഭവന വായ്പാ രംഗത്തെ സബ്‌സിഡിയറിയായ മുത്തൂറ്റ് ഹോംഫിനിൽ 28.42 കോടി രൂപ കൂടി ലഭ്യമാക്കി ഇതിലെ ഓഹരി വിഹിതം 79 ശതമാനത്തിൽ നിന്ന് 86 ശതമാനമായി ഉയർത്തി. 114 ശതമാനം വർധനവാണ് ഹോംഫിൻ വായ്പകളുടെ കാര്യത്തിൽ ഉണ്ടായി.

കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കാര്യത്തിൽ വർഷത്തിൽ 18-20 ശതമാനം വളർച്ച കൈവരിക്കാനായേക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പേമെന്റുകൾ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് പിന്തുണ നൽകുന്ന സാങ്കേതികവിദ്യാ മുന്നേറ്റങ്ങളാണ് മുത്തൂറ്റിനുള്ളത്. ഓൺലൈൻ പേമെന്റ് സംവിധാനമായ വെബ്‌പേ, മൊബൈൽ ആപ്ലിക്കേഷനായ ഐ മുത്തൂറ്റ് എന്നിവ ഇതിൽ പെടുന്നു. ഇ-കെവൈസി വെരിഫിക്കേഷൻ സംവിധാനവും ഇതോടൊപ്പമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.