ഫെഡറൽ ബാങ്കിന് 201 കോടി രൂപ അറ്റാദായം

Posted on: October 29, 2016

Federal-bank-Logo-Big

കൊച്ചി : ഫെഡറൽ ബാങ്ക് നടപ്പു സാമ്പത്തികവർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ 24.77 ശതമാനം വർധനയോടെ 201.24 കോടി രൂപ അറ്റാദായം നേടി. ഓഡിറ്റ് ചെയ്യാത്ത പ്രവർത്തനഫലങ്ങൾ അനുസരിച്ച് ബാങ്ക് 41.11 ശതമാനം വർധനയോടെ 474.93 കോടി രൂപയുടെ പ്രവർത്തനലാഭവും കൈവരിച്ചു. ആകെ വരുമാനം 24.93 ശതമാനം വർധിച്ച് 987.73 കോടി രൂപയും അറ്റപലിശ വരുമാനം 19.22 ശതമാനം വർധിച്ച് 725.24 കോടി രൂപയുമായി.

മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 21.13 ശതമാനം വളർച്ചയോടെ 1,50,986 കോടി രൂപയിലെത്തി. ആകെ വായ്പ 51,675.89 കോടിയിൽനിന്ന് 65439.31 കോടി രൂപയായി. വർധന 26.63 ശതമാനം. ആകെ നിക്ഷേപം മുൻവർഷം ഇതേ കാലയളവിലെ 73,783.20 കോടി രൂപയിൽ നിന്ന് 86,299.10 കോടി രൂപയായി.

എൻആർഇ നിക്ഷേപങ്ങൾ 19.26 ശതമാനം വളർച്ചയോടെ 32,459.20 കോടി രൂപയായി. കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകൾ 13.92 ശതമാനം ഉയർന്ന് 26,786.93 കോടി രൂപയായി. ബാങ്കിന്റെ വൻകിട വായ്പകൾ 47.01 ശതമാനം വർധിച്ച് 22,451.08 കോടിയായി. ചെറുകിട വായ്പകൾ 21.77 ശതമാനവും ഉയർന്നു. ഭവന വായ്പകൾ 13.85 ശതമാനം വർധനയോടെ 8,350.60 കോടി രൂപയായപ്പോൾ ചെറുകിട, ഇടത്തരം മേഖലകൾക്കുള്ള വായ്പ 17.01 ശതമാനം ഉയർന്ന് 16,235.37 കോടി രൂപയായി.

ഫെഡറൽ ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി ആകെ വായ്പകളുടെ 2.78 ശതമാനമെന്ന നിലയിൽ 1819.72 കോടി രൂപയും അറ്റ നിഷ്‌ക്രിയ ആസ്തി 1.61 ശതമാനമെന്ന നിലയിൽ 1039.74 കോടി രൂപയുമായതായി ബാങ്ക് അറിയിച്ചു.